അടിച്ചത് വെറും 20 റണ്‍സ്; സ്വന്തമാക്കിയതോ സൂപ്പര്‍ മൈല്‍സ്റ്റോണും!
T20 World Cup 2026
അടിച്ചത് വെറും 20 റണ്‍സ്; സ്വന്തമാക്കിയതോ സൂപ്പര്‍ മൈല്‍സ്റ്റോണും!
ഫസീഹ പി.സി.
Saturday, 14th February 2026, 10:02 pm

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പ്രോട്ടിയാസ് മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തിട്ടുണ്ട്.

26 പന്തില്‍ 64 റണ്‍സെടുത്ത ഏയ്ഡന്‍ മര്‍ക്രമും ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസിലുള്ളത്. റിയാന്‍ റിക്കില്‍ട്ടണിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. റിക്കില്‍ട്ടണ്‍ 14 പന്തില്‍ 20 റണ്‍സുമായാണ് മടങ്ങിയത്.

ക്വിന്റണ്‍ ഡി കോക്ക്. Photo: Proteas Men/x.com

ഡി കോക്ക് 14 പന്തില്‍ 20 റണ്‍സുമായാണ് തിരികെ നടന്നത്. വലിയ പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചില്ലെങ്കിലും ടി – 20 ഒരു മൈല്‍സ്റ്റോണ്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. അന്താരാഷ്ട്ര ടി – 20 യില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

ഒപ്പം ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട് 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ഡി കോക്ക് സ്വന്തമാക്കി. 2106 പന്തുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് ചേര്‍ത്തത്. മുന്‍ ഓസീസ് നായകന്‍ ഡേവിഡ് വാര്‍ണറെ മറികടന്നാണ് താരത്തിന്റെ ഈ മുന്നേറ്റം.

ടി – 20 യില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ (പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – ടീം – നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 1822

മുഹമ്മദ് വസീം – യു.എ.ഇ – 1947

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2068

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 2078

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 2106

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 2113

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനായി മികച്ച പ്രകടനം നടത്തിയത് മാര്‍ക്ക് ചാപ്മാനാണ്. താരം 26 പന്തില്‍ 48 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഡാരില്‍ മിച്ചല്‍ 24 പന്തില്‍ 32 റണ്‍സും ഫിന്‍ അലന്‍ 17 പന്തില്‍ 31 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇവര്‍ക്കൊപ്പം 15 പന്തില്‍ 23 റണ്‍സുമായി ജെയിംസ് നീഷം പുറത്താവാതെ നിന്നു. ഇവരുടെ കരുത്തില്‍ ടീമിന് ഏഴ് വിക്കറ്റിന് 175 റണ്‍സ് എന്ന നിലയില്‍ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.

സൗത്ത് ആഫ്രിക്കക്കായി ബൗളിങ്ങില്‍ തിളങ്ങിയത് മാര്‍ക്കോ യാന്‍സെനാണ്. താരം നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഒപ്പം കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ നേടി.

 

Content Highlight: T20 World Cup 2026: Quinton De Cock completed 3000 runs in T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി