പല്ല് തേക്കാനുള്ള ബ്രഷ് പോലും മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കുന്ന കാരണവരില്‍ നിന്ന് പ്രോഗ്രസീവ് അപ്പൂപ്പനിലേക്ക്, മധുവിധുവില്‍ തിളങ്ങി സുരേഷ് ബാബു
Malayalam Cinema
പല്ല് തേക്കാനുള്ള ബ്രഷ് പോലും മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കുന്ന കാരണവരില്‍ നിന്ന് പ്രോഗ്രസീവ് അപ്പൂപ്പനിലേക്ക്, മധുവിധുവില്‍ തിളങ്ങി സുരേഷ് ബാബു
അമര്‍നാഥ് എം.
Tuesday, 26th May 2026, 4:20 pm

 

ചുരുക്കം സിനിമകള്‍ കൊണ്ട് മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കുകയാണ് ഷറഫുദ്ദീന്‍. കോമഡി താരമായി സിനിമയിലേക്കെത്തിയ ഷറഫുദ്ദീന്‍ പിന്നീട് വില്ലനായും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായും ഞെട്ടിച്ചിട്ടുണ്ട്. നായകനായി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ സ്റ്റാറ്റസും സ്വന്തമാക്കിയതോടെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം ഷറഫുദ്ദീന്‍ സ്വന്തമാക്കി.

ഷറഫുദ്ദീന്‍ നായകനായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മധുവിധു. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയായി ഒരുങ്ങിയ ചിത്രം തിയേറ്ററില്‍ ഭേദപ്പെട്ട വിജയമായിരുന്നു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മികച്ച അഭിപ്രായമാണ് ഒ.ടി.ടിയിലും ചിത്രം സ്വന്തമാക്കുന്നത്. പെണ്ണുങ്ങള്‍ വാഴാത്ത ആഞ്ഞിലിമൂട്ടില്‍ തറവാടിന്റെ കഥയാണ് മധുവിധു പറയുന്നത്.

മധുവിധു Photo: Theatrical poster

അഞ്ച് ആണുങ്ങള്‍ മാത്രം താമസിക്കുന്ന ഈ തറവാട്ടിലെ അമൃത് രാജ് എന്ന പയ്യന്‍ തന്റെ കല്യാണം നടത്താന്‍ ശ്രമിക്കുന്ന കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നായകനായ ഷറഫുദ്ദീനൊപ്പം അസീസ് നെടുമങ്ങാട്, ജഗദീഷ് എന്നിവരുടെ മികച്ച പെര്‍ഫോമന്‍സും ചിത്രത്തിന്റെ പോസിറ്റീവുകളിലൊന്നാണ്. ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കഥാപാത്രമാണ് സുരേഷ് ബാബു അവതരിപ്പിച്ച ശേഖരന്‍.

ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ ശ്രദ്ധ നേടിയ ആര്‍ട്ടിസ്റ്റാണ് സുരേഷ് ബാബു. ചിത്രത്തില്‍ പേരില്ലാത്ത കാരണവരായി മികച്ച പ്രകടനമായിരുന്നു സുരേഷ് ബാബുവിന്റേത്. എല്ലാ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്ന, സ്ത്രീകള്‍ ജോലിക്ക് പോകേണ്ട ആവശ്യമില്ലെന്ന് വാദിക്കുന്ന കാരണവര്‍ക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന പ്രകടനമായിരുന്നു സുരേഷ് ബാബു കാഴ്ചവെച്ചത്. എന്നാല്‍ മധുവിധുവിലേക്ക് എത്തിയപ്പോള്‍ അടിമുടി പ്രോഗ്രസ്സീവായ കഥാപാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് Photo: Screen grab/ Mankind Films

ആഞ്ഞിലിമൂട്ടില്‍ തറവാടിന്റെ കാരണവരായ ശേഖരന്‍ മധുവിധുവിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. കര്‍ണാടകയില്‍ പോയി ജോലി ചെയ്ത് പണം സമ്പാദിച്ച്, തിരിച്ചെത്തിയ ശേഷം വീട് മോടി പിടിപ്പിച്ചയാളാണ് ശേഖരന്‍. വീട് വലുതാക്കിയപ്പോള്‍ അവിടുണ്ടായിരുന്ന കാവ് വെട്ടിത്തളിച്ചതാണ് തറവാടിന് സര്‍പ്പദോഷമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ അയാള്‍ അതൊന്നും കാര്യമാക്കുന്നില്ല.

തന്റെ കുടുംബത്തിലുള്ളവരുടെ സന്തോഷവും സമാധാനവുമാണ് ശേഖരന് വലുത്. വീട്ടിലെ ഇളയ സന്തതിയായ അമൃത്‌രാജ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിക്കുന്നു എന്നറിയുമ്പോള്‍ പോലും അയാള്‍ അതിനെ കൂളായി എടുക്കുകയാണ്. ഭാര്യ മരിച്ച തന്റെ മകന്‍ ഒരു കല്യാണം കഴിക്കുമ്പോഴും അതിനെ അയാള്‍ സാധാരണ മട്ടിലാണ് എടുക്കുന്നത്.

മധുവിധു Photo: Screen grab/ Zee music

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് ശേഷം അതേ രീതിയിലുള്ള കഥാപാത്രം നല്‍കാതെ ആ സിനിമയിലെ കഥാപാത്രത്തിന്റെ വിപരീത സ്വഭാവമുള്ള ഒന്ന് സുരേഷ് ബാബുവിന് നല്‍കിയ സംവിധായകനെ പ്രത്യേകം അഭിനന്ദിക്കണം. മലയാളത്തില്‍ നിലനിന്നുപോരുന്ന ക്ലീഷേകളെ തകര്‍ത്തെറിയുന്ന ഇത്തരം കഥാപാത്രങ്ങളാണ് സിനിമാപ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Content Highlight: Suresh Babu’s character in Madhuvidhu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം