ശബരിമലയുമായി ബന്ധപ്പെട്ട എന്തു തീരുമാനവും ഇനി ജനുവരി 22ന് മാത്രം: അഞ്ചംഗ ബെഞ്ചു മാത്രമേ കേസ് പരിഗണിക്കൂവെന്നും സുപ്രീം കോടതി
Sabarimala women entry
ശബരിമലയുമായി ബന്ധപ്പെട്ട എന്തു തീരുമാനവും ഇനി ജനുവരി 22ന് മാത്രം: അഞ്ചംഗ ബെഞ്ചു മാത്രമേ കേസ് പരിഗണിക്കൂവെന്നും സുപ്രീം കോടതി
ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 12:13 pm

 

തിരുവനന്തപുരം: ശബരിമല വിധിക്ക് എതിരായ ഹരജികള്‍ ജനുവരി 22 ന് മുമ്പ് പരിഗണിക്കാന്‍ ആകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അക്കാര്യം ജനുവരി 22ന് വന്നു പറയൂവെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്.

ശബരിമലയുമായി ബന്ധപ്പെട്ട എന്തു വിഷയമായാലും ഇനി ജനുവരി 22ന് മാത്രമേ പരിഗണിക്കൂവെന്നാണ് കോടതി വ്യക്തമാക്കിയത്. ശബരിമല കേസില്‍ എന്തു തീരുമാനവും എടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ് എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Also Read:സ്ത്രീപ്രവേശനത്തിനെതിരെയല്ല ശബരിമല സമരം; കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരന്‍ പിള്ള

ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ ആണ് തീരുമാനം. അപ്പോള്‍ എല്ലാവരുടെയും വാദം കേള്‍ക്കും. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ശബരിമലയില്‍ ഇല്ലാത്തതിനാല്‍ റിട്ട് ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ മാത്യു നെടുമ്പാറയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് വീണ്ടും തള്ളിയത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കാനിരിക്കെയാണ് ശബരിമലയുമായി ബന്ധപ്പെട്ട ഏതു കേസും ജനുവരി 22നുശേഷം മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയത്.