ബാറ്റ്മാനുള്ളതുകൊണ്ട് മാത്രം ഫീല്‍ഡ് ഔട്ട് ആവില്ല... ഡി.സിയുടെ ശാപകാലം തുടരും, നിരാശപ്പെടുത്തി സൂപ്പര്‍ഗേള്‍
World Cinema
ബാറ്റ്മാനുള്ളതുകൊണ്ട് മാത്രം ഫീല്‍ഡ് ഔട്ട് ആവില്ല... ഡി.സിയുടെ ശാപകാലം തുടരും, നിരാശപ്പെടുത്തി സൂപ്പര്‍ഗേള്‍
അമര്‍നാഥ് എം.
Friday, 26th June 2026, 9:08 pm

കോമിക് ലോകത്ത് മാര്‍വലിനെക്കാള്‍ ആരാധകരുള്ളത് ഡി.സിക്കാണ്. കഥാപാത്രങ്ങളുടെ ഇമോഷണല്‍ ഡെപ്തും, സ്വീകാര്യതയും കൊണ്ട് മാര്‍വലിനെക്കാള്‍ ഒരുപടി മുകളിലാണ് ഡി.സി. എന്നാല്‍ സിനിമയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിനൊപ്പം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ഡി.സി.ഇ.യു.

ഇന്ന് തിയേറ്ററുകളിലെത്തിയ സൂപ്പര്‍ഗേളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കോമിക്കില്‍ മാത്രം കാണിച്ചിട്ടുള്ള സൂപ്പര്‍ ഗേളിന്റെ ആദ്യ സോളോ ഫിലിം വന്‍ നെഗറ്റീവ് റെസ്‌പോണ്‍സാണ് സ്വന്തമാക്കുന്നത്. ഡി.സിയുടെ സിനിമയാണെന്ന യാതൊരു തോന്നലും സൂപ്പര്‍ഗേള്‍ ഉണ്ടാക്കിയിട്ടില്ലെന്നും കമന്റുകളുണ്ട്.

സൂപ്പര്‍ഗേള്‍ Screen grab/ DC Movies

175 മില്യണിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ സേഫാകണമെങ്കില്‍ മിനിമ 350 മില്യണെങ്കിലും ആവശ്യമാണ്. എന്നാല്‍ ഈ കളക്ഷന്‍ പോലും സൂപ്പര്‍ഗേള്‍ നേടാനുള്ള സാധ്യത കുറവാണ്. ഇതോടെ ബോക്‌സ് ഓഫീസില്‍ ഡി.സിയുടെ ശനിദശ തുടരുകയാണ്. ഡി.സിയുടേതായി പുറത്തിറങ്ങിയ അവസാനത്തെ അഞ്ചില്‍ മൂന്നും പ്രതീക്ഷിച്ച കളക്ഷന്‍ ലഭിക്കാതെ പോവുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

2022ല്‍ പുറത്തിറങ്ങിയ ബാറ്റ്മാനും കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ സൂപ്പര്‍മാനും മാത്രമാണ് ബോക്‌സ് ഓഫീസില്‍ സേഫായത്. അക്വമാന്‍; ദി ലോസ്റ്റ് കിങ്ഡം ആവറേജില്‍ ഒതുങ്ങിയപ്പോള്‍ ഫ്‌ളാഷ് ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായി. ഇപ്പോഴിതാ സൂപ്പര്‍ഗേളും പരാജയത്തിലേക്ക് കുതിക്കുകയാണ്.

സൂപ്പര്‍ഗേള്‍, ബാറ്റ്മാന്‍ 2 Photo: Reddit

ചിരവൈരികളായ മാര്‍വല്‍ ഓരോ വര്‍ഷവും ഒരു സിനിമയെങ്കിലും വണ്‍ ബില്യണ്‍ ക്ലബ്ബില്‍ കയറ്റുമ്പോള്‍ ഇപ്പുറത്ത് ഡി.സി അവരുടെ ശനിദശയിലൂടെ കടന്നുപോവുകയാണ്. വാര്‍ണര്‍ ബ്രദേഴ്‌സുമായി കൈകോര്‍ത്തതിന് ശേഷമാണ് ഡി.സിയുടെ സിനിമകള്‍ക്ക് അടിതെറ്റിയതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. കഥയ്ക്ക് അനുസരിച്ച് സിനിമയൊരുക്കാന്‍ സഹായിക്കാത്ത സ്റ്റുഡിയോയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഡി.സിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് ബാറ്റ്മാന്‍ 2 ആണ്. റോബര്‍ട്ട് പാറ്റിന്‍സണെ നായകനാക്കി മാറ്റ് റീവ്‌സ് അണിയിച്ചൊരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പാണ്. രണ്ട് വര്‍ഷത്തോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റാണ് ബാറ്റ്മാന്‍ 2ന്റേത്. 2027 ഒക്ടോബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Supergirl movie getting negative response

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം