ന്യൂദല്‍ഹി: കോക്രോച്ചുകള്‍ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ചീഫ് ജസ്റ്റിസ് അങ്ങനെ വിളിച്ചില്ലായിരുന്നെങ്കില്‍ ഈ പ്രസ്ഥാനം ഉണ്ടാവില്ലായിരുന്നെന്നും ദീപ്‌കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം ജന്തര്‍ മന്ദറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ കോക്രോച്ചുകള്‍ എന്ന് വിളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ത്യയിലേക്ക് വരില്ലായിരുന്നു. ഈ പ്രസ്ഥാനം ആരംഭിക്കില്ലായിരുന്നു.’ ദീപ്‌കെ പറഞ്ഞു.
ഈ വര്‍ഷം മെയിലായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി ഒരു ഓണ്‍ലൈന്‍ ആക്ഷേപ ഹാസ്യ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ആരംഭിച്ചത്. പിന്നീടത് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിന് നേതൃത്വം നല്‍കിയ ജനകീയ പ്രസ്ഥാനമായി മാറുകയായിരുന്നു.
മേയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് സി.ജെ.പി ആരംഭിക്കുന്നത്. ‘തൊഴില്‍ രഹിതരായ യുവാക്കള്‍ പാറ്റയെ പോലെയാണ്,’ എന്നതായിരുന്നു ആ പരാമര്‍ശം. അത്തരത്തിലുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളോ ആയി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും സൂര്യകാന്ത് പറഞ്ഞതായി അന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുതിര്‍ന്ന പദവിക്കായി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശം. എന്നാല്‍ താന്‍ വ്യാജ നിയമ ബിരുദം നേടിയവരെക്കുറിച്ച് ഉദ്ദേശിച്ചാണ് ഈ പരാമര്‍ശം നടത്തിയതെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് അവകാശപ്പെടുകയും ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വന്നതിന് പിന്നാലെ മേയ് 16നാണ് അഭിജിത് ദീപ്‌കെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജുകള്‍ ആരംഭിച്ചത്. പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വെബ്‌സൈറ്റും ആരംഭിച്ചു.
ആദ്യ ഘട്ടത്തില്‍ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയുമായിരുന്നു സി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടല്‍. എന്നാല്‍ ജൂണ്‍ ആറിന് ജന്ദര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിലൂടെ സി.ജെ.പി ഓഫ് ലൈനിലേക്കും ഇടപെടല്‍ വ്യാപിപ്പിച്ചു.
നിലവില്‍ ജന്തര്‍ മന്ദറില്‍ നടന്ന് വരുന്ന അനിശ്ചിത കാല സമരം സി.ജെ.പി ആരംഭിച്ചത് ജൂണ്‍ 20നാണ്. ഒരു മാസം പിന്നിട്ട ഈ സമരത്തിന് പിന്തുണ വര്‍ധിക്കുകയും സമരം ശക്തമാവുകയും ചെയ്തതോടെ ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാരിന് വഴങ്ങേണ്ടി വരികയും ചെയ്തു.
Content Highlight: ‘Thanks for calling us cockroaches’: Abhijeet Dipke’s on Remarks of CJI after minister Pradhan resigns
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.