ശ്രീനഗര്‍: കശ്മീരിലെ പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍. പ്രതിസന്ധി നേരിടുന്ന കശ്മീരിലെ മാധ്യമപ്രവര്‍ത്തനത്തെ വരിഞ്ഞ് കെട്ടുന്നതിനാണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

“ദേശവിരുദ്ധ ലേഖനങ്ങള്‍” പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കരുതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ദേശവിരുദ്ധത ആരാണ് നിശ്ചയിക്കുകയെന്ന് കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റും കശ്മീര്‍ ഒബ്‌സര്‍വര്‍ പത്രത്തിന്റെ എഡിറ്ററുമായ സജ്ജാദ് ഹൈദര്‍ ചോദിച്ചു. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന പത്രങ്ങള്‍ക്കെതിരെ ഉത്തരവ് തോന്നിയ പോലെ ഉപയോഗിക്കുമെന്ന് ഭയപ്പെടുന്നതായി സജ്ജാദ് ഹൈദര്‍ പറഞ്ഞു.

കശ്മീരിലെ പത്രങ്ങളെ സംബന്ധിച്ചെടുത്തോളം വിഘടനവാദികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പ്രധാന ഘടകമാണെന്നും അത് കൊണ്ട് പരസ്യം നിര്‍ത്തലാക്കാന്‍ എപ്പോഴും കാരണമുണ്ടാക്കാമെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ നസീര്‍ അഹമ്മദ് ക്യാച്ച് ന്യൂസിനോട് പറഞ്ഞു.

കശ്മീരിലെ മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ മാത്രം പ്രശ്‌നമല്ലെന്നും സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങള്‍ക്ക് പ്രധാന്യം കുറയ്ക്കുന്നതിലൂടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും നസീര്‍ പറയുന്നു. ജനങ്ങളെ ഇത് സോഷ്യല്‍മീഡിയയിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നും അപ്പോള്‍ ദേശീയതാത്പര്യം സംരക്ഷിക്കപ്പെടുമോയെന്നും നസീര്‍ അഹമ്മദ് ചോദിക്കുന്നു.

സര്‍ക്കാരില്‍ നിന്നും തീവ്രവാദികളില്‍ നിന്നും ഒരേ പോലെ ഭീഷണി ഉണ്ടായിട്ട് പോലും കഴിഞ്ഞ മുപ്പത് വര്‍ഷമായി സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണ് കശ്മീരില്‍ നടക്കുന്നതെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പേരില്‍ പ്രാദേശിക പത്രമായ “കശ്മീര്‍ റീഡര്‍” അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ശ്രീനഗറിലെ പത്രസ്ഥാപനങ്ങളില്‍ അര്‍ധരാത്രി റെയ്ഡ് നടന്നിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് ശ്രീനഗറില്‍ പത്രങ്ങള്‍ ഇറങ്ങിയിരുന്നില്ല.

കശ്മീരില്‍ നിരവധി പത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ദേശവിരുദ്ധ ഉള്ളടക്കത്തിന്റെ പേരില്‍ പ്രധാനമായും കശ്മീരില്‍ നിന്നുള്ള പത്രങ്ങള്‍ക്കാണ് പരസ്യ വിലക്കുള്ളത്. കശ്മീരില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള ഗ്രേറ്റര്‍ കശ്മീരിന് 2010 മുതല്‍ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി (ഡി.എ.വി.പി)യുടെ പരസ്യവിലക്കുണ്ട്.

പ്രാദേശിക പത്രങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡി.എ.വി.പി കശ്മീര്‍ വാര്‍ച്ചാ വിതരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം അഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പരിശോധിക്കുമെന്ന് സംസ്ഥാനത്തെ മന്ത്രിയും വക്താവുമായ നഈം അക്തര്‍ പറഞ്ഞു. ദേശീയതാത്പര്യം സംരക്ഷിക്കുകയെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് നഈം അക്തര്‍ പറഞ്ഞു.