മലയാളികള്‍ക്കേറ്റവും പ്രിയപ്പെട്ട അന്യഭാഷ നടന്മാരിലൊരാളാണ് സൂര്യ. വിജയിക്കും രജിനിക്കും ശേഷം നിലവില്‍ കേരളത്തില്‍ വലിയ സ്വാധീനമുള്ള താരം, അടുത്തിടെ പുറത്തിറങ്ങിയ കറുപ്പ് എന്ന ചിത്രത്തിലൂടെ വലിയ ഓളമായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ സൃഷ്ടിച്ചത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ ബോക്‌സ് ഓഫീസിലെ പരാജയത്തുടര്‍ച്ച അവസാനിപ്പിച്ച് കൊണ്ടായിരുന്നു കറുപ്പുമായി സൂര്യ തിയേറ്റര്‍ വിട്ടത്. ഓഗസ്റ്റ് 14ന് പുറത്തിറങ്ങാനിരിക്കുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിലൂടെ മറ്റൊരു ഹിറ്റ് അടിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സൂര്യ.
ദുല്‍ഖര്‍ ചിത്രമായ ലക്കി ഭാസ്‌കറിന്റെ സംവിധായകന്‍ വെങ്കി അത്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത് മമിത ബൈജുവാണ്. ചിത്രത്തിന്റെതായി പുറത്തുവന്ന അപ്‌ഡേഷനുകള്‍ക്കെല്ലാം തന്നെ വലിയ സ്വീകര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടന്ന ചിത്രത്തിന്റെ ഗ്രാന്‍ഡ് പ്രൊമോഷന്‍ ഇവന്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പരിപാടിയില്‍ സംസാരിക്കവെ ഓണത്തിന് ക്ലാഷ് റിലീസിനെത്തുന്ന മലയാളത്തിലെ താരങ്ങള്‍ക്ക് ആശംസ അറിയിക്കുന്ന സൂര്യയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ക്കാണ് താരം വിജയാശംസ അറിയിച്ചത്. വിശ്വാനാഥ് ആന്‍ഡ് സണ്‍സ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നുണ്ട്. വമ്പന്‍ സ്‌കെയിലില്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ഖലീഫയും ഐ ആം ഗെയിമും ഒപ്പം റോം-കോം ഴോണറില്‍ ബെത്‌ലഹേം കുടുംബയൂണിറ്റുമാണ് ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്നത്.
‘വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനൊപ്പം എനിക്ക് ഒരുപാട് ഫേവറിറ്റായ പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍ പോളി തുടങ്ങിയവരുടെ ചിത്രങ്ങളും റിലീസാകുന്നുണ്ട്. അവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ പ്രത്യേകതയെന്തെന്നാല്‍ ഏത് ഴോണറിലുള്ള ചിത്രമായിരുന്നാലും അതിന്റെ കോര്‍ ഒരു ഹ്യൂമന്‍ ഇമോഷനമായിരിക്കും. എല്ലാ ചിത്രങ്ങളിലും അത്രയും മനോഹരമായിട്ടാണ് ആ ഇമോഷന്‍ അവര്‍ കണ്‍വേ ചെയ്യുന്നത്.
നമ്മുടെ മനസിലെ വേദനയായാലും സന്തോഷമായാലും പോരാട്ടമായാലും അത് വളരെ നന്നായി ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തും. അതിന് ഭാഷയോ കാസ്‌റ്റോ ഒന്നും ആവശ്യമില്ല. അതുപോലെ മനോഹരമായ നിമിഷങ്ങള്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിലുമുണ്ട്. വാരണം ആയിരത്തിലെയും ഗജിനിയിലെയും പോലെ പല മൊമന്റുകളും ഈ ചിത്രത്തിലുമുണ്ട്,’ സൂര്യ പറഞ്ഞു.
Content Highlight: Suriya Extends his wish to Prithviraj, Nivin Pauly and Dulquer Salmaan for their upcoming release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.