സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജയിലര്‍ 2. സമീപകാലത്ത് വന്ന പല ബിഗ് ബജറ്റ് സിനിമകളും നിരാശപ്പെടുത്തിയെങ്കിലും ജയിലര്‍ 2 ആ ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നെല്‍സണ്‍ ഒരിക്കല്‍കൂടി ഗംഭീരമായി പ്രസന്റ് ചെയ്യുമെന്ന് ഉറപ്പുതരുന്ന അപ്‌ഡേറ്റുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ജയിലറില്‍ ബി.ജി.എമ്മും പാട്ടുകളും കൊണ്ട് ആവേശത്തിന്റെ ടോപ്പിലെത്തിച്ച അനിരുദ്ധ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതം ഒരുക്കുന്നത്. എന്നാല്‍ ജയിലര്‍ 2ല്‍ അനിരുദ്ധിന്റെ പഴയ ഫയര്‍ ഇല്ലെന്ന് പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. ആദ്യഗാനമായ ‘അല്ല ബോലേലോ’യ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നു.

മലയാളം ടച്ചുള്ള ഗാനമായി ഒരുക്കിയ ‘അല്ല ബോലേലോ’ മലയാളത്തെ അപമാനിക്കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ഈ പാട്ടിന്റെ പേരില്‍ സംഗീത സംവിധായകന്‍ അനിരുദ്ധിനെയും സംവിധായകന്‍ നെല്‍സണെയും പരസ്യമായി കളിയാക്കിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

ജയിലര്‍ 2ന്റെ സ്‌പെഷ്യല്‍ ചാറ്റ് ഷോയ്ക്കിടെയായിരുന്നു സംഭവം. ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ അനിരുദ്ധ് ‘അല്ല ബോലേലോ’യെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ചില നെഗറ്റീവുകള്‍ ആ പാട്ടിന് ലഭിച്ചെന്ന് വേദിയിലിരുന്ന് അനിരുദ്ധ് പറഞ്ഞപ്പോള്‍ സദസിലിരുന്ന് സുരാജ് പറഞ്ഞ കമന്റ് കൈയടി നേടി.

‘ഇത് മലയാളമൊന്നുമല്ല. അല്ല ബോലേലോ, പിത്ത ബോലേലോ. ഇത് എന്ത് മലയാളമാ’ എന്ന സുരാജിന്റെ ചോദ്യം പലരിലും ചിരിയുണര്‍ത്തി. സുരാജിന്റെ കമന്റ് കേട്ട് അനിരുദ്ധും നെല്‍സണും ഒരു നിമിഷത്തേക്ക് സൈലന്റായെങ്കിലും ഉടനെ അടുത്ത കൗണ്ടര്‍ പറഞ്ഞ് സ്‌കോര്‍ ചെയ്തു. ‘അല്ല ബോലേലോ’ മലയാളം പാട്ടല്ലെന്നും മലയാളം ടച്ചുള്ള ഒന്നാണെന്നുമായിരുന്നു നെല്‍സണ്‍ പറഞ്ഞത്.

മലയാളത്തില്‍ ഇങ്ങനെയുള്ള വാക്കുകള്‍ ഇല്ലെന്നും ഡിക്ഷണറിയില്‍ നോക്കിയിട്ടും അര്‍ത്ഥം മനസിലായില്ലെന്നും മിര്‍ണ മേനോനും കൗണ്ടറടിച്ചു. ജയിലര്‍ 2ന് മുമ്പ് അനിരുദ്ധ് കമ്പോസ് ചെയ്ത വേട്ടൈയനിലെ ‘മനസിലായോ’ എന്ന പാട്ടിന് നേരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മലയാളം ശരിക്ക് അറിയാത്തവര്‍ ഇത്തരം പാട്ടുകള്‍ ഉണ്ടാക്കതിരിക്കണമെന്നും കമന്റുകളുണ്ട്.

Content Highlight: Suraj Venjaramoodu mocks Nelson and Anirudh for Ala Bolelo song