മോളിവുഡിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റോം കോം ചിത്രം മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറി. കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞ ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്.

തിയേറ്റര്‍ റിലീസിലെ അതേ സ്വീകാര്യത തന്നെയാണ് ഒ.ടി.ടിയിലും ജസ്റ്റിനും ആഷ്‌ലിക്കും ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും ബെത്‌ലഹേം കുടുംബ യൂണിറ്റിനെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോ സീനുകളും ഡയലോഗുകളും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഏജ് ഗ്യാപ് റൊമാന്‍സാണ് ബെത്‌ലഹേമിന്റെ പ്രധാന തീം.

ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ തെലുങ്ക് പേജുകളിലും ചിത്രം ചര്‍ച്ചയായിക്കഴിഞ്ഞു. മോളിവുഡില്‍ ഇത്തരം ഏജ് ഗ്യാപ് റൊമാന്‍സ് കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുമ്പോള്‍ തെലുങ്കില്‍ അത് പലപ്പോഴും പാളിപ്പോകുന്നതാണ് ഇത്തരം പേജുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരുകാലത്ത് തെലുങ്കിലെ ടോപ് സ്റ്റാറായി വിലസിയ, ഇപ്പോള്‍ ട്രോള്‍ മെറ്റീരിയലായ പവന്‍ കല്യാണാണ് ഇക്കൂട്ടരുടെ ഇര.

പവന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഉസ്താദ് ഭഗത് സിങ്ങിലെ റൊമാന്‍സ് സീനുകളെ തെലുങ്ക് പേജുകള്‍ വറുത്തെടുക്കുകയാണ്. ചിത്രത്തില്‍ പവന്റെ നായികയായി വേഷമിട്ടത് ശ്രീലീലയായിരുന്നു. 55 വയസുകാരനായ പവന്റെ നായികയായി 21കാരിയായ ശ്രീലീലയെ കാസ്റ്റ് ചെയ്തത് ഒരുപാട് ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തില്‍ ഇരുവരുടെയും റൊമാന്‍സ് രംഗങ്ങള്‍ കണ്ട് പലരും ചിരിച്ചതിന് കൈയും കണക്കുമില്ല.

ജസ്റ്റിനും ആഷ്‌ലിക്കും മുമ്പ് ഏജ് ഗ്യാപ് റൊമാന്‍സ് ഇത്ര ഗംഭീരമായി കാണിച്ച വേറെ സിനിമയില്ലെന്നാണ് പലരും പരിഹാസരൂപത്തില്‍ അഭിപ്രായപ്പെടുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് തെലുങ്കില്‍ റീമേക്ക് ചെയ്താല്‍ നായകനായി പവന്‍ ഗാരുവല്ലാതെ വേറാരും ശരിയാകില്ലെന്നും കമന്റുകളുണ്ട്. തിയേറ്ററില്‍ വന്‍ പരാജയമായ ഉസ്താദ് ഭഗത് സിങ് ഒ.ടി.ടി റിലീസിന് ശേഷം വലിയ ട്രോള്‍ മെറ്റീരിയലായിരുന്നു.

ഒരുവിധത്തില്‍ എല്ലാവരും ഉസ്താദ് ഭഗത് സിങ്ങിനെ മറന്നുവന്നപ്പോഴാണ് ബെത്‌ലഹേമിന്റെ റിലീസ്. ഇതോടെ പഴയ ട്രോളുകള്‍ വീണ്ടും വൈറലായി. പവറില്ലാത്ത സ്റ്റാറായി മാറിയ പവനെ ഒരു ദയയുമില്ലാതെയാണ് എല്ലാവരും എയറിലാക്കുന്നത്. തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരെ കാസ്റ്റ് ചെയ്യുന്ന രവി തേജ, ബാലകൃഷ്ണ എന്നിവരെയും ട്രോളന്മാര്‍ വെറുതെവിടുന്നില്ല.

Content Highlight: Pawan Kalyan getting trolls for romance after OTT release of Bethlehem Kudumba Unit