ആലപ്പുഴ: പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിടയില്‍ നെഹ്റു ട്രോഫി വള്ളംകളി സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. കളക്ടറായി ചുമതല ഏറ്റതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന ആദ്യത്തെ യോഗമാണിത്.

ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചെയര്‍മാന്‍. സെപ്റ്റംബര്‍ നാലിനാണ് നെഹ്റു ട്രോഫി വള്ളം കളി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ള ജനറല്‍ബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇന്ന് ചേര്‍ന്നത്.

യോഗത്തിന്റെ ആദ്യഭാഗത്ത് ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തിരുന്നില്ല. 2019ലെ നെഹ്റു ട്രോഫിയുടെ ബജറ്റ് അടക്കമുള്ളവ പാസായതിന് ശേഷമാണ് വെങ്കിട്ടരാമന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം ആലപ്പുഴയില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രാവിലെ മുതല്‍ ശക്തമായ പ്രതിഷേധമരങ്ങേറിയിരുന്നു. യോഗം അടിയന്തിരമായി വിളിച്ചതില്‍ പോലും ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറയുന്നത്.

മുസ്ലിം ലീഗിന്റെ ധര്‍ണ രാവിലെ ജില്ലാ കലക്ട്രേറ്റിന്റെ മുമ്പില്‍ നടന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരം തന്നെ തുടരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സര്‍ക്കാരിന് നിയമിക്കാമെന്നും പക്ഷെ ശ്രീറാമിനെപ്പോലുള്ളൊരാള്‍ ഒരു കൊലപാതകക്കേസില്‍ ആരോപണ വിധേയനാണ്, നാട്ടിലെന്തൊക്കെ നടന്നാലും ഞങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സര്‍ക്കാര്‍ മനോഭാവം ഭരണകൂട ധാര്‍ഷ്ട്യമാണെന്നും നേരത്തേ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ നടന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Sriram Venkataraman attended the Nehru Trophy meeting amid protests