ഇന്ത്യയെ വിറപ്പിച്ച് ചരിത്രത്തിലേക്ക്; ഇതിഹാസ നേട്ടത്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍
Cricket
ഇന്ത്യയെ വിറപ്പിച്ച് ചരിത്രത്തിലേക്ക്; ഇതിഹാസ നേട്ടത്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍
സുദേവ് എ
Wednesday, 19th August 2026, 12:40 pm

ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 372 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ലങ്ക ബാറ്റിങ് തുടരുകയാണ്. അവസാന ദിനം ശ്രീലങ്കക്ക് വേണ്ടി ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 151 പന്തുകള്‍ നേരിട്ട ലങ്കന്‍ താരം 59 റണ്‍സാണ് നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ലങ്കന്‍ ക്യാപ്റ്റനാവാനാണ് ധനഞ്ജയ ഡി സില്‍വക്ക് സാധിച്ചത്.

നാലാം ഇന്നിങ്‌സിലെ താരത്തിന്റെ നാലാം 50+ സ്‌കോര്‍ ആയിരുന്നു ഇത്. മൂന്ന് തവണ 50ന് മുകളില്‍ റണ്‍സ് നേടിയ ദിമുത് കരുണരത്‌നെയെ മറികടന്നാണ് ധനഞ്ജയ ഒന്നാമനായത്. രണ്ട് തവണ ഈ നേട്ടം കൈവരിച്ച മഹേല ജയവര്‍ധനെ, ഏയ്ഞ്ചലോ മാത്യൂസ്, അര്‍ജുന രണതുംഗ എന്നിവരാണ് ധനഞ്ജയക്ക് പുറകിലുള്ളത്.

അതേസമയം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 193 റണ്‍സിനാണ് പുറത്തായത്. റിഷബ് പന്തിന്റെ ചെറുത്തുനില്‍പാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

പന്തിന് പുറമെ 75 പന്തില്‍ 44 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും 47 പന്തില്‍ 35 റണ്‍സടിച്ച കെ.എല്‍. രാഹുലും ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്. ശേഷിച്ച താരങ്ങളെല്ലാം തന്നെ ഇരട്ടയക്കം കാണാതെ മടങ്ങുകയായിരുന്നു.

ലങ്കന്‍ ബൗളിങ്ങില്‍ അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും ലഹിരു കുമാര രണ്ട് വിക്കറ്റും നേടി തിളങ്ങി. കേഷാര നുവന്ത ഒരു വിക്കറ്റും കൈവരിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 284 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ശ്രീലങ്കന്‍ നിരയില്‍ സൊനല്‍ ദിനുഷ സെഞ്ച്വറി നേടി. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നിരോഷന്‍ ഡിക്ക്വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്സും അടക്കം 51 റണ്‍സും നേടി.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

 

 

Content Highlight: Sri Lankan captain Dhananjaya de Silva creates history in Tests

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.