അമ്മ മനസ് തങ്ക മനസ് പോലത്തെ ടൈപ്പല്ല ബാലനിലെ അമ്മ, അവരുടെ തീം മ്യൂസിക് ഉണ്ടാക്കാന്‍ കുറച്ചധികം പാടുപെട്ടു: സുഷിന്‍ ശ്യാം
Malayalam Cinema
അമ്മ മനസ് തങ്ക മനസ് പോലത്തെ ടൈപ്പല്ല ബാലനിലെ അമ്മ, അവരുടെ തീം മ്യൂസിക് ഉണ്ടാക്കാന്‍ കുറച്ചധികം പാടുപെട്ടു: സുഷിന്‍ ശ്യാം
അമര്‍നാഥ് എം.
Friday, 26th June 2026, 10:19 pm

ചുരുങ്ങിയ സമയം കൊണ്ട് മോളിവുഡിലെ ടോപ് മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി തന്റേതായ രീതിയില്‍ സുഷിന്‍ ഒരുക്കുന്ന പാട്ടുകള്‍ പലരുടെയും ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു. രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സുഷിനെ തേടിയെത്തിയിട്ടുണ്ട്.

ഒരിടവേളക്ക് ശേഷം സുഷിന്‍ വീണ്ടും സംഗീതലോകത്ത് സജീവമാവുകയാണ്. ബോഗെയ്ന്‍വില്ലക്ക് ശേഷം ഒരു വര്‍ഷത്തോളം ബ്രേക്കെടുത്ത സുഷിന്‍ പേട്രിയറ്റിലൂടെയാണ് തിരിച്ചുവന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ബാലനിലും പ്രധാന ആകര്‍ഷണം സുഷിന്‍ ഒരുക്കിയ സംഗീതമാണ്. ബാലനിലെ പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്‌കോറും ഇതിനോടകം പലരുടെയും ഫേവറെറ്റായി മാറിക്കഴിഞ്ഞു.

ഈയടുത്ത് ചെയ്തതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് ബാലനെന്ന് പറയുകയാണ് സുഷിന്‍ ശ്യാം. കഥാപാത്രങ്ങളുടെ മൂഡിനനുസരിച്ച് ബി.ജി.എം ഒരുക്കുക എന്നതായിരുന്നു ഏറ്റവും വലിയ ചാലഞ്ചെന്നും പല സമയത്തും താന്‍ ബ്ലാങ്കായിരുന്നെന്നും സുഷിന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഈ പടത്തില്‍ ഓരോ ക്യാരക്ടറിന്റെയും മൂഡിനനുസരിച്ച് മ്യൂസിക് കൊടുക്കുക എന്നത് ചാലഞ്ചായിരുന്നു. അതില്‍ തന്നെ ഏറ്റവും ചലഞ്ചായത് അമ്മയുടെ സീനിലാണ്. കാരണം, ഇതുവരെ നമ്മള്‍ കണ്ടുശീലിച്ച അമ്മയല്ല ഈ പടത്തില്‍. നമ്മളൊക്കെ കണ്ടിട്ടുള്ള ‘അമ്മ മനസ് തങ്ക മനസ്’ അമ്മയല്ല. ഒരു സൈഡില്‍ നിന്ന് നോക്കുമ്പോള്‍ അവരെ ടോക്‌സിക്കായിട്ട് തോന്നും.

ബാലന്‍ Photo: Screen Grab/ Zee Music

അതേസമയം മകന്റെയും തന്റെയും ഇടയില്‍ മറ്റൊരാള്‍ വരരുതെന്ന് ആഗ്രഹിക്കുന്ന, മകനെ എല്ലാരീതിയിലും പ്രൊട്ടക്ട് ചെയ്യുന്ന ഒരു അമ്മയാണ് അവര്‍. ഈയൊരു ഇമോഷന്‍ മ്യൂസിക്കിലും കിട്ടണം. അതിന് ഒരുപാട് സമയമെടുത്തു. കുറച്ച് ഹൊറര്‍ ടച്ചൊക്കെ ഇതിന് വേണ്ടി കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്,’ സുഷിന്‍ ശ്യാം പറയുന്നു.

ജിത്തു മാധവനൊപ്പമുള്ള സൂര്യ 47 ആണ് സുഷിന്റെ അടുത്ത പ്രൊജക്ട്. ആവേശത്തിന് ശേഷം ജിത്തുവുമായി ഒന്നിക്കുകയാണെന്നും ആവേശത്തിന്റെ ഫ്‌ളേവര്‍ വരാതിരിക്കാന്‍ നോക്കുകയാണ് ഈ പ്രൊജക്ടിലെ ചാലഞ്ചെന്നും സുഷിന്‍ പറഞ്ഞു. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന എല്‍ ക്ലാസിക്കോയും പ്രതീക്ഷയുള്ള പ്രൊജക്ടാണെന്ന് സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sushin Shyam about the challenges he faced during Balan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം