'രാജ്യത്തെ ദൈവമായി കാണാനാവില്ല'; വന്ദേമാതരം ബില്ലിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
national news
'രാജ്യത്തെ ദൈവമായി കാണാനാവില്ല'; വന്ദേമാതരം ബില്ലിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
ആദർശ് എം.കെ.
Friday, 31st July 2026, 10:06 pm

ന്യൂദല്‍ഹി: വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കുന്നതും ചില പ്രത്യേക സാഹചര്യങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതുമായ പുതിയ നിയമനിര്‍മാണത്തില്‍ ചില ഭാഗങ്ങളില്‍ വിയോജിപ്പുമായി ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്.

രാജ്യത്തെ ദൈവമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും, ഇത് തങ്ങളുടെ മതവിശ്വാസത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

രാജ്യത്തോടുള്ള സ്‌നേഹവും രാജ്യത്തെ ദൈവമായി കണ്ട് ആരാധിക്കുന്നതും രണ്ടും രണ്ടാണെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരേയുള്ള കടന്നുകയറ്റമാണ് ഈ നിയമമെന്നും ജൂലൈ 31ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബോര്‍ഡ് ആരോപിച്ചു.

വന്ദേമാതരം നിര്‍ബന്ധമാക്കുന്നത് ഇന്ത്യയുടെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഭരണഘടനയുടെ അനുച്ഛേദം 19 (പ്രകടന സ്വാതന്ത്ര്യം), അനുച്ഛേദം 25 (മതസ്വാതന്ത്ര്യം) എന്നിവ ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ബോര്‍ഡ് വക്താവ് ഡോ. എസ്.ക്യു.ആര്‍. ഇല്യാസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ (മാതൃഭൂമി) ഒരു ദൈവിക സങ്കല്‍പമായി ചിത്രീകരിക്കുകയും ആരാധിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വരികള്‍ വന്ദേമാതരത്തിലുണ്ട്.

ദൈവം ഏകനാണെന്ന ഇസ്‌ലാമിലെ ‘തൗഹീദ്’ (Monotheism) വിശ്വാസത്തിന് ഇത് പൂര്‍ണമായും വിരുദ്ധമാണ്. മുസ്‌ലിങ്ങള്‍ക്ക് മാതൃഭൂമിയെ (രാജ്യത്തെ) അത്യധികം സ്‌നേഹിക്കാന്‍ കഴിയുമെങ്കിലും ഒരു ദൈവമായി കണ്ട് ആരാധിക്കാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഭരണഘടനാ നിര്‍മ്മാണ സഭ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് ദേശീയ ഗാനത്തിന് തുല്യമായി അംഗീകരിച്ചിരുന്നത്. ബാക്കി ഭാഗങ്ങളിലെ മതപരമായ സൂചനകള്‍ മതേതര ഭാരതത്തിന് അനുയോജ്യമല്ലെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടിരുന്ന കാര്യവും ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു.

ദേശീയഗാനവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ‘ബിജോ ഇമ്മാനുവല്‍’ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നത്.

സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായ ചടങ്ങുകളില്‍ പങ്കാളിയാകാതിരിക്കുന്നതും മൗനം പാലിക്കുന്നതും പ്രകടനസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, അത് അനാദരവായി കാണാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയോടുള്ള കൂറിലും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയിലുമാണ് രാജ്യസ്‌നേഹം അളക്കേണ്ടത്. നിര്‍ബന്ധിതമായി നിര്‍ദ്ദിഷ്ട പ്രകടനങ്ങള്‍ നടത്തുന്നതല്ല യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്നും ബോര്‍ഡ് വ്യക്തമാക്കി.

Content Highlight: ‘The country cannot be viewed as God’; Muslim Personal Law Board opposes Vande Mataram Bill.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.