ന്യൂദല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും പുറമേ സി.ബി.ഐ അന്വേഷണത്തിനു വിധേയരാകുന്നതില്‍ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരും. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ (എഫ്.ഐ.പി.ബി) ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണിവര്‍.
അതിനു കാരണം ഇതാണ്:
2007-ലാണ് കേസ് ആരംഭിക്കുന്നത്. അന്ന് വിദേശ നിക്ഷേപത്തിന് ക്ലിയറന്‍സ് ലഭിക്കുന്നതിനായി ഐ.എന്‍.എക്‌സ് മീഡിയ എഫ്.ഐ.പി.ബിയെ സമീപിച്ചിരുന്നു.
2017-ല്‍ പിരിച്ചുവിടുന്നതുവരെ സാമ്പത്തികകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ച എഫ്.ഐ.പി.ബിയുടെ തലവന്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്നു. കേന്ദ്രസര്‍ക്കാരിനു വിദേശ നിക്ഷേപ അനുമതികള്‍ നല്‍കുന്നത് എഫ്.ഐ.പി.ബിയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
4.6 കോടി രൂപ വരുന്ന തങ്ങളുടെ 46 ശതമാനം ഓഹരി മൂന്ന് മൗറീഷ്യസ് സ്ഥാപനങ്ങള്‍ക്കു വില്‍ക്കുക, ഐ.എന്‍.എക്‌സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡില്‍ ‘ഡൗണ്‍സ്ട്രീം നിക്ഷേപം’ നടത്തുക എന്നിവയ്ക്കാണ് ഐ.എന്‍.എക്‌സ് മീഡിയ എഫ്.ഐ.പി.ബിയോട് ക്ലിയറന്‍സ് ആവശ്യപ്പെട്ടത്.
വിദേശ നിക്ഷേപകരോടൊപ്പം ഒരു ഇന്ത്യന്‍ കമ്പനി മറ്റൊരു ഇന്ത്യന്‍ കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനെയാണ് ‘ഡൗണ്‍സ്ട്രീം നിക്ഷേപം’ അഥവാ പരോക്ഷ വിദേശ നിക്ഷേപം എന്നു പറയുന്നത്.
ഇതില്‍ ഡൗണ്‍സ്ട്രീം നിക്ഷേപത്തിനുള്ള അപേക്ഷ തള്ളിയ എഫ്.ഐ.പി.ബി, ഓഹരി വിറ്റഴിക്കാനുള്ള അപേക്ഷ 2007-ലെ ബോര്‍ഡ് യോഗത്തില്‍ അംഗീകരിച്ചു.
എന്നാല്‍ 4.62 കോടിയുടെ ഓഹരി വിറ്റഴിക്കാന്‍ മാത്രം അനുവാദമുണ്ടായിരുന്ന മുഖര്‍ജിമാര്‍, 305 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് അനധികൃതമായി സ്വന്തമാക്കിയത്.
ഇത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും ആദായ നികുതി വകുപ്പും കണ്ടെത്തി. തുടര്‍ന്ന് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിട്ടു.
അന്വേഷണ വിധേയരാകുന്ന ആറ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇവരാണ്:
ദീപക് കുമാര്‍ സിങ്
1992 ബാച്ച് ബിഹാര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. 2006 ഫെബ്രുവരി മുതല്‍ 2010 ഡിസംബര്‍ വരെ എഫ്.ഐ.പി.ബിയില്‍. ആദ്യം ഡെപ്യൂട്ടി സെക്രട്ടറിയും പിന്നീട് ഡയറക്ടറും. നിലവില്‍ ബിഹാര്‍ ലേബര്‍ റിസോഴ്‌സസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.
നിലവില്‍ ദീപക്കിനെ ഒരുവട്ടം സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്തുകഴിഞ്ഞു.
ദുവ്വുരി സുബ്ബറാവു
1972 ബാച്ചിലെ ആന്ധ്രാപ്രദേശ് കേഡര്‍ ഉദ്യോഗസ്ഥന്‍. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍. സാമ്പത്തിക കാര്യ വകുപ്പ് മുന്‍ സെക്രട്ടറി. എഫ്.ഐ.പി.ബി യൂണിറ്റില്‍ കൃത്രിമത്വം നടന്നുവെന്ന് സി.ബി.ഐയോടു വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനാണിദ്ദേഹം.
അത് അക്കാലത്ത് എഫ്.ഐ.പി.ബിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു. യൂണിറ്റില്‍ എന്തെങ്കിലും നിയമലംഘനം നടന്നാല്‍ ഡയറക്ടറോ ഡെപ്യൂട്ടി സെക്രട്ടറിയോ ആയിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
പി.കെ ബഗ്ഗ
2006 ജൂലൈയില്‍ ധനമന്ത്രാലയത്തില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ കയറി. 2012-ല്‍ വിരമിച്ചു. 2015 മാര്‍ച്ച് വരെ മന്ത്രാലയത്തില്‍ കരാറടിസ്ഥാനത്തില്‍ ക്യാപ്റ്റില്‍ മാര്‍ക്കറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൗണ്‍സ്ട്രീമിങ് നിക്ഷേപത്തെക്കുറിച്ചുള്ള അപേക്ഷയില്‍ ആദ്യ പരിശോധന നടത്തിയത് അന്നത്തെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണെന്ന് അദ്ദേഹം സി.ബി.ഐയോടു പറഞ്ഞു.
അശോക് ചൗള
മുന്‍ ധനകാര്യ സെക്രട്ടറി, വ്യോമയാന സെക്രട്ടറി, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 2018 നവംബറില്‍ യെസ് ബാങ്ക് ചെയര്‍മാനായി വിരമിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചെയര്‍മാനായി വിരമിച്ചു. സംഭവസമയത്ത് എഫ്.ഐ.പി.ബിയില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു.
സിന്ധുശ്രീ ഖുല്ലര്‍
നീതി ആയോഗ് സി.ഇ.ഒ, സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേസിലെ കൃത്രിമത്വങ്ങളില്‍ ഖുല്ലര്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ഈ വര്‍ഷം കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അവരെ വിചാരണ ചെയ്യാന്‍ അനുമതി ചോദിച്ചിരുന്നു. ഐ.എന്‍.എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ഇത്.
അനുപ് കെ. പുജാരി
കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അക്കാലത്തു ചിദംബരത്തിന്റെ കീഴിലുള്ള വകുപ്പായിരുന്നു ഇത്. ഇതുവരെ സി.ബി.ഐ ഇദ്ദേഹത്തെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല.
എന്നാല്‍ അനുപിനെ ഖുല്ലറിനൊപ്പം വിചാരണ ചെയ്യാന്‍ വിജിലന്‍സ് കമ്മീഷന്‍ അനുമതി ചോദിച്ചിരുന്നു.
ചിത്രത്തിന് കടപ്പാട്: ദ പ്രിന്റ്
ചിത്രത്തില്‍ കാണുന്നത്: ഇടതുവശത്തുനിന്ന്, ദീപക് കുമാര്‍ സിങ്, ദുവ്വുരി സുബ്ബറാവു, സിന്ധുശ്രീ ഖുല്ലര്‍, അശോക് ചൗള, അനുപ് കെ. പൂജാരി
