ഓറഞ്ച് കൊടുങ്കാറ്റില്‍ ചരിത്രമെഴുതി സണ്‍റൈസേഴ്സ്; തൂക്കിയത് കൂറ്റന്‍ റെക്കോഡ്
Cricket
ഓറഞ്ച് കൊടുങ്കാറ്റില്‍ ചരിത്രമെഴുതി സണ്‍റൈസേഴ്സ്; തൂക്കിയത് കൂറ്റന്‍ റെക്കോഡ്
സുദേവ് എ
Wednesday, 5th August 2026, 2:15 pm

ദി ഹണ്ട്രഡില്‍ ചരിത്രം കുറിച്ച് സണ്‍റൈസേഴ്സ് ലീഡ്‌സ്. ലണ്ടന്‍ സ്പിരിറ്റിനെതിരെ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്താണ് സണ്‍റൈസേഴ്സ് റെക്കോഡിട്ടത്. ലണ്ടന്‍ സ്പിരിറ്റിനെതിരെ 100 പന്തില്‍ 241 റണ്‍സാണ് ലീഡ്‌സ് നേടിയത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.

ഓവല്‍ ഇന്‍വിന്‍സിള്‍സിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ലീഡ്‌സ് തകര്‍ത്തത്. 2025ല്‍ വെല്‍ഷ് ഫയര്‍സിനെതിരെ 226 റണ്‍സായിരുന്നു ഓവല്‍ നേടിയിരുന്നത്. ഇപ്പോള്‍ ഈ റെക്കോഡും ലീഡ്‌സ് പഴങ്കഥയാക്കിയിരിക്കുകയാണ്.

മത്സരത്തില്‍ 37 റണ്‍സിന്റെ വിജയമാണ് ലീഡ് സ്വന്തമാക്കിയത്. ലീഡ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ലണ്ടന്‍ സ്പിരിറ്റിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സില്‍ എത്താനേ സാധിച്ചുള്ളൂ.

റയാന്‍ റിക്കല്‍ട്ടണ്‍, മിച്ചല്‍ മാര്‍ഷ്, ഹാരി ബ്രൂക്ക് എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ലീഡ്‌സ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 42 പന്തില്‍ പുറത്താവാതെ 94 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്.  ആറ് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്സ്.

മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ നിന്നും ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 76 റണ്‍സും സ്വന്തമാക്കി. ഹാരി ബ്രൂക്ക് 18 പന്തില്‍ 55 റണ്‍സും നേടി തിളങ്ങിയപ്പോള്‍ ലീഡ് ചരിത്ര ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. അഞ്ച് വീതം ഫോറുകളും സിക്‌സുകളുമാണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി പൊരുതിയത് ഡേവിഡ് വില്ലിയാണ്. 46 പന്തില്‍ പുറത്താവാതെ 83 റണ്‍സാണ് വില്ലി സ്വന്തമാക്കിയത്. 10 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഡെവാള്‍ഡ് ബ്രെവിസ് 38 റണ്‍സും ക്യാപ്റ്റന്‍ ലിയാം ലിവിങ്സ്റ്റണ്‍ 34 റണ്‍സും നേടി മികച്ചുനിന്നെങ്കിലും 37 റണ്‍സകലെ പരാജയപ്പെടുകയായിരുന്നു.

 

Content Highlight: Sunrisers leads make history in The Hundred

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.