
ന്യൂദല്‍ഹി: തിരുവനന്തപുരം കിഴക്കേ കോട്ടയിലുള്ള ബിജുരമേശിന്റെ രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ചൊവ്വാഴ്ച വരെ കെട്ടിടം പൊളിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജെ.എസ് കഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ബിജു രമേശിന് സ്റ്റേ അനുവദിച്ചത്.
ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജുരമേശിന്റെ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം തെക്കനംകര കനാല്‍ കൈയേറി നിര്‍മ്മിച്ച ഈ കെട്ടിടമാണെന്ന് കണ്ടെത്തിയിരുന്നു. പുറമ്പോക്കിലുള്ള കെട്ടിട ഭാഗം മാത്രം പൊളിച്ചു നീക്കാമെന്നും കെട്ടിട ഉടമയ്ക്കുണ്ടാകുന്ന നാശനഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തില്‍ കെട്ടിടം പൊളിക്കണമെന്നമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
നഗരത്തിലെ പൈതൃക മേഖലയായി പ്രഖ്യാപിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന ഭാഗത്ത് നിര്‍മിച്ച കെട്ടിടമാണ് ചട്ടം ലംഘിച്ചതായി അഞ്ചുവര്‍ഷം മുമ്പ് കണ്ടെത്തിയത്.
