ഷിജു. ആര്‍
ഷിജു. ആര്‍
Malayala cinema
തമ്പി കണ്ണാന്തനം; അഭിനേതാവ് താരമാവുന്ന ചലച്ചിത്ര രാസവിദ്യ
ഷിജു. ആര്‍
Tuesday 2nd October 2018 7:53pm

”രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു, പ്രിന്‍സ്… രാജകുമാരന്‍, രാജാവിന്റെ മകന്‍. YES I AM A PRINCE,UNDERWORLD PRINCE അധോലോകങ്ങളുടെ രാജകുമാരന്‍…”

സാഹിത്യം വായിക്കാത്ത ലോകത്തിന്റെ സാഹിത്യമാണ് സിനിമ. കവിത വായിക്കാത്ത ലോകത്തിന്റെ കവിതയാണ് സിനിമ, വീടില്ലാത്തവന്റെ കൊട്ടാരവും പരാജയപ്പെടുന്നവന്റെ വിജയങ്ങളുമാണ് സിനിമ… സിനിമ മനുഷ്യനെ മയക്കുന്ന കറുപ്പാണ്.

ആര്‍ദ്രതയും ധാര്‍മ്മികതയും പകര്‍ന്നു തരുമ്പോഴും മിഥ്യയായ പരലോക ചിന്തയും വിധി വിശ്വാസവും വളര്‍ത്തി വ്യവസ്ഥയ്ക്ക് വഴങ്ങുന്ന മനുഷ്യനെ സൃഷടിക്കുന്നതിനാലാണ് മാര്‍ക്‌സ് മതത്തെ കറുപ്പെന്നു വിളിച്ചത്. വ്യവസായ കാലത്തിന്റെ മതമാണ് സിനിമ.

യഥാര്‍ത്ഥ ജീവിതത്തിലെ ദാരിദ്ര്യവും അടിമത്തവും അപകര്‍ഷങ്ങളും സിനിമ അതിന്റെ മാന്ത്രികവടി കൊണ്ട് സമ്പന്നതയും സൗന്ദര്യവും സന്തോഷങ്ങളുമാക്കി തെറ്റിദ്ധരിപ്പിക്കുന്നു. കാമനകളുടെ മരീചികകളില്‍ പ്രേക്ഷകരെ ദാഹാര്‍ത്തരാക്കി നടത്തുന്നു.

അതവിടെ നില്‍ക്കട്ടെ ജനപ്രിയ സിനിമകള്‍ക്കെതിരായ കുറ്റപത്രമല്ലിത്. ഇതൊക്കെയുണ്ടെങ്കിലും ഇവ മാത്രമൊന്നുമല്ല, മേല്‍ച്ചൊന്നതുപോലെ അക്ഷര ജ്ഞാനമില്ലാത്തവന്റെ പോലും ഭാവനാലോകങ്ങളും കാമനാലോകങ്ങളും കുടിപാര്‍ക്കുന്നത് സിനിമയിലാണ്. അതവന് കവിതയും ഗാനവും കനവുകള്‍ക്ക് ചിറകും നല്‍കുന്നുണ്ട്. പ്രണയിക്കാന്‍ പഠിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ പ്രതിപത്തിയില്ലെങ്കിലും എനിക്കുമുണ്ട് ജനപ്രിയ സിനിമകള്‍ ത്രസിപ്പിച്ച ഒരു കൗമാരം. കൂടൊഴിഞ്ഞു എന്നുവച്ച് ചേക്കേറിയ ഇടങ്ങളോട് നന്ദികേടരുതല്ലോ, വന്ന വഴികള്‍ മറക്കാനും. റിലീസിങ്ങ് ദിവസങ്ങളില്‍ ക്യൂവില്‍ വലിഞ്ഞുകയറി കുപ്പായക്കുടുക്കു പൊട്ടിയും ആവേശം സൃഷ്ടിച്ച സംഭാഷണങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഓല ടാക്കീസുകള്‍ക്കു ചുറ്റുമലഞ്ഞ് ഹൃദിസ്ഥമാക്കിയും പിന്നിട്ട കൗമാരം.

രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍

കശുവണ്ടിയും അടക്കയും പെറുക്കി വിറ്റും ഇലമുറിച്ച് ഹോട്ടലുകളെത്തിച്ചും കിട്ടുന്ന കാശു മുഴുവന്‍ തിയറ്ററുകളിലെത്തിച്ച കാലം. ആ കാലത്ത് ചില കൂട്ടുകാര്‍ ശരീരം അല്പം ചെരിച്ച് താടി ഉന്തിച്ച് മൂക്കിലൂടെ പറയാറുള്ള ഡയലോഗുകളില്‍ ഒന്നാണ് മേലെക്കൊടുത്തത്. രാജാവിന്റെ മകന്‍ എന്ന ഹിറ്റ് സിനിമയിലെ സംഭാഷണമാണിതെന്ന് അറിയാത്തവരുണ്ടാവില്ല.

ക്ഷമിക്കണം..! തമ്പി കണ്ണന്താനത്തെക്കുറിച്ചാണ് തുടങ്ങിയത്. പറഞ്ഞു പറഞ്ഞത് ഞങ്ങളുടെ തലമുറയെക്കുറിച്ചായിപ്പോയി. ക്ഷമിക്കുക…

കണ്ണന്താനത്തെക്കുറിച്ചെന്താണ് പറയുക ? കയ്യില്‍ ചോരക്കറയുള്ള മരണം മണക്കുന്ന വഴികളിലൂടെ വരുന്ന അദ്ദേഹത്തിന്റെ നായകരെക്കുറിച്ചോ ? അതോ കല്ലില്‍ കന്മദമെന്ന പോലെ അവരിലവശേഷിക്കുന്ന നന്മകളെക്കുറിച്ചോ..?

പാപത്തിന്റെ ശമ്പളം മരണമെന്ന വാക്യം ഓര്‍മ്മിപ്പിക്കും പോലെ പുതിയ ജീവിതം വച്ചു നീട്ടി അവരെ തട്ടിയെടുത്ത കാലത്തിന്റെ ക്രൗര്യമോ? അവരില്ലാതാവുമ്പോള്‍ അനാഥമാവുന്ന ഇതര കഥാപാത്ര ജീവിതങ്ങളെക്കുറിച്ചോ? വലിയ ആള്‍ക്കൂട്ടങ്ങള്‍, ഐറ്റം ഡാന്‍സുകള്‍, സംഘട്ടനങ്ങള്‍, സസ്‌പെന്‍സുകള്‍, അതിവൈകാരിക രംഗങ്ങള്‍.

സമഗ്രമായ റെസിപ്പിയായിരുന്നു ആ സിനിമയുടേത്. ആ തിരക്കഥകളുടേയും സംവിധാനമികവിന്റെയും പടികള്‍ കൂടി ചവിട്ടിയാണ് വെറും നടന്മാര്‍ താരങ്ങളും താരരാജാക്കന്മാരുമായത്. അവര്‍ക്ക് ഫാന്‍സ് അസോസിയേഷനുകളുണ്ടായത്.

‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ ഒരു രംഗം

പക്ഷേ താരവെളിച്ചം മാത്രം കാണുന ആരാധക സമൂഹം ആ താരപ്രഭയ്ക്കു പിന്നിലെ ഭാവനാ സ്രോതസ്സുകളെ ഓര്‍ക്കാറില്ല. ഒരിക്കല്‍ പിന്നിട്ട കാമനാലോകങ്ങളുടെ കല്പടവുകളിലേക്ക് ഞാന്‍ ഒന്നു കൂടിത്തിരിഞ്ഞു നോക്കുന്നു . അവിടെ തമ്പി കണ്ണാന്തനവും അദ്ദേഹത്തിന്റെ സിനിമകളുമുണ്ട്.

WATCH THIS VIDEO:

ഷിജു. ആര്‍
Advertisement