വരുണ്‍ ഗാന്ധിമാരുടേയും, അക്ബറുദ്ദീന്‍ ഉവൈസിമാരുടെയും വാക്കുകളിലൂടെ പുറത്തേക്ക് വമിക്കപ്പെടുന്ന വര്‍ഗീയ വിഷം ലക്ഷക്കണക്കിന് യുവാക്കളുടെ സിരകളിലേക്ക് പടരുകയാണ് ചെയ്യുന്നത്. “തക്ബീര്‍” മുഴക്കിയും, “ജയ്ശ്രീരാം” വിളികളോടെയും ആണ് ബന്ധുത്വരാഷ്ട്രീയത്തില്‍ പിറന്നുവീണ വിഷവിത്തുകളെ അവര്‍ ഏറ്റെടുക്കുന്നത് എന്നത് ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തെ സംബന്ധിച്ച് ആശങ്കാജനകമായ സംഗതിയാണ്. ശ്രീജിത്ത് കൊണ്ടോട്ടി എഴുതുന്നു.
എസ്സേയ്‌സ് /ശ്രീജിത്ത് കൊണ്ടോട്ടി
![]()
മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ആന്ധാപ്രദേശിലെ ചന്ദ്രയാന്‍ഗുട്ട എം.എല്‍.എയുമായ അക്ബറുദ്ദീന്‍ ഉവൈസി ഹൈദ്രാബാദിലെ പാര്‍ട്ടി പൊതുയോഗത്തില്‍ വച്ച് നടത്തിയ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. സമൂഹിക സ്പര്‍ദ്ദ വളര്‍ത്തുന്ന ആ വിദ്വേഷ പ്രസംഗം പരസ്യമായ ഒരു യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു എന്നുവേണം വിലയിരുത്താന്‍.[]
ഡിസംബര്‍ മാസം 24ന് അന്‍പതിനായിരത്തോളം വരുന്ന പാര്‍ട്ടി അണികള്‍ക്ക് മുന്‍പില്‍ നടത്തിയ ദേശവിരുദ്ധ പരമാര്‍ശങ്ങളുടെ പേരില്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമസഭാംഗം എന്ന നിലയില്‍ നഗ്‌നമായ സത്യപ്രതിജ്ഞ ലംഘനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
എം.ഐ.എം പാര്‍ട്ടി ചെയര്‍മാനും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗ ശൈലികൊണ്ട് യുവാക്കളായ പാര്‍ട്ടി അണികളെ ആവേശം കൊള്ളിക്കുന്നയാളാണ്. അതിന്റെ പേരില്‍ ഇതിന് മുന്‍പും നിരവധി കേസുകളില്‍ പ്രതിയുമായിട്ടുണ്ട് ഇദ്ദേഹം. ബി.ജെ.പി നേതാവ് കെ. കരുണാസാഗര്‍ ഹൈദ്രാബാദ് കോടതിയിലും, സാമൂഹ്യപ്രവര്‍ത്തക ശബ്‌നം ഹാഷ്മി ദല്‍ഹിയിലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉവൈസിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ ദേശീയ മാധ്യമങ്ങള്‍ അധികം ഏറ്റെടുക്കാതിരുന്ന ഈ വിഷയം ജനുവരി രണ്ടാം തീയതിയിലെ “ടൈംസ് നൌ” ചാനലില്‍ പ്രാധാന വിഷയമായി അര്‍ണബ് ഗോസ്വാമി ചര്‍ച്ചയ്ക്ക് വെച്ചിരുന്നു. പങ്കെടുത്തവര്‍ ചേരിതിരിഞ്ഞ് പരസ്പരം വിമര്‍ശിക്കുകയും ന്യായീകരണങ്ങള്‍ ചമയ്ക്കുകയും ചെയ്തു എന്നല്ലാതെ പ്രധാന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ച അധികം നീണ്ടുപോയില്ല.
വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ചവര്‍ ആണ് ഉവൈസിക്ക് എതിരെ ആദ്യം നിയമനടപടികളുമായി വന്നത് എന്നത് കൌതുകകരമായി തോന്നുന്നു. അന്ന് വരുണ്‍ ഗാന്ധിക്കെതിരെ പറഞ്ഞവരില്‍ പലരും ഇന്ന് മൗനത്തിലും ആണ്.
പൊളിറ്റിക്കല്‍ ഹിന്ദുത്വവും പൊളിറ്റിക്കല്‍ ഇസ്‌ലാമിസവും ഒരു മതേതര സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീഷണികളെ കുറിച്ച് ആശങ്കപ്രകടിപ്പിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് കമാല്‍ ഫാറൂഖി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. സംഘപരിവാരത്തെ സഹായിക്കുന്ന ഭരണകൂട നിലപാടുകള്‍ മുസ്ലീം തീവ്രവാദ സംഘങ്ങളുടെ വളര്‍ച്ചക്ക് കാരണമാവുകയാണ്.
യോഗി ആദിത്യനാഥ് തൊട്ട് പ്രവീണ്‍ തൊഗാഡിയ വരെയുള്ള വിദ്വേഷ പ്രചാരകര്‍ ആയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ഭൂരിപക്ഷന്യൂനപക്ഷ ഭേദമില്ലാതെ മതവര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് കമാല്‍ ഫാറൂഖി ആവശ്യപ്പെട്ടത്.
കേരളം ഭീകരവാദികളുടെ കേന്ദ്രമാണെന്നും, അബ്ദുല്‍ നാസര്‍ മഅദനി അവരുടെ തലവന്‍ ആണെന്നുമുള്ള കാര്യത്തില്‍ പ്രസ്തുത ചര്‍ച്ചയില്‍ ഉവൈസിയെ ന്യായീകരിച്ചവര്‍ക്ക് പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായി തോന്നിയ കാര്യം. പന്ത്രണ്ട് വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ ജയിലില്‍ വിചാരണപോലും നിഷേധിക്കപ്പെട്ട് കഴിയുന്ന മഅദനിയെ ആര്‍.എസ്സ്.എസ്സ് നേതാവ് രാകേഷ് സിന്‍ഹ ഭീകരവാദി എന്ന് ആവര്‍ത്തിച്ചു വിളിക്കുമ്പോള്‍ ശശികല ടീച്ചര്‍ മുതല്‍ പ്രവീണ്‍ തൊഗാഡിയ വരെയുള്ള സംഘപരിവാര്‍ നേതാക്കളെ ന്യായീകരിക്കാനും ധാരാളം സമയം കണ്ടെത്തി.
വര്‍ഗീയ വിഷം തുപ്പുന്ന തൊഗാഡിയമാരെയും ഉവൈസിമാരെയും പോലുള്ള യഥാര്‍ത്ഥ തീവ്രവാദികള്‍ മതരാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ കണ്ണ് വെട്ടിക്കുന്നു. പറയത്തക്ക വോട്ട് ബാങ്കോ, രാഷ്ട്രീയ സ്വാധീനമോ ഇല്ലാത്ത മഅദനിമാര്‍ വിചാരണപോലും നിഷേധിക്കപ്പെട്ട്, ഭീകരവാദ മുദ്രകുത്തപ്പെട്ട് ഇരുട്ടറകളില്‍ കഴിയുകയും ചെയ്യുന്നു എന്നത് ഏറെ വിരോധാഭാസമാണ്.
പൊളിറ്റിക്കല്‍ ഹിന്ദുത്വവും, പൊളിറ്റിക്കല്‍ ഇസ്‌ലാമിസവും ഒരു സെക്കുലര്‍ സമൂഹത്തിന് വലിയ വിപത്താണ് സൃഷ്ടിക്കുന്നത്. മതം രാഷ്ട്രീയത്തില്‍ ചെലുത്തുന്ന ദുസ്വാധീനം ഇന്ത്യയെപ്പോലൊരു ബഹുസ്വര സമൂഹത്തെ ശിഥിലമാക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ വെറുപ്പിന്റെ രാഷ്ട്രീയപ്രചാരകളില്‍ അക്ബറുദ്ദീന്‍ ഉവൈസിയുടേത് ആദ്യത്തേതോ, ഒറ്റപ്പെട്ടതോ ആയ പേരല്ല. ഇന്ത്യ മുഴുവന്‍ വേരുകള്‍ പടര്‍ന്നുകിടക്കുന്ന സംഘപരിവാര വും ആന്ധ്രാപ്രദേശിലെ ഒന്നുരണ്ടു ജില്ലകളില്‍ മാത്രം നിര്‍ണായകമായ സ്വാധീനം ഉള്ള എം.ഐ.എമ്മും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മറ്റു തീവ്രവാദ സംഘടനകളും പ്രചരിപ്പിക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയം തന്നെയാണ്.
ഉവൈസിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന സാമൂഹ്യപ്രവര്‍ത്തക ശബ്‌നം ഹാഷ്മി എം.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി സന്ദേശങ്ങളും, അധിക്ഷേപങ്ങളുമാണ് വലിയതോതില്‍ നേരിടുന്നത്. ആര്‍.എസ്.എസ്സും, എം.ഐ.എമ്മും ഒരേ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആണെന്നാണ് അവര്‍ അഭിപ്രയപ്പെട്ടതും.
വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തെ ന്യായീകരിച്ചവര്‍ ആണ് ഉവൈസിക്ക് എതിരെ ആദ്യം നിയമനടപടികളുമായി വന്നത് എന്നത് കൌതുകകരമായി തോന്നുന്നു. അന്ന് വരുണ്‍ ഗാന്ധിക്കെതിരെ പറഞ്ഞവരില്‍ പലരും ഇന്ന് മൗനത്തിലും ആണ്. ഒരു തെറ്റിനെ മറ്റൊന്നുമായി താരതമ്യം ചെയ്തു നിസ്സാരവല്‍ക്കരിച്ചുകാണുന്നത് ന്യായീകരിക്കാനാവില്ല.
ഇന്ത്യന്‍ യുവത്വത്തെ മതത്തിന്റെ പേരില്‍ വിഘടിപ്പിക്കുന്ന, വര്‍ഗീയവല്‍ക്കരിക്കുന്ന ഇതുപോലുള്ള യുവരാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
2009ല്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തില്‍ മുസ്ലീങ്ങള്‍ക്ക് എതിരെ ദേശവിരുദ്ധ പ്രസ്താവന നടത്തിയ വരുണ്‍ ഗാന്ധിയുടെ കയ്യില്‍ ഭഗവദ്ഗീതയുണ്ടായിരുന്നു. “ഹിന്ദുക്കള്‍ എതിരെ നീളുന്ന കൈകള്‍ വെട്ടുമെന്നും, ഇന്ത്യ ഹിന്ദുക്കളുടെതാണെന്നുമെല്ലാം ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ “ജയ് ശ്രീറാം” മുഴക്കിയാണ് ആയിരങ്ങള്‍ അതിനെ സ്വീകരിച്ചത്.
അടുത്ത പേജില്‍ തുടരുന്നു
ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരില്‍ പലായനം ചെയ്യേണ്ടിവന്ന എഴുത്തുകാരി തസ്ലീമ നസ്രീന് മരണവാറണ്ട് പുറപ്പെടുവിച്ചതും, ഹൈദ്രാബാദില്‍ പത്രസമ്മേളനത്തിനിടെ സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ അവരെ ആക്രമിച്ചതും സ്ഥലം എം.എല്‍.എകൂടി ആയിരുന്ന ഈ നാല്‍പ്പത്തിരണ്ടുകാരന്‍ ആയിരുന്നു.
മുസ്‌ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മഹാനായ നെഹ്‌റുവിന്റെ പൗത്ര “സന്തതി”യെ അറസ്റ്റ് ചെയ്ത വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയായിരുന്നു ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2012 ഡിസംബര്‍ 24ന് “പോലീസിനെ വെറും പതിനഞ്ച് മിനിറ്റ് മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ കൊന്നുകളയാം, ശതമാനക്കണക്കില്‍ കുറവാണെങ്കിലും മുസ്‌ലീങ്ങള്‍ക്ക് അത് ചെയ്യാനാകും” എന്ന അക്ബറുദ്ദീന്‍ ഉവൈസിയുടെ ആഹ്വാനത്തെ പൊതുയോഗത്തില്‍ സന്നിഹിതരായ പതിനായിരക്കക്കണക്കിന് യുവജനങ്ങള്‍ “അല്ലാഹു അക്ബര്‍” വിളികളോടെയാണ് ഏറ്റെടുത്തത്.
വരുണ്‍ ഗാന്ധിയോ, ഉവൈസിയോ അവസാനിച്ചാലും അവരാല്‍ യുവാക്കളുടെ ഞരമ്പുകളില്‍ കുത്തിവെക്കപ്പെട്ട വര്‍ഗീയ വിഷം തലമുറകളിലേക്ക് കൂടി പടരുകതന്നെ ചെയ്യും എന്ന വസ്തുത ഭീതിയോടെ മാത്രമേ കാണാന്‍ സാധിക്കൂ.
സോഷ്യല്‍ മീഡിയകളില്‍ പതിനായിരക്കണക്കിന് ആരാധകരുടെ യൂത്ത് ഐക്കണ്‍ ആണ് ഹബീബി മില്ലത്ത് എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അക്ബറുദ്ദീന്‍ ഉവൈസി. തീവ്രവും, അതിവൈകാരികവുമായ തന്റെ പ്രസംഗശൈലികൊണ്ട് ഹൈദ്രാബാദിലെ യുവാക്കള്‍ക്ക് ഇടയില്‍ ആനിലയില്‍ അദ്ദേഹം നിര്‍ണായകമായ സ്വാധീനവും നേടിയെടുത്തിട്ടുണ്ട്.[]
പിതാവ് സുല്‍ത്താന്‍ സലാവുദ്ദീന്‍ ഉവൈസിയും, സഹോദരനും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയും പ്രകടിപ്പിച്ചിരുന്ന രാഷ്ട്രീയ പക്വതപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരിടത്തും ഉണ്ടാവാറില്ല. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരില്‍ പലായനം ചെയ്യേണ്ടിവന്ന എഴുത്തുകാരി തസ്ലീമ നസ്രീന് മരണവാറണ്ട് പുറപ്പെടുവിച്ചതും, ഹൈദ്രാബാദില്‍ പത്രസമ്മേളനത്തിനിടെ സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ അവരെ ആക്രമിച്ചതും സ്ഥലം എം.എല്‍.എകൂടി ആയിരുന്ന ഈ നാല്‍പ്പത്തിരണ്ടുകാരന്‍ ആയിരുന്നു.
നൈസാം ഭരണ കാലഘട്ടത്തില്‍ ഹൈദ്രാബാദ് നവാബ് സ്ഥാപിച്ച എം.ഐ.എം പിന്നീട് പാകിസ്ഥാന്‍ പക്ഷപാതിത്വത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടു. 1957ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആ സംഘടനയുടെ നിരോധനം നീക്കുകയും അങ്ങനെ ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ച് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപപ്പെടുകയും ആണ് ഉണ്ടായത്.
ഭാഷയും, വേഷവും, ശ്വാസവും വരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെട്ട ഹൈദ്രാബാദിലെ പ്രത്യേക സാമൂഹ്യാന്തരീക്ഷം ആന്ധ്രയിലെ മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് ഏറെ വിഭിന്നമാണ്. മതവും രാഷ്ട്രീയവും ജനങ്ങളെ അത്രമാത്രം വിഭജിച്ചിരിക്കുന്ന പ്രദേശം. ആന്ധ്ര രാഷ്ട്രീയത്തിലെ കക്ഷിനില വച്ച് നോക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഒരു സീറ്റ് പോലും നേടാന്‍ ആവാത്ത ബി.ജെ.പിയേക്കാള്‍ ഏറെ ശക്തമാണ് ഒരു എം.പിയും ഏഴ് എം.എല്‍.എമാരും ഉള്ള ഉവൈസിമാരുടെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രാഷ്ട്രീയ അടിത്തറ. സംഘടിതമായി തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തികഞ്ഞ കേഡര്‍ സ്വഭാവത്തില്‍ ഉള്ള പാര്‍ട്ടികൂടിയാണത്.
വളരെക്കാലം കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചിരുന്ന എം.ഐ.എം ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. രാജശേഖര റെഡ്ഢിയുടെ പിന്‍ഗാമിയായി വന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി സംഘപരിവാരത്തെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതാണ് പിന്തുണ പിന്‍വലിക്കാനുള്ള കാരണമായി പറയപ്പെടുന്നത്.
ചാര്‍മിനാര്‍ പരിസരത്ത് കോടതിയുടെ വിലക്ക് മറികടന്ന് നടത്തുന്ന ക്ഷേത്ര നവീകരണ ജോലികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാറോ, സംസ്ഥാന സര്‍ക്കാറോ ശ്രമിക്കുന്നില്ലെന്നും സാമുദായികമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും അക്ബറുദ്ദീന്‍ ഉവൈസി ആരോപിച്ചിരുന്നു.
സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയമായി നിലനില്‍പ്പില്ലെങ്കിലും ബി.ജെ.പി ഘടകകക്ഷികള്‍ ആയിരുന്ന ടി.ഡി.പിയും, ടി.ആര്‍.എസും സമ്പൂര്‍ണ മതേതരപ്പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സും പലപ്പോഴായി മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. ബാബറി മസ്ജിദ് വിഷയത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവും ഇവിടുത്തുകാരന്‍ ആണല്ലോ.
ഇന്ത്യയിലെ ഏറ്റവും ശക്തവും സംഘടിതവുമായ ഫാസിസ്റ്റ് ഗ്രൂപ്പ് ആണ് സംഘപരിവാരം. ബാബറി മസ്ജിദ് ധ്വംസനവും ഗുജറാത്ത് കലാപവും ഉള്‍പ്പെടെയുള്ള തങ്ങളുടെ ഫാസിസ്റ്റ് അജെണ്ടകള്‍ നടപ്പാക്കുന്നതില്‍ അവര്‍ക്ക് അധികം പ്രതിബന്ധങ്ങള്‍ ഒന്നും നേരിടേണ്ടിവന്നില്ല. ഏകപക്ഷീയവും സംഘടിതവുമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വടക്കേ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വലിയ സ്വാധീനമുണ്ടാക്കാനും സഹായിച്ചു.
ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷമാണ് ദക്ഷിണേന്ത്യയില്‍ മുസ്‌ലീം തീവ്ര രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ ശക്തമാകുന്നത്. ഇവര്‍ നടത്തിയ വൈകാരിക പ്രചരണങ്ങളും ആ നിലയില്‍ അത് സൃഷ്ടിച്ച അരക്ഷിതബോധവും കൂടുതല്‍ യുവാക്കളെ തെറ്റായ വഴികളിലൂടെ നയിച്ചു.
വരുണ്‍ ഗാന്ധിമാരുടേയും, അക്ബറുദ്ദീന്‍ ഉവൈസിമാരുടെയും വാക്കുകളിലൂടെ പുറത്തേക്ക് വമിക്കപ്പെടുന്ന വര്‍ഗീയ വിഷം ലക്ഷക്കണക്കിന് യുവാക്കളുടെ സിരകളിലേക്ക് പടരുകയാണ് ചെയ്യുന്നത്. “തക്ബീര്‍” മുഴക്കിയും, “ജയ്ശ്രീരാം” വിളികളോടെയും ആണ് ബന്ധുത്വരാഷ്ട്രീയത്തില്‍ പിറന്നുവീണ വിഷവിത്തുകളെ അവര്‍ ഏറ്റെടുക്കുന്നത് എന്നത് ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തെ സംബന്ധിച്ച് ആശങ്കാജനകമായ സംഗതിയാണ്.
വര്‍ഗീയ പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റിവെച്ച് ഭരണകൂടവും, നിയമവ്യവസ്ഥയും ഭൂരിപക്ഷന്യൂനപക്ഷ തീവ്രവാദ പ്രചരണങ്ങളെ ശക്തമായി നേരിട്ടില്ലെങ്കില്‍ ഇന്ത്യന്‍ മതേതരത്വത്തിന് ഇനിയും അതുണ്ടാക്കുന്ന കളങ്കം ചെറുതാവില്ല.!!
