കുറച്ച് ലേറ്റാകുമെന്ന് പറഞ്ഞുപോയ അപ്പു ഒരുദിവസം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല, പൊലീസില്‍ കംപ്ലെയ്ന്റ് കൊടുക്കാനൊക്കെ പോയതാണ്: സുചിത്ര മോഹന്‍ലാല്‍
Malayalam Cinema
കുറച്ച് ലേറ്റാകുമെന്ന് പറഞ്ഞുപോയ അപ്പു ഒരുദിവസം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല, പൊലീസില്‍ കംപ്ലെയ്ന്റ് കൊടുക്കാനൊക്കെ പോയതാണ്: സുചിത്ര മോഹന്‍ലാല്‍
അമര്‍നാഥ് എം.
Tuesday, 25th August 2026, 8:32 am

സിനിമയുടെ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് മോഹന്‍ലാല്‍. പല രാജ്യങ്ങളിലും കുടുംബത്തോടൊപ്പം യാത്ര ചെയ്തിട്ടുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മോഹന്‍ലാലിന്റെ പങ്കാളി സുചിത്ര. പല യാത്രകളിലും മറക്കാനാകാത്ത അനുഭവങ്ങളുണ്ടാകാറുണ്ടെന്ന് സുചിത്ര പറഞ്ഞു.

സൗത്ത് അമേരിക്കയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യാത്ര പോയിട്ടുണ്ടായിരുന്നെന്നും അന്ന് പ്രണവും കൂടെയുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പല യാത്രകളിലും പ്രണവ് അയാളുടെ ഇഷ്ടത്തിന് ഓരോ സ്ഥലത്തേക്ക് പോകുന്നത് പതിവാണെന്നും പോയിക്കഴിഞ്ഞാല്‍ വരാന്‍ വൈകാറുണ്ടെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. അന്നത്തെ യാത്രയിലും അതുപോലൊരു സംഭവമുണ്ടായെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

പ്രണവ് അയാളുടെ ഇഷ്ടത്തിന് ഒരു സ്ഥലത്തേക്ക് പോകുന്നെന്ന് പറഞ്ഞപ്പോള്‍ രാത്രി കുറച്ച് നേരത്തെ എത്താന്‍ ആവശ്യപ്പെട്ടെന്നും ഒരു ഡിന്നര്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. എന്നാല്‍ അന്ന് രാത്രി തങ്ങള്‍ വൈകിയെന്നും പ്രണവ് വന്നുപോയത് അറിഞ്ഞില്ലെന്നും സുചിത്ര പറഞ്ഞു. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഞങ്ങള്‍ രാത്രി വന്നപ്പോള്‍ അപ്പു അവിടെയില്ല. അന്ന് ഞങ്ങളുടെ കൂടെ ഒരു ബന്ധുവിന്റെ മകനും ഉണ്ടായിരുന്നു. അവന് ഓസ്‌ട്രേലിയയിലേക്ക് പോകാനുണ്ട്. ചേട്ടനാണ് അവനെ കൊണ്ടാക്കിയത്. അപ്പു എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവനും അറിയില്ലെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിക്കാണ് ഫ്‌ളൈറ്റ്. രാത്രി എപ്പോഴെങ്കിലും വരുമെന്ന് വിചാരിച്ചു. പക്ഷേ, പിറ്റേന്ന് നേരം വെളുത്തിട്ടും അപ്പുവിനെ കണ്ടില്ല.

ചേട്ടന്‍ അപ്പുവിന്റെ റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു ചെറിയ ടിഷ്യു പേപ്പറില്‍ ‘ഞാന്‍ വന്നു, നിങ്ങളെയൊന്നും കാണാത്തതുകൊണ്ട് പോവുകയാണ്. വരാന്‍ വൈകും’ എന്ന് എഴുതിയത് കണ്ടു. ഇത്രയും സമയമായിട്ടും കാണാത്തതുകൊണ്ട് എനിക്ക് ടെന്‍ഷനായി. എവിടെപ്പോയി അന്വേഷിക്കുമെന്നറിയില്ല. ഞാനാണെങ്കില്‍ ചെറുതായി കരഞ്ഞ് തുടങ്ങിയിട്ടുണ്ട്.

പൊലീസില്‍ കംപ്ലെയിന്റ് ചെയ്യാമെന്ന് ഏതാണ്ട് തീരുമാനമായി. ഞാന്‍ ഇരുന്ന റൂമില്‍ ഒരുപാട് കണ്ണാടികളുണ്ട്. നോക്കുമ്പോള്‍ തലയില്‍ തൊപ്പിയും വെച്ച് ഒരാള്‍ വരുന്നു. നോക്കുമ്പോള്‍ അപ്പു. അടുത്തുള്ള ഒരു പാര്‍ക്കില്‍ അവിടുന്ന് പരിചയപ്പെട്ട ഫ്രണ്ട്‌സിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു. അപ്പു പോയ പാര്‍ക്കിന്റെ തൊട്ടടുത്ത് വരെ ചേട്ടന്‍ അന്വേഷിച്ചിട്ടുണ്ടായിരുന്നു. അപ്പു ലേറ്റാകുമെന്ന് പറയുമ്പോള്‍ അതൊരൊന്നൊന്നര ലേറ്റായിരിക്കും,’ സുചിത്ര പറഞ്ഞു.

Content Highlight: Suchithra Mohanlal shares unforgettable memories of their Family trip

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം