ന്യൂദല്‍ഹി: മലയാളത്തിലെ ഡിജിറ്റല്‍ മാധ്യമ സ്ഥാപനമായ നോക്യാപിന് ഇന്ത്യയില്‍ വിലക്ക്. നോക്യാപിന്റെ ഫേസ്ബുക്ക് പേജിനാണ് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയില്‍ നിന്ന് ലഭിച്ച വിശദീകരണമെന്ന് നോക്യാപിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

‘നിയമവിരുദ്ധ പ്രവര്‍ത്തനം’ നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐ.ടി. ആക്റ്റ്, 2000ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം സര്‍ക്കാര്‍ മെറ്റയ്ക്ക് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് പേജിന് വിലക്കേര്‍പ്പെടുത്തിയെതന്നാണ് ലഭിച്ച വിശദീകരണമെന്നും സ്ഥാപനം പറയുന്നു.

‘എന്നാല്‍, നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് ‘നിയവിരുദ്ധമായത്’ എന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം മെറ്റയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഇതുവരെ ലഭിച്ചില്ല. ഭരണഘടനാ മൂല്യങ്ങളെ മുറുകെ പിടിച്ചും ജനാധിപത്യ-മതേതര മൂല്യങ്ങളില്‍ അടിയുറച്ചും മാധ്യമപ്രവര്‍ത്തനത്തെ പ്രയോജനപ്പെടുത്താനാണ് നോക്യാപ് ശ്രമിക്കുന്നത്.

ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുകയും അധികാരത്തെ ഓഡിറ്റ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം എങ്ങെനയാണ് നിയമവിരുദ്ധമാകുന്നത്?,’ നോക്യാപിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയും വിവിധ രീതികളില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നോക്യാപ് നിരീക്ഷിക്കുന്നുണ്ടെന്നും അതിന്റെ പശ്ചാത്തലത്തില്‍ നോക്യാപിന് നേരെയുണ്ടായ നടപടിയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും സ്ഥാപനം പറയുന്നു.

‘മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ ശക്തമായി എതിര്‍ത്തിട്ടുള്ള സമൂഹമാണ് കേരളത്തിലേത്. അടിയന്തരാവസ്ഥക്കാലം മുതല്‍ ഇന്നുവരെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായസാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത പാരമ്പര്യം മലയാളി സമൂഹത്തിനുണ്ട്.

നോക്യാപിന് നെരയുള്ള ഈ നടപടിയിലും പൊതുസമൂഹത്തിന്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകണ്ടതുണ്ട്. ഇന്ന് ഒരു മാധ്യമസ്ഥാപനത്തിന്റെ ശബ്ദത്തിന് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം നാളെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യമായി മാറരുത് അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. ആ അവകാശം സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ജാഗ്രതയിലൂടെയും ഇടപെടലിലൂടെയുമാണ്,’ നോ ക്യാപിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

 

Content Highlight: NoCap’s Facebook page banned in India: Meta says action taken as per government notice