ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അവന് കൂടുതല്‍ സമ്മര്‍ദമുണ്ടാവും: ഗവാസ്‌കര്‍
Cricket
ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അവന് കൂടുതല്‍ സമ്മര്‍ദമുണ്ടാവും: ഗവാസ്‌കര്‍
സുദേവ് എ
Thursday, 2nd July 2026, 10:02 am

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെപരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയിലും വൈഭവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ സൂര്യവംശിയുടെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ടീമില്‍ അവസരം ലഭിക്കുമ്പോള്‍ വൈഭവിന് കൂടുതല്‍ സമ്മര്‍ദമുണ്ടാവുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ കഴിവുള്ള നിരവധി താരങ്ങളുടെന്നും അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ 15കാരന് സാധിക്കുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

‘ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അവന് കൂടുതല്‍ സമ്മര്‍ദമുണ്ടാവും. എന്നാല്‍ 15 വയസുള്ളപ്പോള്‍ ഇത്തരം സമ്മര്‍ദങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ട കാര്യമില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരത്തില്‍ അവസരം ലഭിച്ചാല്‍ നന്നായി കളിക്കണമെന്ന് അവന് അറിയാം. ഇന്ത്യന്‍ ടീമിനൊപ്പമുള്ളതില്‍ അവന്‍ സന്തോഷവാനാണ്. ഈ ടീമില്‍ മികച്ച കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. അവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നത് അവനൊരു വലിയ അനുഭവമാണ്,’ സുനില്‍ ഗാവസ്‌കര്‍ സോണി സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. റിവര്‍സൈഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സിന് ശേഷമാണ് മഴ വില്ലനായി എത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് തുടങ്ങാനിരിക്കെ മഴ കളി മുടക്കുകയായിരുന്നു.

ജൂലൈ നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം മത്സരം നടക്കുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന ഈ മത്സരത്തില്‍ വൈഭവ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

 

Content Highlight: Sunil Gavasker talks about Vaibhav Suryavanshi chances of Indian playing elevan

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.