പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ പരാജയപ്പെടുത്തി സണ്ടര്‍ലാന്‍ഡ് സീസണിലെ ഒമ്പതാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തം തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സണ്ടര്‍ലാന്‍ഡിന്റെ ജയം.

ഹബീബ് ദിയാരയും ചെംസ്ഡൈന്‍ ടാല്‍ബിയും സണ്ടര്‍ലാന്‍ഡിനായി വലകുലുക്കിയപ്പോള്‍ ബേണ്‍ലിയുടെ ആക്‌സല്‍ ടുവാന്‍സെബെയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.

നിലവില്‍ 24 മത്സരത്തില്‍ നിന്നും ഒമ്പത് വീതം വിജയവും സമനിലയും ആറ് തോല്‍വിയുമാണ് ടീമിനുള്ളത്. 36 പോയിന്റുമായി ടീം നിലവില്‍ എട്ടാം സ്ഥാനത്താണ്.

ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ 12 മത്സരം പൂര്‍ത്തിയാക്കിയ ടീം, സ്വന്തം തട്ടകത്തില്‍ അപരാജിതരായി കുതിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ സ്വന്തം തട്ടകത്തില്‍ പരാജയം രുചിക്കാത്ത ഏക ടീമും സണ്ടര്‍ലാന്‍ഡാണ്.

ഇവിടെ കളിച്ച 12 മത്സരത്തില്‍ ഏഴിലും വിജയിച്ചപ്പോള്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയുമടക്കമുള്ള വമ്പന്‍മാരോട് സമനിലയും സ്വന്തമാക്കി.

ഹോം ഗ്രൗണ്ടില്‍ സണ്ടര്‍ലാന്‍ഡ്

vs വെസ്റ്റ് ഹാം – 3-0 – വിജയം

vs ബ്രെന്റ്‌ഫോര്‍ഡ് – 2-1 – വിജയം

vs ആസ്റ്റണ്‍ വില്ല – 1-1 – സമനില

vs വോള്‍വര്‍ഹാംടണ്‍ – 2-0 – വിജയം

vs എവര്‍ട്ടണ്‍ – 1-1 – സമനില

vs ആഴ്‌സണല്‍ – 2-2 – സമനില

vs ബോണ്‍മൗത് – 3-2 – വിജയം

vs ന്യൂകാസില്‍ യുണൈറ്റഡ് – 1-0 – വിജയം

vs ലീഡ്‌സ് – 1-1 – സമനില

vs മാഞ്ചസ്റ്റര്‍ സിറ്റി – 0-0 – സമനില

vs ക്രിസ്റ്റല്‍ പാലസ് – 2-1 – വിജയം

vs ബേണ്‍ലി – 3-0 – വിജയം

റെലഗേഷനില്‍ നിന്നും തിരിച്ചെത്തിയ സീസണില്‍ തന്നെയാണ് സണ്ടര്‍ലാന്‍ഡ് സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്നത് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ഫെബ്രുവരി ഏഴിനാണ് സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ അടുത്ത മത്സരത്തിലിറങ്ങുന്നത്. ആഴ്‌സണലാണ് എതിരാളികള്‍. പീരങ്കിപ്പടയുടെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.

ഫെബ്രുവരി 12ന് സണ്ടര്‍ലാന്‍ഡ് വീണ്ടും സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങും. ലിവര്‍പൂളാണ് എതിരാളികള്‍.

 

Content Highlight: Sunderland remains unbeaten in home stadium