‘2026 ഒക്ടോബർ 3’ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ ദിവസം കുറിക്കപ്പെടും. ഒരേസമയം ഇന്ത്യൻ ടീം രണ്ട് മത്സരത്തിനിറങ്ങുന്ന അപൂർവ നിമിഷത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം സാക്ഷിയാവാൻ പോവുന്നത്.
ഏഷ്യൻ ഗെയിംസിൽ സ്വർണമണിയാൻ പാകിസ്ഥാനെതിരെ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യൻ ടി-20 ടീം ഇറങ്ങുമ്പോൾ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശുഭ്മൻ ഗില്ലും സംഘവും കളത്തിലിറങ്ങും.
ഇന്ന് രാവിലെ 10 മണിക്കാണ് ഏഷ്യൻ ഗെയിംസ് ഫൈനൽ പോരാട്ടം അരങ്ങേറുന്നത്. ഏകദിനം രണ്ട് മണിക്കും ആരംഭിക്കും. പഞ്ചാബിലെ മഹാരാജ യാദവിന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.
1998ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരേ ദിവസം തന്നെ രണ്ട് മത്സരങ്ങൾ കളിക്കാൻ പോവുന്നത്.ഇതിന് മുമ്പ് 1998ൽ സെപ്റ്റംബർ 12നായിരുന്നു ഇങ്ങനെയൊരു അപൂർവ ദിവസം പിറവിയെടുത്തിയിരുന്നത്.
ടോറോന്റോയിൽ നടന്ന സഹാറ ഫ്രണ്ട്ഷിപ്പ് കപ്പിലും, ക്വാലാലംപൂരിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ ടീം വ്യത്യസ്ത മത്സരങ്ങളിൽ കളിച്ചു. പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യയുടെ മത്സരം. നീണ്ട 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ചരിത്രം ആവർത്തിക്കുകയാണ്.
അതേസമയം സെമി ഫൈനലിൽ ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിലേക്ക് മുന്നേറിയത്. ലങ്കക്കെതിരെ 124 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറിൽ 45 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
മറുഭാഗത്ത് വിൻഡീസിനെതിരെയുള്ള ഏകദിനത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തിൽ റെക്കോഡ് ചെയ്‌സിങ് നടത്തിയാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പാക്കിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും കരുത്തിൽ ഇന്ത്യ 39 പന്ത് ബാക്കി നിൽക്കെ അനായാസമായി മറികടക്കുകയായിരുന്നു.
Content Highlight: Indian cricket team is playing two matches on the same day for the first time since 1998
