ഗ്ലോബല്‍ ബോക്‌സ് ഓഫീസിലെ ഒരു റെക്കോഡ് പോലും ബാക്കിവെക്കാതെ എല്ലാം തൂത്തുവാരുമെന്ന് ഉറപ്പുള്ള ചിത്രങ്ങളിലൊന്നാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന ഡൂംസ്‌ഡേയുടെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നവയാണ്. എന്തൊക്കെ സര്‍പ്രൈസുകളാണ് മാര്‍വല്‍ ഇത്തവണ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നാണ് പലരും ഉറ്റുനോക്കുന്നത്.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടതോടെ ഹൈപ്പ് ഒരുപടി കൂടി ഉയര്‍ന്നിരിക്കുകയാണ്. കൊറിയന്‍ വേര്‍ഷന്‌റെ പോസ്റ്ററാണ് മാര്‍വല്‍ പുറത്തുവിട്ടത്. സകല സൂപ്പര്‍ഹീറോകളും ഒന്നിച്ച് നില്‍ക്കുന്നതും എല്ലാത്തിനും മുകളില്‍ ഡോക്ടര്‍ ഡൂമിനെ പ്ലെയ്‌സ് ചെയ്തതുമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം.

പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ഡീകോഡിങ്ങുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്ററിലെ മഞ്ഞ വെളിച്ചത്തെക്കുറിച്ചാണ് പലരും എടുത്തുപറയുന്നത്. തോറിന്റെ കൈയിലുള്ള സ്‌റ്റോം ബ്രേക്കറിലും പോസ്റ്ററിന്റെ പശ്ചാത്തലത്തിലും ഒരേ രീതിയിലുള്ള മഞ്ഞ വെളിച്ചമാണെന്ന് ഡീകോഡിങ് പോസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അവഞ്ചേഴ്‌സിലെ സൂപ്പര്‍ഹീറോകള്‍ എല്ലാവരും നിസഹായരായി നില്‍ക്കുമ്പോള്‍ ഇന്‍ഫിനിറ്റി വാറില്‍ നടത്തിയത് പോലെ ഒരു തീപ്പൊരി ഇന്‍ട്രോയോടുകൂടി തോര്‍ പ്രത്യക്ഷപ്പെടുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും ബെസ്റ്റ് സിനിമാറ്റിക് മൊമന്റായി ഡൂംസ്‌ഡേ മാറുമെന്നാണ് കണക്കുകൂട്ടല്‍.

ക്യാപ്റ്റന്‍ അമേരിക്ക, ലോക്കി, എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍, തണ്ടര്‍ബോള്‍ട്ട്‌സ് തുടങ്ങി സകല സൂപ്പര്‍ഹീറോകളും പോസ്റ്റിലുണ്ട്. ഫാന്‍ തിയറികള്‍ സത്യമാണെന്ന് വരുത്തുന്ന തരത്തില്‍ യൂണിവേഴ്‌സ് ഇന്‍കര്‍ഷനും ബാക്ക്ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കും. ഡൂം എന്ന വില്ലന്‍ ചില്ലറക്കാരനല്ലെന്ന് ഈ പോസ്റ്ററും പറഞ്ഞുവെക്കുന്നുണ്ട്.
ഡൂംസ്‌ഡേയുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഡ്‌ഗെയിം ഒരിക്കല്‍കൂടി തിയേറ്ററുകളിലെത്തിയിരുന്നു. പുതിയതായി നാല് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയത്. മള്‍ട്ടിവേഴ്‌സ് സാഗയുടെ അവസാനമായിരിക്കും ഡൂംസ്‌ഡേയിലൂടെ നടക്കുക എന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. ഡിസംബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Avengers Doomsday new poster decoding posts viral
