എട്ട് തവണയും പരാജയം തന്നെ... ഇത്തവണയെങ്കിലും പാകിസ്ഥാനെതിരെ സൂര്യനുദിക്കുമോ?
Cricket
എട്ട് തവണയും പരാജയം തന്നെ... ഇത്തവണയെങ്കിലും പാകിസ്ഥാനെതിരെ സൂര്യനുദിക്കുമോ?
ശ്രീരാഗ് പാറക്കല്‍
Sunday, 15th February 2026, 8:58 am

2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്ന് (ഫെബ്രുവരി 15ന്) കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുകയെന്നാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ

മത്സരത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആരാധകരുടെ ആശങ്കയ്ക്ക് ഒരു വലിയ കാരണവുമുണ്ട്. ഐ.സി.സി ഇവന്റില്‍ പാകിസ്ഥാനെതിരെ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. 2021 മുതല്‍ പാകിസ്ഥാനെതിരെ എട്ട് ഇന്നിങ്‌സില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. 16 എന്ന മോശം ആവറേജിനൊപ്പം 113.1 എന്ന സ്‌ട്രൈക്ക് റേറ്റാണ് പാകിസ്ഥാനെതിരെ സൂര്യയ്ക്കുള്ളത്.

ഈ കാലയളവില്‍ പാകിസ്ഥാന്റെ 99 പന്തുകളാണ് സൂര്യ നേരിട്ടത്. 43.4 ശതമാനമാണ് പാകിസ്ഥാനെതിരെ താരത്തിന്റെ ഡോട്ട് ബോള്‍ പേര്‍സന്റേജ്. എട്ട് ഇന്നിങ്‌സില്‍ ഏഴ് തവണയും സൂര്യ പുറത്തായിരുന്നു.

2021ലെ ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ നിന്ന് 11 റണ്‍സാണ് സൂര്യ നേടിയത്. 2022 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മൂന്ന് ഇന്നിങ്‌സ് കളിച്ച താരം 46 റണ്‍സാണ് നേടിയത്. 2024ലെ ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. 2025ലെ ഏഷ്യാ കപ്പില്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 48 റണ്‍സും സൂര്യ നേടി.

ഇതുവരെ പാകിസ്ഥാനെതിരെ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിക്കാത്ത സൂര്യയുടെ പ്രകടനം ഇത്തവണ ഏറെ നിര്‍ണായകമാണ്. മാത്രമല്ല ഇത്തവണ ക്യാപ്റ്റന്‍ എന്ന നിലയിലും സൂര്യയ്ക്ക് സമ്മര്‍ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതേസമയം ടി-20യില്‍ സര്‍വാധിപത്യം തുടരുന്ന ഇന്ത്യയെ നേടിരാന്‍ പാകിസ്ഥാന്‍ ഭയക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 16 ടി-20 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ 13 എണ്ണത്തിലും വിജയം സ്വന്തമാക്കിയത് ഇന്ത്യയാണ്. മൂന്ന് വിജയം മാത്രമാണ് പാകിസ്ഥാന് നേടാനായത്. ഇത്തവണയും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

Content Highlight: Suryakumar Yadav had a poor performance in the T20 matches against Pakistan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ