swami-omji

ന്യൂദല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ പാരിസ്ഥിതികാനുമതിയില്ലാതെ യമുനാ തീരത്ത് സംഘടിപ്പിക്കുന്ന പരിപാടിക്കെതിരെ രംഗത്തു വന്ന മാധ്യമപ്രവര്‍ത്തകനെ കൊല്ലുമെന്ന് ഭീഷണി. ഹിന്ദുസഭാ നേതാവും ശ്രീ ശ്രീ രവിശങ്കറിന്റെ അനുയായിയുമായ സ്വാമി ഓംജിയാണ് പരസ്യമായി ഭീഷണി മുഴക്കിയത്. ദേശദ്രോഹികളെ തങ്ങള്‍ അംഗീകരിക്കുകയില്ലെന്നും എതിര്‍ത്താല്‍ കല്‍ബുര്‍ഗിയുടെ ഗതി വരുമെന്നും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

നേരത്തെ അരവിന്ദ് കെജ്‌രിവാളടക്കമുള്ളവര്‍ക്കെതിരെ ഇയാള്‍ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഗാന്ധിജിയെ കൊന്നത് പോലെ അരവിന്ദ് കെജ്‌രിവാളിനെയും വെടിവെച്ചു കൊല്ലുമെന്നായിരുന്നു ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നത്.

യമുനാ നദി തടത്തിലെ പച്ചപ്പുകള്‍ നശിപ്പിച്ച് കൊണ്ട് ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന പരിപാടിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ രംഗത്ത് വന്നിരുന്നു. നിയമ വിരുദ്ധമായാണ് പരിപാടി നടത്തുന്നതെന്ന് കണ്ട് രാഷ്ട്രപതിയും പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. അതേ സമയം പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ വളരെയധികം പ്രതിബദ്ധതയുള്ള ആളാണ് ശ്രീ ശ്രീ രവിശങ്കര്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്.