[] ആലപ്പുഴ: വനിതാ പോലീസുകാരിയുടെ ഭര്‍ത്താവില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ആവശ്യപ്പെട്ടതിന് 17കാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏറ്റതായി പരാതി. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റ തിരുവമ്പാടി സ്വദേശി അരുണ്‍കുമാര്‍് ആശുപത്രിയിലായത്.

സംഭവത്തെ തുടര്‍ന്ന് എസ്.ഐ കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് നടപടി. തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ അരുണ്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്രതടസ്സവും ഉണ്ട്. ആലപ്പുഴ കടപ്പുറത്ത് വണ്ടി പാര്‍ക്ക് ചെയ്തതിന് ഫീസ് ആവശ്യപ്പെട്ട അരുണിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. എസ്.ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മര്‍ദ്ദിച്ചത്.

വനിതാപോലീസുകാരി ജസീത അരുണിന്റെ കരണത്തടിക്കുകയും ചെയ്‌തെന്ന് ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് കുറ്റം ചെയ്തവരെ സസ്പന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അരുണ്‍കുമാറിന്റെ അമ്മ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന്  ജി. സുധാകരന്‍ എം.എല്‍.എയും രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു.