ti inn

ടാറ്റയുടെ ഏറെ ജനപ്രീതിയാര്‍ജിച്ച ഇന്‍ഡിക്കയുടെ പകരക്കാരനായി എത്തുന്ന പുതിയ ഹാച്ച്ബാക്ക് വാഹനം ടാറ്റ ടിയാഗോ വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള കാറിന്റെ പെട്രോള്‍ മോഡലിന് 3.20 ലക്ഷം രൂപ മുതല്‍ 4.75 ലക്ഷം രൂപവരെയും, ഡീസല്‍ മോഡലിന് 3.94 ലക്ഷം മുതല്‍ 5.54 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹി എക്‌സ്‌ഷോറും വിലകള്‍.

tiago inter

മാരുതി സുസുക്കി സെലേറിയൊ, ഹ്യുണ്ടായ് ഐ 10 എന്നിവയായിരിക്കും ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന കോംപാക്ട് ഹാച്ച്ബാക്കായ ടിയാഗോയുടെ എതിരാളികള്‍. നേരത്തെ സിക്ക എന്ന പേരായിരുന്നു വാഹനത്തിന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുരുതര ജന്മ വൈകല്യങ്ങള്‍ക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായി അമേരിക്കയില്‍ പകര്‍ച്ചവ്യാധി ഭീതി സൃഷ്ടിച്ച വൈറസിനും ഇതേ പേരു വന്നതോടെ ഇത് വില്‍പ്പനയെ ബാധിക്കുമെന്ന് കരുതി ടാറ്റ മോട്ടോഴ്‌സ് വാഹനത്തിന്റെ പേരുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

എന്‍ട്രി ലെവല്‍ വാഹനമായ നാനോയ്ക്കും ഹാച്ച്ബാക്കായ ബോള്‍ട്ടിനുമിടയിലാണു ടാറ്റ മോട്ടോഴ്‌സ് ടിയാഗോയുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഇടത്തരം ഹാച്ച്ബാക്കായ ഇന്‍ഡിക്കയ്ക്ക് അടിത്തറയാകുന്ന എക്‌സ് സീറോ പ്ലാറ്റ്‌ഫോമിലാണ് ടിയാഗോയുടെ നിര്‍മ്മാണം. മാത്രമല്ല ഇന്‍ഡിക്കയുടെ പെഡല്‍ബോക്‌സും ഫയര്‍വാളും പോലുള്ള ഘടകങ്ങള്‍ ടിയാഗോയിലും ടാറ്റ മോട്ടോഴ്‌സ് ഉപയോഗിച്ചിട്ടുണ്ട്.

tiago

ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പുത്തന്‍ ശ്രേണിയിലേക്കാണ് ടിയാഗോ കടന്നു വരുന്നത്. ഈ കാറിനു കരുത്തേകാന്‍ പുത്തന്‍ എന്‍ജിന്‍ ശ്രേണിയും കമ്പനി അവതരിപ്പിക്കുന്നുണ്ട്: 1.2 ലീറ്റര്‍, മൂന്നു സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോളും 1.05 ലീറ്റര്‍, മൂന്നു സിലിണ്ടര്‍ റെവോടോര്‍ക് ഡീസലും. ടാറ്റ ബോള്‍ട്ടിലും ഉപയോഗിച്ചിരിക്കുന്ന ഈ പെട്രോള്‍ എന്‍ജിന് പരമാവധി 83.8 ബി.എച്ച്.പി വരെയും ഡീസല്‍ എന്‍ജിന് പരമാവധി 69 ബി.എച്ച്.പി വരെയും കരുത്ത് സൃഷ്ടിക്കാനാവും.