കേരള ബോക്‌സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.

ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ജി.വി. പ്രകാശ്.Photo. X.com

നിവിനും മമിതയ്ക്കും പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങി ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയപ്പോൾ മറ്റൊരു മികച്ച റോം-കോം എന്റർടെയിനറായിരുന്നു മലയാളികൾക്ക് ലഭിച്ചത്.

ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ചിത്രത്തിലെ നിവിന്റെ പ്രകടനം മികച്ചതായിരുന്നെന്നും ജി.വി. പ്രകാശ് പറഞ്ഞു. സിനിമ കണ്ടതിന് പിന്നാലെ നിവിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ് സൂപ്പറായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമായി. നിവിന്റെ അഭിനയം നല്ലതായിരുന്നു. നന്നായിട്ട് ചെയ്തു എന്ന് പറഞ്ഞിട്ട് ഞാൻ ഫോൺ ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾ ഫ്രെയിമിൽ ബെസ്റ്റ് ഫോമിൽ ഇരിക്കുമ്പോൾ വേറെ ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു. ഞാൻ നിങ്ങളെ തന്നെയായിരുന്നു നോക്കിയിരുന്നത് എന്നും പറഞ്ഞിരുന്നു,’ജി.വി പ്രകാശ് പറഞ്ഞു.

ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അദ്ദേഹത്തിന്റെ ചാർമും സ്‌ക്രീൻ പ്രസൻസുമാണെന്നും ജി.വി. പ്രകാശ് അഭിപ്രായപ്പെട്ടു. നിവിൻ ഒരു ഫ്രെയിമിൽ എത്തുമ്പോൾ പ്രേക്ഷകന്റെ ശ്രദ്ധ സ്വാഭാവികമായി അദ്ദേഹത്തിലേക്ക് പോകുമെന്നും അദ്ദേഹം പറയുന്നു.

‘ഒരു നടനെന്ന നിലയിൽ വളരെ ചാർമിങ്ങായിട്ടുള്ള, വളരെ എൻഗേജിങ്ങായിട്ടുള്ള ഒരു നടനാണ് നിവിൻ. ഒരു ഫ്രെയിമിൽ അദ്ദേഹം വന്ന് നിന്നാൽ നമുക്ക് വേറെ ആരെയും കാണാൻ പറ്റില്ല. അദ്ദേഹത്തെ മാത്രമേ കാണാൻ പറ്റൂ. അങ്ങനെയുള്ള ഒരു ആർട്ടിസ്റ്റാണ് നിവിൻ,’താരം കൂട്ടിച്ചേർത്തു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടതിന് ശേഷം സംവിധായകൻ ഗിരീഷ് എ.ഡിയോടും നടി മമിത ബൈജുവിനോടും സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നെന്നും ജി.വി. പ്രകാശ് പറഞ്ഞു. ഇരുവരോടും സിനിമ ഇഷ്ടപ്പെട്ടെന്നും നല്ല സിനിമയാണെന്നും നേരിട്ട് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബെത്‌ലഹേം കുടുംബ യൂണിറ്റ്.Photo. IMDb

‘ഡയറക്ടർ ഗിരീഷിനോടും മമിതയോടുമൊക്കെ ഞാൻ സംസാരിച്ചിരുന്നു. നല്ല സിനിമയാണെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു,’ജി.വി പ്രകാശ് പറഞ്ഞു.

Content Highlight: G.V Prakash talks about bethlehem kudumba unit