തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖയോട് ബി.ജെ.പി നേതൃത്വം കാണിച്ചത് കടുത്ത വഞ്ചനയും അനീതിയുമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വിമർശിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അവർക്ക് മേയർ പദവി വാഗ്‌ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് നൽകിയില്ലെന്നും ഉയർന്ന പൊലീസ് പദവിയിലിരുന്ന വ്യക്തിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയാണ് പാർട്ടി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ആർ. ശ്രീലേഖയെപ്പോലെ സത്യസന്ധയായ ഒരു മുൻ ഉദ്യോഗസ്ഥയെ പാർട്ടി മുന്നിൽ നിർത്തിയപ്പോൾ, മറ്റൊരു ഭാഗത്ത് കാപ്പ കേസിലെ പ്രതിയെ കൗൺസിലറാക്കാനും അവരെ മോചിപ്പിക്കാനുമുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തിയത്. ഇതിനായി ശ്രീലേഖയെ ഒരു മുഖമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് ദേശീയ വനിതാ കമ്മീഷനിൽ പദവി നൽകാമെന്ന് വാഗ്‌ദാനം ചെയ്തെങ്കിലും അതും നൽകാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം അവരെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കോർപ്പറേഷൻ കൗൺസിലർ മാത്രമായി ഒതുങ്ങേണ്ട വ്യക്തിത്വമല്ല ശ്രീലേഖയുടേത്. സ്വീകാര്യതയുള്ള ആളുകളെ പാർട്ടിയിലേക്ക് ക്ഷണിച്ചുവരുത്തി ഉപയോഗിച്ച ശേഷം കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയുന്നതാണ് ബി.ജെ.പിയുടെ സ്ഥിരം ശൈലിയെന്ന്’ സന്ദീപ് വാര്യർ പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബി.ജെ.പിയിൽ ചേരാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീലേഖ മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് പോകുമോ എന്ന കാര്യത്തിൽ അവർ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണം തകർക്കാൻ എൽ.ഡി.എഫ്-യു.ഡി.എഫ് ധാരണയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ സന്ദീപ് വാര്യർ, കോർപ്പറേഷൻ ഭരണത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.

കോർപ്പറേഷനിൽ അടിസ്ഥാന പ്രശ്നങ്ങളായ തെരുവുനായ ശല്യമോ കുടിവെള്ള ക്ഷാമമോ പരിഹരിക്കപ്പെടുന്നില്ല. അടുത്ത തെരഞ്ഞെടുപ്പുകളും പാർട്ടിയിലെ അധികാരങ്ങളും ലക്ഷ്യമിട്ട് ബി.ജെ.പി നേതാവ് വി.വി. രാജേഷ് നടത്തുന്ന ചില അഭ്യാസങ്ങളും പി.ആർ ഗിമ്മിക്കുകളും മാത്രമാണ് അവിടെ നടക്കുന്നത്. നഗരസഭയിൽ വികസന പ്രവർത്തനങ്ങൾക്ക് പകരം വെറും തട്ടിപ്പ് മാത്രമാണ് നടക്കുന്നതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Content Highlight:Sreelekha was deceived with the promise of the Mayor post; Sandeep Varier calls the BJP’s actions a gross betrayal.