തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം കൈവരിച്ചിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് വള്ളിക്കുന്ന് നിയുക്ത എം.എല്‍.എ ടി.വി. ഇബ്രാഹിം.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നത് ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന്റെ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങി. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയും അസ്വസ്ഥതയുമുണ്ട്.
ജനങ്ങളോട് എന്ത് മറുപടി പറയും എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഇത്രയധികം ട്രോളുകള്‍ വന്നിട്ടും തീരുമാനമായില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം,’ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
സംസ്ഥാന കോണ്‍ഗ്രസിലെ വിഭാഗീയതയും പോരും അടങ്ങിയ ശേഷം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് ഉള്ളതെങ്കിലും, അന്തിമ തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
Content Highlight: T.V. Ibrahim MLA criticizes the delay in the Chief Minister’s announcement