കോഴിക്കോട്: രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവവിവാഹം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കോഴിക്കോട് എം.ഇ.എസ് കോളേജില്‍ വിലക്ക്. നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നീരജയോടാണ് ഇനി മുതല്‍ കോളേജില്‍ വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചത്. ഇന്ന് രാവിലെ നീരജയും ഭര്‍ത്താവ് മുഹമ്മദ് റമീസും അവധിയറിയിക്കാന്‍ കോളേജിലെത്തിയപ്പോഴായിരുന്നുപ്രിന്‍സിപ്പാളിന്റെ പ്രതികരണം.

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ ഇതിന് കാരണം പറഞ്ഞത്. പ്രിന്‍സിപ്പളെ കാണണം എന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു കുട്ടിയെ പ്രിന്‍സിപ്പളിന് കാണേണ്ടെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ തങ്ങളെ അറിയിച്ചതെന്ന് മുഹമ്മദ് റമീസും നീരജയും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കുട്ടിയെ കോളേജില്‍ കയറ്റുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണമെന്നും  എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ പോലും കോളേജ് പ്രിന്‍സിപ്പളായ ബി സീതാലക്ഷ്മി തയ്യാറായില്ലെന്നും ഇരുവരും പറയുന്നു.

“മാതാപിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം ചെയ്തയാളെ കോളേജില്‍ കയറ്റില്ലെന്നും. അത് കോളേജിന് മോശമാണെന്നുമാണ് വൈസ് പ്രിന്‍സിപ്പല്‍ ഞങ്ങളോട് പറഞ്ഞത്. ഇവിടെ തന്നെ പഠിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും. പക്ഷെ പുറത്താക്കാനുള്ള കാരണം എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങിനെയൊരു പോളിസി ഇവിടെയില്ലെന്നായിരുന്നു മറുപടി.” റമീസ് പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ഇവിടെയില്ലെന്നും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും വാങ്ങിക്കൊള്ളു എന്നായിരുന്നു വൈസ് പ്രിന്‍സിപളുടെ പ്രതികരണം. വളരെ പുച്ഛത്തോടെയാണ് അവര്‍ തങ്ങളോട് പെരുമാറിയതെന്നും ഇരുവരും പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്. പ്രിന്‍സിപ്പള്‍ ഇല്ലാതിരുന്നതിനാല്‍ വൈസ് പ്രിന്‍സിപ്പളെ കണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്നാണ് നീരജയെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുത്തത്.

എന്നാല്‍ നീരജ തുടര്‍ച്ചയായി പത്ത് ദിവസം ലീവെടുത്തതിനാല്‍ രക്ഷിതാവ് നേരിട്ട് വരികയോ അവധി അപേക്ഷ തരികയോ ചെയ്യണമെന്ന്  വൈസ് പ്രിന്‍സിപ്പല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. വീട്ടുകാരുടെ അനുമതി ഇല്ലാതെ വിവാഹം ചെയ്തതിനാല്‍ ക്ലാസില്‍ കയറ്റണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി തേടണമെന്നും ഇതിന് ഒരാഴ്ച സമയം വേണമെന്ന കാര്യം നീരജയെ അറിയിച്ചെന്നും വൈസ് പ്രിന്‍സിപ്പാല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Related News…

പ്രണയിച്ചു, പിന്നീടങ്ങോട്ട് അവര്‍ ഓടുകയായിരുന്നു