ലണ്ടന്‍: കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ യു.കെയിലെ ലിങ്കണ്‍ഷെയര്‍ പാര്‍ക്കിലേക്ക് അഞ്ച് ആഫ്രിക്കന്‍ തത്തകളെ കൊണ്ടു വന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കാനായിരുന്നു. എന്നാല്‍ ഈ തത്തകളെ കൊണ്ട് തങ്ങളുടെ സന്ദര്‍ശകര്‍ കുറയുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ പാര്‍ക്ക് അധികൃതര്‍.

കൊണ്ടു വന്ന അഞ്ച് തത്തകളും ആരെയങ്കിലും കാണുമ്പോള്‍ മുതല്‍ മോശപ്പെട്ട വാക്കുകള്‍ പറയാനും കമന്റടിക്കാനും തുടങ്ങും. ഒരു തത്ത പറയുമ്പോള്‍ മറ്റൊരു തത്ത ഇത് കേട്ട് കളിയാക്കി ചിരിക്കും. കേള്‍ക്കുന്നവര്‍ എന്തെങ്കിലും പ്രതികരണം നടത്തിയാല്‍ തത്തകള്‍ ഇതൊരു പ്രോത്സാഹനമായെടുത്ത് വാക്കുകള്‍ ഒന്നു കൂടി കടുപ്പിക്കും.

ഒടുവില്‍ സഹികെട്ട പാര്‍ക്ക് അധികൃതര്‍ ഈ തത്തകളെ സന്ദര്‍ശകര്‍ക്ക് കാണാനാവാത്ത വിധം മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ അവിടെയും അധികൃതര്‍ക്ക് ആശങ്കയുണ്ട്.

‘ അവ വേറെ വാക്കുകള്‍ പഠിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഈ തത്തകള്‍ തങ്ങളുടെ ഭാഷാ പ്രയോഗം അവിടെയുള്ള മറ്റു തത്തകളെ കൂടി പഠിപ്പിച്ചാല്‍ പാര്‍ക്കിലുള്ള 250 തത്തകള്‍ കൂട്ടമായി മോശം വാക്കുകള്‍ ഉപയോഗിക്കുന്നതിലേക്ക് നയിക്കും. എന്താകുമെന്ന് എനിക്കറിയില്ല,’ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് നിക്കോള്‍സ് ബി.ബി.സിയോട് പറയുന്നു.

ചില സന്ദര്‍ശകര്‍ ഇതൊരു തമാശയായി എടുക്കുമെങ്കിലും വാരാന്ത്യങ്ങളില്‍ പാര്‍ക്കില്‍ കൂടുതലായി കുട്ടികളെത്തും. കുട്ടികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കാനിടയുള്ള സാഹചര്യത്തിലാണ് തത്തകളെ മാറ്റിപാര്‍പ്പിക്കുന്നത്.

ഈ പാര്‍ക്കിലെ തത്തകള്‍ ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചികോ എന്നു പേരുള്ള ഒരു തത്ത അമേരിക്കന്‍ ഗായിക ബിയോണ്‍സിന്റെ ‘ഈഫ് ഐ വെര്‍ എ ബോയ്’ എന്ന ഗാനം പാടിയത് വന്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ ഈ തത്ത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ