hhhhhh കോഴിക്കോട്: മതനിയമങ്ങള്‍ക്കപ്പുറത്തേക്ക് പ്രണയിച്ചതായിരുന്നു മറ്റുള്ളവരുടെ മുന്നില്‍ അവര്‍ ചെയ്ത തെറ്റ്. പതിനൊന്ന് മാസം ഓടുകയായിരുന്നു അവര്‍. സിനിമക്കഥയല്ല ജീവിത യാഥാര്‍ത്ഥ്യമാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ അന്‍ഷിദയ്ക്കും ഗൗതമിനുമാണ് മിശ്രവിവാഹം ചെയ്‌തെന്ന പേരില്‍  മതമൗലികവാദികളുടെയും സദാചാരഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടേയും വധഭീഷണിയില്‍ നാളുകള്‍ കഴിക്കേണ്ടി വന്നത്.

പതിനൊന്നു മാസമായി അവര്‍ ഓട്ടത്തിലായിരുന്നു. ആദ്യം ബാംഗ്ലൂരിലെ ഒളിത്താവളങ്ങളിലാണ് അവര്‍ കഴിഞ്ഞത്. പാലേരി സ്വദേശി ഗൗതമും പന്തിരിക്കരയിലുള്ള അന്‍ഷിദയും കുഞ്ഞുന്നാള്‍ തൊട്ടേ കൂട്ടുകാരാണ് പിന്നീടെപ്പോഴോ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. കഴിഞ്ഞ മാസം എട്ടിനാണ് കോഴിക്കോട് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും സ്‌പെഷ്യല്‍ മാര്യേജ്  ആക്ട്  അനുസരിച്ച് ഇവര്‍ വിവാഹിതരായത്. ബാംഗ്ലൂരില്‍ നിന്ന്  തിരിച്ചെത്തിയതും വിവാഹിതരായതുമെല്ലാം ഗൗതമിന്റെ പരിചയക്കാരായ സി.പി.എം, ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകരുടെ  സംരക്ഷണത്തിലായിരുന്നു.

ഒരു ഹിന്ദു എഞ്ചിനിയര്‍ യുവാവ് ഒരു മുസ്ലീം ഡന്റല്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെ പിന്നീടങ്ങോട്ട് അവര്‍ക്ക് ദുസ്വപ്‌നങ്ങള്‍ നിറഞ്ഞതായി മാറുകയായിരുന്നു. മതമൗലിക വാദികളും സദാചാര ഗുണ്ടകളും കൊട്ടേഷന്‍ സംഘങ്ങളും അവരെ വട്ടമിട്ട് വേട്ടയാടാന്‍ തുടങ്ങി. നാടുവിട്ടോടിയിട്ടും അവിടേയും ഭീതിയുടെ നിഴലിലായിരുന്നു അവര്‍.

മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് അപരിചിതരായ ഒരു സംഘം രാത്രിയില്‍ ഗൗതമിന്റെ വീട് ആക്രമിച്ചത്. ജനല്‍ച്ചില്ലുകളെല്ലാം അവര്‍ തകര്‍ത്തു.മാസങ്ങല്‍ നീണ്ട ഓട്ടത്തിനോടുവില്‍ അന്‍ഷിദ ഗൗതമിനൊപ്പം ഗൗതമിന്റെ വീട്ടിലാണ്. ഗൗതമിന്റെ അച്ഛനും അമ്മയും രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി. എന്നിട്ടും ധൈര്യത്തോടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് രണ്ടുപേരും.

ശരിക്കും പറഞ്ഞാല്‍ ഞങ്ങളിപ്പോള്‍ ഗാര്‍ഹിക തടവുകാരാണ്. ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭീഷണികളില്‍ അന്‍ഷിദ ആകെ വിഷമത്തിലാണ്. അച്ഛനും അമ്മയും ടീച്ചര്‍മാരുമാണ് ഇപ്പോഴുള്ള ഏക ആശ്വാസം. പക്ഷെ അന്‍ഷിദയുടെ മാതാപിതാക്കള്‍ ഞങ്ങള്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നറിഞ്ഞിട്ടും ഞങ്ങള്‍ക്കെതിരാണ്. ഗൗതം പറയുന്നു

ഈ വര്‍ഷം ജനുവരിയില്‍ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് മുതല്‍ അവര്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അന്‍ഷിദയുടെ വീട്ടുകാരുടെ കോപം അടങ്ങുമെന്ന് കരുതിയാണ് ഞങ്ങള്‍ ബാംഗഌരേക്ക് മാറിയത്. അവിടേയും ഭീഷമിയുണ്ടെന്നറിഞ്ഞതോടെ കൊച്ചിയിലേക്ക് വരികയായിരുന്നു.

ബാംഗലുരുവില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ് ഗൗതം. എന്നാല്‍ ഇപ്പോള്‍ ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയിലാണ്. അന്‍ഷിദയുടെ പഠനവും മുടങ്ങി.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടുത്ത  ദിവസം തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ഗൗതമിന്റെ  വീട്ടില്‍ വിപുലമായ വിവാഹസല്‍ക്കാരം നടത്താന്‍  തീരുമാനിച്ചിരിക്കുകയാണ്.എന്തായാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ജീവിക്കാനൊരുങ്ങുകയാണ് ഇവര്‍.