ഗാന്ധിയെക്കുറിച്ച് വീണ്ടും വായിക്കണമെന്ന് തോന്നിയ കാലമായിരുന്നു അത്. ഗാന്ധിയെക്കുറിച്ച് ഇന്ന് ഇന്ത്യയിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഗാന്ധിയെ വിമർശിക്കുന്ന ശബ്ദങ്ങളും ശക്തമാണ്. അതൊരു പ്രത്യേക ചർച്ചയാണ്. പക്ഷേ ഇന്ത്യയ്ക്ക് പുറത്തേക്കും നോക്കുമ്പോൾ മറ്റൊരു ചോദ്യം ഉയരും.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിയുടെ ആശയങ്ങളും അഹിംസയുടെ രാഷ്ട്രീയവും ഇന്നും പഠിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? നാം ഗാന്ധിയെ പിന്തുടരുന്നത് എന്തുകൊണ്ട്? ലോകം ഗാന്ധിയിൽ നിന്ന് എന്താണ് പഠിച്ചത്?
ഒരു മനുഷ്യന്റെ നിരാഹാരം എങ്ങനെയാണ് ഒരു രാഷ്ട്രീയ ഭാഷയായി മാറിയത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ഒരു ചെറിയ യാത്രയായിരുന്നു പിന്നീട് എന്റേത്.
ഒരേ മനുഷ്യനെക്കുറിച്ച് പരസ്പരം വ്യത്യസ്തമായ വാദങ്ങളും വാർത്തകളും കേൾക്കുമ്പോൾ നമ്മൾ പലപ്പോഴും ചോദിക്കുന്നത്, ‘ആരാണ് ശരി?’
എന്നായിരിക്കും. പക്ഷേ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉണ്ടെന്ന് തോന്നി. ‘യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?’
അങ്ങനെ ഗാന്ധിയുടെ സത്യാഗ്രഹങ്ങളെയും നിരാഹാരങ്ങളെയും കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഓരോ ഉപവാസത്തിന്റെയും രാഷ്ട്രീയവും ധാർമികവുമായ പശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുന്നതിനിടയിലാണ്, തികച്ചും അവിചാരിതമായി, 93 വർഷത്തിലേറെ പഴക്കമുള്ള ഒരു പത്രത്താൾ എന്റെ കൈയിലെത്തിയത്. ഒരു ലൈബ്രറിയിൽ നിന്നല്ല.
എന്റെ അമ്മ വർഷങ്ങളായി സൂക്ഷിച്ചുവെച്ചിരുന്ന പഴയ പത്രത്താളുകളുടെ ശേഖരത്തിൽ നിന്നായിരുന്നു അത്. കടലാസ് മഞ്ഞനിറമായിരിക്കുന്നു.
മഷി പലയിടത്തും മങ്ങിപ്പോയിരിക്കുന്നു. കാലം അതിന്റെ അരികുകളിൽ സ്വന്തം അടയാളങ്ങൾ വരച്ചിട്ടുണ്ട്. എന്നിട്ടും ചില അക്ഷരങ്ങൾ ഇപ്പോഴും വ്യക്തമാണ്.

അമീന ഖാദർ പഴയ ‘അൽ-അമീൻ’ പത്രവുമായി
ഒരു പത്രം. അൽ-അമീൻ. 1933 ഓഗസ്റ്റ് 20. 1109 ചിങ്ങം 6-ാം തീയതി. വീട്ടിലെ ഒരു പഴയ ശേഖരത്തിലേക്ക് എന്റെ കണ്ണെത്തിയതായിരുന്നു. എനിക്ക് മുന്നിൽ അത് പതുക്കെ ഒരു കാലത്തിന്റെ വാതിലായി മാറുകയായിരുന്നു.
അമീന ഖാദർ — എന്റെ അമ്മ — വർഷങ്ങളായി സൂക്ഷിച്ചുവെച്ചിരുന്ന പഴയ പത്രത്താളുകൾക്കിടയിലാണ് ആ ‘അൽ-അമീൻ’ ഞാൻ കണ്ടെത്തിയത്.
1924-ൽ കോഴിക്കോട് നിന്ന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ ആരംഭിച്ച അൽ-അമീൻ, സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയബോധത്തിന്റെയും ശബ്ദമായി മാറിയ ചരിത്രപത്രമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ നിലപാടുകൾ കാരണം പത്രത്തിന് ഭരണകൂടത്തിന്റെ നടപടികൾ നേരിടേണ്ടിവന്നതായും ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
പത്രക്കട്ടിംഗിലെ ഭാഷ ഇന്നത്തെ മലയാളത്തിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. പഴയകാല പത്രഭാഷയുടെ വാക്കുകളും വാക്യഘടനയും പ്രയോഗങ്ങളും അതിൽ കാണാം.
അതിൽ പറയുന്നത് അന്ന് ഇങ്ങനെയാണ്:
‘ഗാന്ധിജിയുടെ നിരാഹാരവ്രതം.ക്ഷീണം വർദ്ധിക്കുന്നു, പൂന, ആഗസ്റ്റ് 20.ഇന്നലെ ഗാന്ധിജിക്ക് വളരെ ക്ഷീണം ഉളവായിരിക്കുന്നു. ഒരു ദിവസം കൊണ്ട് ഒന്നരത്തൽ ഭാരം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഗാന്ധിജിയുടെ തൂക്കം 96½ റാത്തലാൺ. ഈ പ്രാവശ്യം ജയിലിൽ പോയശേഷം 6 റാത്തൽ ഭാരം കുറഞ്ഞിരിക്കുന്നു. മദ്ധ്യാനാർമുതൽ മനസ്സ് പിടർതലിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഡോക്ടർ കുമാർ വേണ്ട വൈദ്യസഹായം നൽകുന്നുണ്ട്.
ഗാന്ധിജിയുടെ കാര്യത്തിൽ ഉചിതമായ ഒരു തീരുമാനമുണ്ടാകാനായി മി. സി. എഫ്. ആൻഡ്രൂസ് ഗവൺമെന്റുമായി ആലോചിച്ചു ശ്രമങ്ങൾ നടത്തുന്നുണ്ട്.ഇതിൽ മിസിസ് ഗാന്ധിയെ സബർമതി ജയിലിൽ നിന്നും യർവാദ ജയിലിലേക്ക് മാറ്റിയിരിക്കുന്നു. അവർ ഗാന്ധിജിയുടെ രാഹവ്രതം അനുഷ്ഠിച്ചിട്ടില്ല. നിയമലംഘനത്തിൽ നിന്ന് പിന്മാറാൻ ഒരുമാനമാണെങ്കിൽ വിട്ടയക്കുമെന്നു ഇന്ത്യൻ ഗവൺമെന്റ് ഇതേക്കുറിച്ച് ഒരു വിളംബരം പ്രസിദ്ധീകരിച്ചിരിക്കുന്നു’. വർഷങ്ങൾക്കിപ്പുറം അമ്മ സൂക്ഷിച്ചുവെച്ച ആ പത്രത്താൾ വായിക്കുമ്പോൾ, ഞാൻ ഒരു പഴയ വാർത്ത വായിക്കുകയായിരുന്നില്ല.
‘ഒരു മനുഷ്യൻ തന്റെ ശരീരത്തെ തന്നെ സമരത്തിന്റെ ഉപാധിയാക്കിയിരുന്ന ഒരു കാലഘട്ടത്തിന്റെ നേരിട്ടുള്ള രേഖയായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന ആഴ്ചകളിലും, ഒരു ആയുധമല്ല, സ്വന്തം ശരീരത്തെയാണ് അദ്ദേഹം വീണ്ടും പ്രതിഷേധത്തിന്റെ ഭാഷയാക്കിയത്’. അൽ-അമീൻ.
ഒരു പഴയ പത്രത്താൾ കൈയിലെടുക്കുമ്പോൾ നമ്മൾ വായിക്കുന്നത് വാർത്തകൾ മാത്രമല്ല. ആ വാർത്ത അച്ചടിക്കപ്പെട്ടിരുന്ന ഒരു കാലത്തെയും കൂടിയാണ്. പത്രത്താളിലെ ഒരു വാർത്തയിലേക്ക് കണ്ണുപോകുമ്പോൾ മറ്റൊരു കാലം പതുക്കെ തുറന്നു.

അൽ-അമീൻ പത്രത്തിലെ ഗാന്ധിയുടെ നിരാഹാരവ്രതത്തെ കുറിച്ചുള്ള ഭാഗം
ഒരു കാലത്ത് അച്ചടിമഷിയിലൂടെ ആളുകളിലേക്ക് എത്തിയിരുന്ന ഒരു വാർത്ത. ഇന്ന് മങ്ങിയ കടലാസിൽ മാത്രം അവശേഷിക്കുന്ന ഒരു അടയാളം.
അപ്പോൾ ഒരു ചോദ്യം മനസ്സിൽ വന്നു: അന്ന് ഇന്ത്യക്കാർ ഗാന്ധിയെ എങ്ങനെയാണ് വായിച്ചിരുന്നത്?
ഇന്ന് ഗാന്ധിയെ നമ്മൾ ചരിത്രപുസ്തകങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓർക്കുന്നു. പക്ഷേ ഗാന്ധി ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ സമരങ്ങളും സത്യാഗ്രഹങ്ങളും രാഷ്ട്രീയ ഇടപെടലുകളും ജനങ്ങളിലെത്തിയ പ്രധാന മാധ്യമങ്ങളിലൊന്നായിരുന്നു പത്രങ്ങൾ.
അതുകൊണ്ടുതന്നെ ഗാന്ധിയുടെ സത്യാഗ്രഹങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഗാന്ധിയെ മാത്രം നോക്കിയാൽ മതിയാകില്ല. അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഒരു കാലത്തെയും കൂടി വായിക്കണം. ഒരു അമ്മയുടെ ശേഖരത്തിൽ നിന്ന്.എന്റെ അമ്മ ആമിന ഖാദർ, തിരൂർ സ്വദേശിയാണ്. അമ്മയും അച്ഛനും ബന്ധുക്കളാണ്. ഇരുവരുടെയും കുടുംബവേരുകൾ ഒറ്റപ്പാലത്തെ ഒരേ തറവാട്ടിലേക്കാണ് എത്തുന്നത്.
പഴയ വസ്തുക്കളോടും അവയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഓർമ്മകളോടുമുള്ള അമ്മയുടെ താൽപര്യം എനിക്ക് ചെറുപ്പം മുതൽ പരിചിതമാണ്. അമീന ഖാദർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുത്തച്ഛൻ നൽകിയ ഏതാനും പഴയ നാണയങ്ങളായിരുന്നു ആ ശേഖരണത്തിന്റെ തുടക്കം.

അമീന ഖാദർ തന്റെ ശേഖരണങ്ങളോടൊപ്പം
അന്ന് അതൊരു വലിയ ശേഖരമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ ചില താൽപര്യങ്ങൾക്ക് വളരാൻ വലിയ കാരണങ്ങളൊന്നും വേണ്ട. ഒരു നാണയം. ഒരു പഴയ കടലാസ്. ഒരു ഓർമ്മ. അങ്ങനെ വർഷങ്ങൾ കടന്നുപോയി.ഇന്ന് ആയിരത്തിലധികം നാണയങ്ങൾ അമ്മയുടെ ശേഖരത്തിലുണ്ട്. അതിനൊപ്പം പഴയ പത്രങ്ങളും പല കാലഘട്ടങ്ങളിലേക്കുള്ള മറ്റു വസ്തുക്കളും. വയസ്സ് കൂടിയപ്പോൾ നടക്കാൻ വാക്കർ വേണ്ടിവന്നു. പക്ഷേ പഴയ കാലങ്ങളിലേക്കുള്ള ആ യാത്രയ്ക്ക് അമ്മയ്ക്ക് വാക്കർ ആവശ്യമുണ്ടായിരുന്നില്ല.
തന്റെ കൈവശമുള്ള ശേഖരങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്നതും അവയുടെ പിന്നിലെ കഥകൾ അവരോട് പറയുന്നതും അമ്മയ്ക്ക് ഇന്നും ഇഷ്ടമാണ്. അതും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ. അപ്പോൾ എനിക്ക് പലപ്പോഴും തോന്നാറുണ്ട്: ഒരു പഴയ വസ്തു നമ്മൾ സൂക്ഷിച്ചുവെക്കുന്നത് അതിന്റെ വിലയ്ക്കുവേണ്ടി മാത്രമാണോ?
ചില വസ്തുക്കൾക്ക് വിപണിവിലയുണ്ടാകാം. പക്ഷേ ചില വസ്തുക്കളുടെ വില അവയ്ക്കുള്ളിൽ ജീവിച്ചിരിക്കുന്ന കാലത്തിനാണ്. അങ്ങനെയൊരു കാലത്തിന്റെ ചെറിയൊരു കഷണമാണ് ആ അൽ-അമീൻ പത്രത്താളും. അത് കൈയിൽ പിടിക്കുമ്പോൾ ഒരു പഴയ വാർത്ത മാത്രമല്ല മുന്നിൽ വരുന്നത്. ഗാന്ധിയുടെ കാലമാണ്. അമ്മ പറഞ്ഞുതന്ന ഗാന്ധിയൻ ചരിത്രങ്ങൾ. ആ പഴയ പത്രത്താൾ മേശപ്പുറത്ത് നിവർത്തിവെച്ച് ഞാൻ അമ്മയോട് ചോദിച്ചു.
എന്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ അമ്മയുടെ മുഖത്ത്, വർഷങ്ങൾക്കുമുമ്പ് മുത്തച്ഛൻ കൈമാറിയ ആദ്യത്തെ നാണയം കൈയിലെടുത്ത ആ അഞ്ചാംക്ലാസുകാരിയുടെ അതേ കൗതുകം വീണ്ടും തെളിഞ്ഞു. വയസ്സ് ശരീരത്തെ പതുക്കെ പരിമിതപ്പെടുത്തിയിരുന്നു. വാക്കറിന്റെ സഹായം വേണ്ടിവന്നു.
പക്ഷേ ഓർമ്മകൾക്ക് അപ്പോഴും ഒരു വാക്കറിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒരു ചോദ്യം ചോദിച്ചപ്പോൾ മറ്റൊന്ന് വന്നു. മറ്റൊന്ന് ചോദിച്ചപ്പോൾ മറ്റൊരു കാലം തുറന്നു. അങ്ങനെ ആ ദിവസം അമ്മ എനിക്ക് തന്റെ ശേഖരത്തിലെ വസ്തുക്കളുടെ കഥ മാത്രമല്ല, താൻ വായിച്ചും കേട്ടും മനസ്സിലാക്കിയ ഗാന്ധിയെയും പറഞ്ഞുതുടങ്ങി.
‘ഗാന്ധിക്ക് സത്യാഗ്രഹവും നിരാഹാരവും വെറുമൊരു സമരമുറയായിരുന്നില്ല നുബു മോനേ,’ അമ്മ പറഞ്ഞു.
‘സത്യത്തിന്റെയും അഹിംസയുടെയും പേരിൽ സ്വന്തം ജീവിതത്തെയും ശരീരത്തെയും തന്നെ ഒരു ധാർമിക ഉത്തരവാദിത്തമായി കാണുന്ന രീതിയായിരുന്നു അത്.’ അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ, ഞാൻ വീണ്ടും രേഖകളിലേക്ക് മടങ്ങി. അപ്പോഴാണ് ഗാന്ധിയുടെ നിരാഹാരങ്ങളുടെ കഥ എത്ര നീണ്ടതാണെന്ന് മനസ്സിലായത്.
ഗാന്ധിയുടെ നിരാഹാരം: ഒരു കാലരേഖ
ഗാന്ധിയുടെ നിരാഹാരങ്ങളെല്ലാം ഒരേ കാരണത്താലായിരുന്നില്ല. ചിലത് ആത്മശുദ്ധിക്കായി. ചിലത് ആശ്രമത്തിലെ ധാർമിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ. ചിലത് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ. ചിലത് രാഷ്ട്രീയ തീരുമാനങ്ങൾക്കെതിരെ. ചിലത് സാമുദായിക അക്രമങ്ങൾ അവസാനിപ്പിക്കാനായി.
അതുകൊണ്ട് ഗാന്ധിയുടെ നിരാഹാരങ്ങളെ ഒറ്റവാക്കിൽ ‘രാഷ്ട്രീയ ആയുധം’ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ ഉപവാസങ്ങളുടെ മുഴുവൻ സ്വഭാവവും വിശദീകരിക്കുന്നില്ല.
1915: സ്വന്തം ആശ്രമത്തിൽ നിന്നുതന്നെ
ഇന്ത്യയിലെ ഗാന്ധിയുടെ ആദ്യകാല നിരാഹാരങ്ങളിൽ ചിലത് രാഷ്ട്രീയ സമരങ്ങളായിരുന്നില്ല. 1915 ജൂൺ 1-ന് ആശ്രമത്തിലെ ചില കുട്ടികളുടെ അസത്യവുമായി ബന്ധപ്പെട്ട് ഗാന്ധി ഉപവസിച്ചു.
അതേ വർഷം സെപ്റ്റംബർ 11-നും സെപ്റ്റംബർ 12-നും ആശ്രമവുമായി ബന്ധപ്പെട്ട ധാർമിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലും അദ്ദേഹം ഉപവാസങ്ങൾ നടത്തി. ഇവിടെ നിരാഹാരം മറ്റൊരാളിൽ സമ്മർദ്ദം ചെലുത്താനുള്ള രാഷ്ട്രീയ ഉപാധിയേക്കാൾ, സ്വയം ഏറ്റെടുക്കുന്ന ഒരു ധാർമിക ഉത്തരവാദിത്തമായാണ് കാണുന്നത്.
1916: മൂന്ന് ദിവസത്തെ ഉപവാസം
1916-ൽ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധി മൂന്ന് ദിവസത്തെ ഉപവാസം അനുഷ്ഠിച്ചതായി ഗാന്ധി ഹെറിറ്റേജ് പോർട്ടലിന്റെ chronology രേഖപ്പെടുത്തുന്നു. അത് വീണ്ടും കാണിക്കുന്നത് ഒരു കാര്യമാണ്. ഗാന്ധിയുടെ നിരാഹാരങ്ങൾ പൊതുരാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല.
1918: അഹമ്മദാബാദ് മിൽ തൊഴിലാളികൾ
1918 മാർച്ച് 15 മുതൽ 17 വരെ അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ വേതനസമരവുമായി ബന്ധപ്പെട്ട് ഗാന്ധി മൂന്ന് ദിവസത്തെ ഉപവാസം നടത്തി. ഇന്ത്യയിലെ ഗാന്ധിയുടെ ശ്രദ്ധേയമായ ആദ്യകാല പൊതുനിരാഹാരങ്ങളിൽ ഒന്നായിരുന്നു അത്.
1919: റൗലട്ട് സത്യാഗ്രഹവും അക്രമത്തിനെതിരായ ഉപവാസവും
1919 ഏപ്രിൽ 6-ന് റൗലട്ട് നിയമത്തിനെതിരായ സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധി ഉപവസിച്ചു. പിന്നീട് ഏപ്രിൽ 13 മുതൽ 15 വരെ ബോംബെ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലും അദ്ദേഹം ഉപവസിച്ചു.
ഒരു സമരം അഹിംസയുടെ പേരിൽ ആരംഭിച്ചിട്ട് അക്രമത്തിലേക്ക് വഴുതുമ്പോൾ, അതിന്റെ ഉത്തരവാദിത്തം സ്വന്തം മേൽ ഏറ്റെടുക്കാൻ തയ്യാറായിരുന്ന ഒരു നേതാവിനെയാണ് ഇവിടെ കാണുന്നത്.
1921: അക്രമത്തിന്റെ പശ്ചാത്തലത്തിൽ
1921 നവംബർ 19 മുതൽ 21 വരെ ബോംബെയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധി ഉപവസിച്ചു. തുടർന്ന് നവംബർ 28 മുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ എല്ലാ തിങ്കളാഴ്ചയും 24 മണിക്കൂർ ഉപവസിക്കാനുള്ള പ്രതിജ്ഞയും അദ്ദേഹം സ്വീകരിച്ചു.
1922: ചൗരി ചൗരയ്ക്ക് ശേഷം
അസഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ചൗരി ചൗരയിൽ പോലീസുകാർ കൊല്ലപ്പെട്ടതോടെ ഗാന്ധി അതീവ ദുഃഖിതനായി. 1922 ഫെബ്രുവരി 12 മുതൽ 16 വരെ അദ്ദേഹം അഞ്ച് ദിവസത്തെ പ്രായശ്ചിത്ത ഉപവാസം നടത്തി. അതോടൊപ്പം അസഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനവും അദ്ദേഹം എടുത്തു. രാഷ്ട്രീയ വിജയം എന്ന ലക്ഷ്യത്തേക്കാൾ അഹിംസയുടെ ധാർമിക പരിധിക്ക് മുൻഗണന നൽകിയ തീരുമാനമായാണ് ഇത് പിന്നീട് വലിയ ചർച്ചകൾക്ക് ഇടയാക്കിയത്.
1924: ഹിന്ദു-മുസ്ലിം ഐക്യത്തിനായി 21 ദിവസം
1924 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ ഗാന്ധി 21 ദിവസത്തെ ഉപവാസം നടത്തി. ലക്ഷ്യം ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ആത്മശുദ്ധിയും ആഹ്വാനവുമായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പുറമെ സാമൂഹിക ഐക്യവും സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാനമാകണമെന്നായിരുന്നു ഗാന്ധിയുടെ നിലപാട്.
1925, 1928: വീണ്ടും ആത്മശുദ്ധിയിലേക്ക്
1925-ലും 1928-ലും ആശ്രമവുമായി ബന്ധപ്പെട്ട ധാർമിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധി ഉപവാസങ്ങൾ നടത്തി. അത് അദ്ദേഹത്തിന്റെ നിരാഹാരങ്ങളുടെ മറ്റൊരു വശം തുറന്നുകാട്ടുന്നു. സ്വന്തം കൂട്ടാളികളുടെ തെറ്റിനും താൻ ഒരു പരിധിവരെ ഉത്തരവാദിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം.

1932: യേർവാദ ജയിലിലെ നിരാഹാരം
1932 സെപ്റ്റംബർ 20-ന് യേർവാദ ജയിലിൽ ഗാന്ധി മരണം വരെ ഉപവാസം ആരംഭിച്ചു. ബ്രിട്ടീഷ് സർക്കാരിന്റെ Communal Award-ൽ “Depressed Classes”ക്ക് പ്രത്യേക electorate അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. സെപ്റ്റംബർ 26-ന് പൂന കരാറിലേക്കുള്ള ധാരണയുടെ പശ്ചാത്തലത്തിൽ ഉപവാസം അവസാനിച്ചു.
ഇത് ഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കിയ നിരാഹാരങ്ങളിലൊന്നായി മാറി. അതേസമയം, ഈ സംഭവത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥത്തെക്കുറിച്ച് പിന്നീട് വലിയ ചർച്ചകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതും ചരിത്രത്തിന്റെ ഭാഗമാണ്.
1932 ഡിസംബർ: ജയിലിനുള്ളിലെ മറ്റൊരു ഉപവാസം
അതേ വർഷം ഡിസംബർ 3-ന് സഹതടവുകാരന് ശുചീകരണ ജോലി ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ ഗാന്ധി വീണ്ടും ഉപവസിച്ചു. അതായത്, അദ്ദേഹത്തിന്റെ നിരാഹാരങ്ങൾ വലിയ ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ മാത്രം ഉണ്ടായിരുന്നില്ല.
1933: ആത്മശുദ്ധിക്കായുള്ള 21 ദിവസം
1933 മേയ് 8-ന് ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു. അത് ആത്മശുദ്ധിക്കായുള്ള ഉപവാസമായിരുന്നു. മേയ് 29-ന് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചു. അതേ വർഷം ഓഗസ്റ്റ് 16-ന് ജയിലിൽ ഹരിജൻ പ്രവർത്തനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ അനുവദിക്കാത്തതിനെതിരെ അദ്ദേഹം വീണ്ടും ഉപവസിച്ചു. ആ ഉപവാസം ഓഗസ്റ്റ് 22 വരെ നീണ്ടു.
ഇതുതന്നെയാണ് എന്റെ കൈവശമുള്ള അൽ-അമീൻ പത്രത്താളിലെ 1933 ഓഗസ്റ്റ് 20-ലെ വാർത്തയുടെ പശ്ചാത്തലം. ഒരു പഴയ പത്രത്താൾ പെട്ടെന്ന് ചരിത്രത്തിലെ ഒരു തീയതിയുമായി നേരിട്ട് ബന്ധപ്പെട്ടു.
1934: പ്രായശ്ചിത്തം
1934 ഓഗസ്റ്റ് 7 മുതൽ 13 വരെ, ഹരിജൻ ഉന്നമന പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പണ്ഡിറ്റ് ലാൽനാഥിന് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധി പ്രായശ്ചിത്തമായി ഉപവസിച്ചു. സ്വന്തം പ്രസ്ഥാനത്തിന്റെ പേരിൽ പോലും അക്രമം നടന്നാൽ അതിന്റെ ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം.
1939: രാജ്കോട്ട്
1939 മാർച്ച് 3-ന് രാജ്കോട്ടിൽ ഗാന്ധി മരണം വരെ ഉപവാസം ആരംഭിച്ചു. ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് ഭരണാധികാരി നൽകിയ വാഗ്ദാനം പാലിക്കണമെന്ന ആവശ്യം അതിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നു. മാർച്ച് 7-ന് വൈസ്രോയിയുടെ ഇടപെടലിനെ തുടർന്ന് ഉപവാസം അവസാനിച്ചു.
1940–41: ആശ്രമവും സാമുദായിക ഐക്യവും
1940 നവംബർ 12–13 തീയതികളിൽ ആശ്രമത്തിലെ ചെറിയ മോഷണങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധി രണ്ട് ദിവസത്തെ ഉപവാസം നടത്തി.
1941 മേയ് 5 മുതൽ 7 വരെ
ബോംബെയിലെയും അഹമ്മദാബാദിലെയും സാമുദായിക അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഏകദേശം 72 മണിക്കൂർ ഉപവസിച്ചു. അതേ വർഷം ജൂൺ 29-നും സാമുദായിക ഐക്യവുമായി ബന്ധപ്പെട്ട് ഉപവാസം രേഖപ്പെടുത്തിയിട്ടുണ്ട്.
1943: ആഗാ ഖാൻ പാലസിലെ 21 ദിവസം
ക്വിറ്റ് ഇന്ത്യ സമരത്തിന് പിന്നാലെ, കോൺഗ്രസിനെ അക്രമങ്ങളുടെ ഉത്തരവാദിയായി ചിത്രീകരിച്ച ബ്രിട്ടീഷ് സർക്കാരിന്റെ പ്രചാരണത്തിനെതിരെ, 1943 ഫെബ്രുവരി 10 മുതൽ മാർച്ച് 2 വരെ ആഗാ ഖാൻ പാലസിൽ തടവിൽ കഴിയുമ്പോൾ ഗാന്ധി 21 ദിവസത്തെ ഉപവാസം നടത്തി. ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ശരീരം തന്നെ വീണ്ടും ഒരു രാഷ്ട്രീയ സന്ദേശത്തിന്റെ മാധ്യമമായി മാറി.

1944–46: അവസാനകാലത്തെ രേഖകൾ
1944 നവംബർ 30-ന് ഒരു ദിവസമോ അതിലധികമോ ഉപവസിച്ചതായി രേഖകളുണ്ട്. അതിന്റെ കൃത്യമായ കാരണം സംബന്ധിച്ച് രേഖകൾ വ്യക്തമായിട്ടില്ല.
1946 ഒക്ടോബറിലും ഏകദേശം നാല് ദിവസത്തെ ഉപവാസം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള രേഖകളിൽ ഒരു കത്തിന്റെ പകർപ്പിലെ പിഴവുമായി ബന്ധപ്പെട്ട വിശദീകരണമുണ്ടെങ്കിലും, കാരണം സംബന്ധിച്ച് ഉറപ്പില്ലാത്തതിനാൽ അതിനെക്കുറിച്ച് തീർച്ചയായ നിഗമനം പറയുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
ചരിത്രം ഇവിടെ നമ്മോട് മറ്റൊരു പാഠം പറയുന്നു: എല്ലാ സംഭവങ്ങൾക്കും നമുക്ക് പൂർണ്ണമായ ഉത്തരങ്ങൾ ലഭിക്കണമെന്നില്ല. അറിയാത്തത് അറിയില്ലെന്ന് പറയുന്നതും ചരിത്രപഠനത്തിന്റെ ഭാഗമാണ്.
1947: സ്വാതന്ത്ര്യത്തിന്റെ വർഷം, പക്ഷേ സമാധാനമില്ലാത്ത കാലം
1947 ആഗസ്റ്റ് 15. രാജ്യം സ്വാതന്ത്ര്യം നേടി. പക്ഷേ ഗാന്ധി ആഘോഷത്തിന്റെ കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല. വിഭജനവും സാമുദായിക അക്രമവും അദ്ദേഹത്തെ വേദനിപ്പിച്ചു.
കൽക്കത്തയിൽ അദ്ദേഹം സമാധാനത്തിനും സാമുദായിക ഐക്യത്തിനുമായി പ്രവർത്തിച്ചു. 1947 സെപ്റ്റംബർ 1 മുതൽ 3 വരെ കൽക്കത്തയിൽ നടത്തിയ ഉപവാസം സാമുദായിക അക്രമം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു. അതേ വർഷം ഒക്ടോബർ 11-നും ഗാന്ധി ഉപവസിച്ചതായി രേഖകളുണ്ട്.
സ്വാതന്ത്ര്യം നേടിയ രാജ്യം ഒരു ആഘോഷത്തിലേക്ക് നീങ്ങുമ്പോൾ, ഗാന്ധിയുടെ ശ്രദ്ധ മറ്റൊരു ചോദ്യത്തിലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച മനുഷ്യർ തമ്മിൽ സമാധാനത്തോടെ ജീവിക്കുമോ?
1948: അവസാനത്തെ ഉപവാസം
1948 ജനുവരി 13. ഡൽഹിയിൽ സാമുദായിക സംഘർഷങ്ങൾ തുടരുകയായിരുന്നു. ഗാന്ധി അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ലക്ഷ്യം വ്യക്തമായിരുന്നു. സാമുദായിക സമാധാനം. ജനുവരി 18-ന് വിവിധ സമുദായ പ്രതിനിധികളിൽ നിന്ന് സമാധാനത്തിനുള്ള ഉറപ്പുകൾ ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചു. അത് അദ്ദേഹത്തിന്റെ അവസാനത്തെ വലിയ നിരാഹാരമായിരുന്നു.
ജനുവരി 30-ന് ഗാന്ധി വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന ആഴ്ചകളിലും, ഒരു ആയുധമല്ല, സ്വന്തം ശരീരത്തെയാണ് അദ്ദേഹം വീണ്ടും പ്രതിഷേധത്തിന്റെ ഭാഷയാക്കിയത്.
നിരാഹാരത്തിനപ്പുറം ഉണ്ടായിരുന്ന ചോദ്യം
ഗാന്ധിയുടെ നിരാഹാരങ്ങളുടെ ഈ നീണ്ട ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ ഒരു കാര്യം വ്യക്തമായി. അദ്ദേഹം ഓരോ തവണയും ഒരേ കാരണത്താലല്ല ഉപവസിച്ചത്. ഒരു തവണ ആശ്രമത്തിലെ തെറ്റിന്. മറ്റൊരു തവണ തൊഴിലാളികൾക്കായി. മറ്റൊരിക്കൽ അക്രമത്തിനെതിരെ. മറ്റൊരിക്കൽ ഹിന്ദു-മുസ്ലിം ഐക്യത്തിനായി. ചിലപ്പോൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ. ചിലപ്പോൾ സ്വന്തം പ്രസ്ഥാനത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്.
അതുകൊണ്ട് ഗാന്ധിയുടെ നിരാഹാരങ്ങളെ മനസ്സിലാക്കാൻ ഓരോ ഉപവാസവും അതിന്റെ കാലഘട്ടത്തിലും സാഹചര്യത്തിലും ഫലത്തിലും വായിക്കേണ്ടതുണ്ട്. ഗാന്ധിയെ ഒരു വാക്കിൽ നിർവചിക്കാൻ ശ്രമിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ വ്യത്യസ്ത സംഭവങ്ങളെ തമ്മിൽ ചേർത്തുവായിക്കുന്നതാണ് ചരിത്രത്തോട് കൂടുതൽ നീതി പുലർത്തുന്നത്.
വീണ്ടും ആ പഴയ പത്രത്താളിലേക്ക്
ഇത്രയും വായിച്ചും അന്വേഷിച്ചും കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ആ അൽ-അമീൻ പത്രത്താളിലേക്ക് തിരിഞ്ഞുനോക്കി. 1933 ഓഗസ്റ്റ് 20.
ഗാന്ധിയുടെ ജീവിതത്തിലെ വലിയൊരു കാലഘട്ടം അതിൽ നിന്ന് പിന്നിലായിരുന്നു. മറ്റൊരു വലിയ കാലഘട്ടം മുന്നിലുമുണ്ടായിരുന്നു. അത് ഒരു പഴയ പത്രത്താൾ മാത്രമല്ലായിരുന്നു.
ചരിത്രം അന്ന് വർത്തമാനമായിരുന്നുവെന്നതിന്റെ തെളിവായിരുന്നു. അന്ന് ആരോ ഈ പത്രം വായിച്ചിരിക്കണം. ഗാന്ധിയെക്കുറിച്ചുള്ള വാർത്ത കണ്ടിരിക്കണം. ഒരുപക്ഷേ അതിനെക്കുറിച്ച് വീട്ടിൽ സംസാരിച്ചിരിക്കാം. പിന്നീട് ആ പത്രം മടക്കി വച്ചിരിക്കാം. കാലം കടന്നുപോയി. വാർത്ത പഴയതായി. പത്രം മഞ്ഞയായി. പക്ഷേ അത് എന്റെ അമ്മയുടെ ശേഖരത്തിൽ എത്തി. അമ്മ അത് സൂക്ഷിച്ചു. ഇന്ന് ഞാൻ അത് തുറന്നു.

അൽ-അമീൻ പത്രം
ഒരു പഴയ പത്രത്താൾ ഒരു മകനെ വീണ്ടും ചരിത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അതിനൊപ്പം ഒരു അമ്മ തന്റെ ഓർമ്മകളിലൂടെ ആ ചരിത്രത്തിലേക്ക് മറ്റൊരു വാതിൽ തുറന്നു. അവിടെ എനിക്ക് മനസ്സിലായത് ഇതാണ്; ചരിത്രം എല്ലായ്പ്പോഴും വലിയ കെട്ടിടങ്ങളിലോ മ്യൂസിയങ്ങളിലോ മാത്രം സൂക്ഷിക്കപ്പെടുന്നില്ല. ചിലപ്പോൾ അത് ഒരു വീട്ടിലെ അലമാരയിലായിരിക്കും. ഒരു പഴയ നാണയത്തിൽ. ഒരു മങ്ങിയ പത്രത്താളിൽ. ഒരു അമ്മയുടെ ഓർമ്മയിൽ.
ചില വസ്തുക്കൾ നമ്മൾ കാത്തുസൂക്ഷിക്കുന്നത് കേവലം കൗതുകത്തിനല്ല. വിസ്മൃതിയിലേക്ക് മറഞ്ഞുപോകുന്ന ഒരു കാലത്തെയും അതിലെ മനുഷ്യരെയും അവരുടെ ചോദ്യങ്ങളെയും വരുംതലമുറയ്ക്കായി ജീവനോടെ നിലനിർത്താനാണ്. എന്റെ അമ്മ ആമിന ഖാദർ ഇന്നും തന്റെ ശേഖരങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്നു.
അത് ഒരു ശേഖരത്തിന്റെ പ്രദർശനം മാത്രമല്ല. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ചരിത്രം കൈമാറുന്ന ഒരു ചെറിയ യാത്രയാണ്.
വാക്കറിന്റെ സഹായത്തോടെ അമ്മ ഇന്നും നടക്കുന്നു. പക്ഷേ അവൾ എന്നെ കൊണ്ടുപോയ യാത്രയ്ക്ക് വഴികളോ വാഹനങ്ങളോ ആവശ്യമില്ല.
ഒരു പഴയ പത്രത്താൾ മതി. ഒരു ചോദ്യം മതി. ഒരു ഓർമ്മ മതി.
ഒടുവിൽ, ചരിത്രത്തോട് ചോദിക്കാൻ ഒരു ധൈര്യം മാത്രം മതി.
‘നമ്മൾ കേട്ടത് എന്താണ്?’ എന്നതിനു പകരം
‘യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?’
Content Highlight:The Gandhi portrayed in the old ‘Al-Ameen’ newspaper page of Ameena Khader.
