മുംബൈ: നിലവില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന ലോകത്തിന് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്.
വെള്ളിയാഴ്ച മുംബൈയില്‍ നടന്ന അഖില ഭാരതീയ വിഹാര്‍ സേവാ ഗ്രൂപ്പിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
വികസനം, പരിസ്ഥിതി സംരക്ഷണം, വ്യക്തിസ്വാതന്ത്ര്യം, കുടുംബജീവിതം, മതവിശ്വാസം തുടങ്ങി പല മേഖലകളിലും ലോകം പരസ്പരം പോരടിക്കുകയാണെന്നും ഈ വൈരുദ്ധ്യങ്ങളെ മറികടക്കാനുള്ള വഴികള്‍ തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ഭാഗവത് പറഞ്ഞു.
മറ്റ് രാജ്യങ്ങളെ കീഴടക്കാനോ അവിടെയുള്ള ജനങ്ങളെ പരിവര്‍ത്തനം ചെയ്യുകയോ ചെയ്യാതെ അറിവ് പങ്കുവെച്ച ഇന്ത്യയുടെ പാരമ്പര്യം ഭാഗവത് എടുത്തുപറഞ്ഞു.
‘അധിനിവേശമോ മതപരിവര്‍ത്തനമോ ഇല്ലാതെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും ഉള്ള വഴി ഇന്ത്യ ലോകത്തിന് കാണിച്ച് കൊടുത്തു. ധര്‍മ്മവും രാഷ്ട്രവും ഒന്നുതന്നെയാണ്’, ഭാഗവത് പറഞ്ഞു.
ലോകത്തിന്റെ സന്തോഷമെല്ലാം അപൂര്‍ണമാണെന്നും ആഗ്രഹങ്ങളെല്ലാം നഷ്ടത്തോടെയാണ് പൂര്‍ത്തിയാകുന്നതെന്നും ഭാഗവത് പറഞ്ഞു.
ലോകത്ത് സന്തുലിതാവസ്ഥയില്ലെന്നും തീവ്രവാദമുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പാരമ്പര്യമായ അറിവുകള്‍ സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകുന്നവരുടെ ജീവിതവും പാരമ്പര്യവും സംരക്ഷിക്കുന്നത് മതപരമായ ഉത്തരവാദിത്തം മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കുമുള്ള സേവനമാണെന്ന് ഭാഗവത് പറഞ്ഞു.
ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത് മാനവികത, സാഹോദര്യം എന്നീ ആശയങ്ങളിലാണെന്നും ഇതോടൊപ്പം ധര്‍മം കൂടിയില്ലെങ്കില്‍ രാഷ്ട്രത്തിന്റെ പ്രാധാന്യം ക്രമേണ ക്ഷയിക്കുമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Content Highlight: India has responsibility to show right path to troubled world, says Bhagawat.
