തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ആദ്യ വാരം 187 തിയേറ്ററുകളിൽ പ്രദർശനം നടത്തിയ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ രണ്ടാം വാരത്തിൽ തിയേറ്ററുകളുടെ എണ്ണം 277 ആയി ഉയർന്നിരിക്കുകയാണ്.
ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. തിരക്കഥ, മേക്കിങ്, പെർഫോമൻസ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ശക്തികളായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോഴും ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ ലഭിക്കുന്നത് ഈ സ്വീകാര്യതയുടെ സൂചനയാണ്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
അനുരാഗം,പ്രകാശം പരക്കട്ടെ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭ്യമാകുന്നത്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കഥ മുന്നോട്ടുപോകുമ്പോൾ കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിലേക്കും ചിത്രം കടന്നുചെല്ലുന്നുണ്ട്.
പാർവതി തിരുവോത്തിന്റെ അലീന അബ്രഹാം എന്ന കഥാപാത്രത്തിനൊപ്പം മാത്യു തോമസ് അവതരിപ്പിച്ച ശ്രീനാഥ് അയ്യപ്പൻ എന്ന പൊലീസ് കഥാപാത്രത്തിനും വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യുവിന്റെ പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി വിലയിരുത്തപ്പെടുന്നു.
പൊലീസ് സ്റ്റേഷനും അവിടെയുള്ള ഉദ്യോഗസ്ഥരുടെ വ്യക്തിജീവിതവും അന്വേഷണത്തിന്റെ വിവിധ തലങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്ത ലെയറുകൾ നൽകിക്കൊണ്ടാണ് സഹദ് നിലമ്പൂർ ചിത്രം ഒരുക്കിയിരിക്കുന്നത്. കൃത്യമായി തയ്യാറാക്കിയ തിരക്കഥയ്ക്കൊപ്പം അതിനോട് ചേർന്നുനിൽക്കുന്ന മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനങ്ങളും ചിത്രത്തിന് അനുകൂലമായി മാറിയെന്നാണ് പുറത്തുവരുന്ന പ്രേക്ഷക പ്രതികരണങ്ങൾ.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ പ്രകടനത്തിന് പിന്നാലെ രണ്ടാം വാരത്തിൽ തിയേറ്ററുകളുടെ എണ്ണം 187ൽ നിന്ന് 277ലേക്ക് ഉയർന്നതോടെ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
Content Highlight: ‘Pratham Drishtya Kuttakkar’ continues its successful run with strong audience response
