നല്ല അണിയറപ്രവർത്തകരുടെ കൂടെ കംഫർട്ടബിൾ ആയ സ്ഥലത്ത് ജോലി ചെയ്യാനാണ് എനിക്ക് ആഗ്രഹം: ശ്രിന്ദ
Malayalam Cinema
നല്ല അണിയറപ്രവർത്തകരുടെ കൂടെ കംഫർട്ടബിൾ ആയ സ്ഥലത്ത് ജോലി ചെയ്യാനാണ് എനിക്ക് ആഗ്രഹം: ശ്രിന്ദ
നന്ദന എം.സി
Friday, 8th May 2026, 11:46 am

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ശ്രിന്ദ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരം സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ചും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെയും കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ.

ശ്രിന്ദ, Photo: Srinda/ Facebook

2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്ദയുടെ സിനിമ പ്രവേശനം. എന്നാൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983യിലെ സുശീല എന്ന കഥാപാത്രമാണ് താരത്തിന് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പിന്നാലെ ആട് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയും ശ്രിന്ദ തന്റെ അഭിനയ മികവ് തെളിയിച്ചു.

ഇപ്പോഴിതാ സിനിമകളുടെ എണ്ണം കുറഞ്ഞുവെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തനിക്ക് സിനിമകൾ കുറഞ്ഞുവെന്ന തോന്നൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളിൽ നിന്ന് മികച്ചവ മാത്രം തെരഞ്ഞെടുത്ത് ചെയ്യാറാണെന്നും ശ്രിന്ദ പറയുന്നു.

ആട് 3, Photo: Aju varghese/ Facebook

‘സിനിമകൾ ഇപ്പോൾ കുറഞ്ഞോ എന്ന് ചോദിച്ചാൽ, ഇല്ല എന്നാണ് എന്റെ മറുപടി. എനിക്ക് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. സത്യത്തിൽ, ഇപ്പോൾ നമുക്ക് വരുന്ന അവസരങ്ങളിൽ നിന്ന് കുറച്ചുകൂടി ഫിൽട്ടർ ചെയ്‌ത് മികച്ചവ മാത്രം തെരഞ്ഞെടുക്കാനുള്ള ഒരു അവസരം ലഭിക്കുന്നുണ്ട്.

അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. നല്ല അണിയറപ്രവർത്തകരുടെ കൂടെ എനിക്ക് കംഫർട്ടബിൾ ആയ സ്ഥലത്ത് ജോലി ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിലവിൽ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ പൂർണ സംതൃപ്തയാണ്,’ ശ്രിന്ദ പറഞ്ഞു.

സിനിമയ്ക്ക് പുറമെ യാത്രകളോടുള്ള തന്റെ പ്രണയത്തെയും കുറിച്ച് താരം മനസുതുറന്നു. തിരക്കുകളില്ലാത്ത സമയങ്ങളിൽ പ്രകൃതിയോട് കൂടുതൽ അടുത്തുനിൽക്കുന്ന യാത്രകളാണ് താൻ തെരഞ്ഞെടുക്കാറുള്ളതെന്ന് ശ്രിന്ദ പറയുന്നു. വനയാത്രകളും വൈൽഡ് ലൈഫ് സഫാരികളും തന്റെ വലിയ ഇഷ്ടങ്ങളിലൊന്നാണെന്നും താരം കൂട്ടിച്ചേർത്തു.

‘സിനിമയും തിരക്കുകളുമില്ലാത്ത ബാക്കി സമയങ്ങളിൽ ഞാൻ യാത്രകളിലേക്ക് ചേക്കേറും. പ്രകൃതിയുമായി അടുത്തുനിൽക്കുന്ന യാത്രകളോടാണ് എനിക്ക് എന്നും പ്രിയം. കാടുകളും വൈൽഡ് ലൈഫ് സഫാരിയും എനിക്ക് വെറുമൊരു കൗതുകമല്ല, അതൊരു വലിയ ക്രെയ്‌സ് ആണ്.

ശ്രിന്ദ, Photo: Srinda/ Facebook

വനയാത്രകൾക്കിടയിൽ കടുവകളെ കാണാൻ കാത്തിരിക്കുന്നതും പ്രകൃതിയുടെ നിശബ്ദത ആസ്വദിക്കുന്നതുമാണ് എൻ്റെ ഏറ്റവും വലിയ സ്ട്രെസ് ബസ്‌റ്റർ. ഇത്തരം യാത്രകൾ എനിക്ക് നൽകുന്ന ഊർജം ചെറുതല്ല. യാത്രകൾക്കിടയിലുള്ള ഒഴിവുസമയങ്ങളിൽ ഇഷ്ടപ്പെട്ട സിനിമകൾ കാണാനും ഞാൻ സമയം കണ്ടെത്താറുണ്ട്,’ ശ്രിന്ദ പറഞ്ഞു.

അതേസമയം നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് ശ്രിന്ദയുടെ അടുത്ത റിലീസ് ചിത്രം. ചിത്രത്തിൽ താരം മറ്റൊരു പ്രധാന കഥാപാത്രമായാണ് എത്തുന്നത്.

Content Highlight: Srinda says she wants to work in a comfortable place with good crew.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.