ദിവസവും കള്ളം പറയുക; അത് ആവര്‍ത്തിക്കുക; രാഹുല്‍ പുതിയൊരു പാരമ്പര്യം തുടങ്ങിയിരിക്കുയാണ്: അമിത് ഷാ
India
ദിവസവും കള്ളം പറയുക; അത് ആവര്‍ത്തിക്കുക; രാഹുല്‍ പുതിയൊരു പാരമ്പര്യം തുടങ്ങിയിരിക്കുയാണ്: അമിത് ഷാ
അനിത സി
Saturday, 14th February 2026, 4:33 pm

ന്യൂദല്‍ഹി: കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും കള്ളം പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

യു.എസുമായി രാജ്യം ഒപ്പുവെച്ച വ്യാപാര കരാറിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

ഈയടുത്തായി രാജ്യം ഒപ്പുവെച്ച വ്യാപാര കരാറുകളില്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചിട്ടുണ്ടെന്നും അമിത് ഷാ പുതുച്ചേരിയിലെ ബി.ജെ.പി റാലിയെ അഭിസംബോധന സംസാരിക്കവെ പറഞ്ഞു.

രാഹുല്‍ ഗാന്ധി ദിവസവും നുണപറയുന്ന ഒരു പാരമ്പര്യം തുടങ്ങിവെച്ചിരിക്കുകയാണ്. ഉറക്കെ നുണ പറയുക, അടുത്തദിവസം ആ നുണ ആവര്‍ത്തിക്കുക അതാണ് രാഹുലിന്റെ നയം. എന്നാല്‍ അവരുടെ നുണ നിര്‍മാണ ഫാക്ടറികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അമിത് ഷാ ആരോപിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരുടെ സംരക്ഷണം 100 ശതമാനം ഉറപ്പാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങ് ഭരിച്ചിരുന്ന യു.പി.എ കാലത്ത് കര്‍ഷകരുടെ താത്പര്യങ്ങള്‍ വിറ്റഴിക്കപ്പെട്ടെന്നും അമിത് ഷാ ആരോപിച്ചു.

അതേസമയം, തനിക്കെതിരെ നിയമനടപടികളെടുത്താലും അവകാശലംഘന നോട്ടീസ് നല്‍കിയാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

വെള്ളിയാഴ്ച പാര്‍ലമെന്റ് കോംപ്ലക്‌സില്‍ വെച്ച് രാജ്യത്തെ കര്‍ഷകരുടെ സംഘടനകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

യോഗത്തില്‍ ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ പ്രതികരിച്ചിരുന്നു. ചോളം, സോയാബീന്‍, പരുത്തി, പഴങ്ങള്‍, പരിപ്പ് തുടങ്ങിയവ കൃഷി ചെയ്യുന്നവരുടെ ആശങ്കകള്‍ സംഘടനാ നേതാക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: Tell lies every day; repeat it; Rahul is starting a new tradition: Amit Shah

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍