ഇന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് എല്ലാ തരത്തിലും മുന്നിട്ട് നിന്ന ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. താരബാഹുല്യം കൊണ്ടും മികച്ച കണ്ടന്റുകള്‍ കൊണ്ടും മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ തമിഴ് സിനിമ മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിക്ക് കഷ്ടകാലമാണ്. മറ്റ് ഇന്‍ഡസ്ട്രികള്‍ ബഹുദൂരം മുന്നോട്ട് പോയപ്പോള്‍ തമിഴ് സിനിമ വലിയ പ്രതിസന്ധിയിലാണ്.

സൂപ്പര്‍താരങ്ങളുടെ വമ്പന്‍ സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയത് പ്രേക്ഷകരെ പാടെ നിരാശരാക്കിയിരിക്കുകയാണ്. അതിന് പുറമെ ടോപ് താരങ്ങളുടെ നിലവിലെ അവസ്ഥയും ചര്‍ച്ചയാണ്. തമിഴിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ് സിനിമാജീവിതം പാടെ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ശോഭിക്കുകയാണ്. അജിത് സിനിമയെ ഏറെക്കുറെ ഉപേക്ഷിച്ച് റേസില്‍ ശ്രദ്ധ നല്‍കുകയാണ്.

ഇന്‍ഡസ്ട്രിയില്‍ ചലനമുണ്ടാക്കുമെന്ന് കരുതിയ സിനിമകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിജയ് നായകനായ ജന നായകന്റെ റിലീസ് മുടങ്ങിയതാണ് ഇതില്‍ പ്രധാനം. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് കറുപ്പും വന്നിരിക്കുകയാണ്. ഒരു വര്‍ഷത്തോളമായി സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്ന കറുപ്പ് ഇന്ന് റിലീസ് ചെയ്യേണ്ടതായിരുന്നു.

എന്നാല്‍ നിര്‍മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അവസാനനിമിഷം ഷോ ക്യാന്‍സലായത് പ്രതിസന്ധിയുടെ ആഴം കൂട്ടി. രാവിലെ ഒമ്പത് മണിക്ക് ആര്‍പ്പും ആരവവുമായി എത്തിയ ആരാധകര്‍ അറിഞ്ഞത് ഷോ ക്യാന്‍സലായെന്ന വാര്‍ത്തയാണ്. ഉച്ചക്ക് മുമ്പ് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. നാളെയെങ്കിലും ചിത്രം റിലീസാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

കറുപ്പിന്റേത് നിര്‍മാതാവ് കാരണമുള്ള പ്രതിസന്ധിയാണെങ്കില്‍ ജന നായകന്റേത് രാഷ്ട്രീയ പ്രശ്‌നങ്ങളാണ്. തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആശയങ്ങള്‍ നിറച്ചുവെച്ച ചിത്രം ഇപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ ചുവപ്പുനാടയിലാണ്. സമൂഹത്തിലെ മതമൈത്രി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെടുന്നത്.

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ആഘോഷത്തോടെ സിനിമകള്‍ റിലീസ് ചെയ്യുന്ന താരങ്ങളാണ് വിജയ്‌യും സൂര്യയും. എന്നാല്‍ ഇരുവരുടെയും സിനിമകള്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ആരാധകരെ നിരാശരാക്കുകയാണ്. വല്ലപ്പോഴും ഹിറ്റുകള്‍ സമ്മാനിക്കുന്ന രജിനികാന്ത്, കമല്‍ ഹാസന്‍ എന്നിവരുടെ തോളിലേറി തമിഴ് സിനിമ എത്രകാലം സഞ്ചരിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Tamil Cinema going through  a difficult time after the postponement of Karuppu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ