കോഴിക്കോട്: സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന് ജാമ്യം ലഭിച്ചത് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ബോധപൂര്‍വമായ അനാസ്ഥയും വീഴ്ചയും മൂലമാണെന്ന് സാമൂഹ്യപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. കേസില്‍ പൊലീസ് കാണിച്ച നിയമപരമായ പിഴവുകള്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നും അവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ജന്തര്‍ മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചതിനെ സംബന്ധിച്ചുള്ള വകുപ്പുകള്‍ ചേര്‍ക്കാതെയാണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതെന്ന് അവര്‍ പറഞ്ഞു. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നും തീര്‍ത്തും ബോധപൂര്‍വമായ ഇടപെടലുകളാണെന്നും ശ്രീജ നെയ്യാറ്റിന്‍കര ആരോപിച്ചു.
‘ഞങ്ങള്‍ നല്‍കിയ പരാതിയില്‍ ഈ ലൈംഗികാധിക്ഷേപവും ബലാത്സംഗം അടക്കമുള്ള കാര്യങ്ങളും അയാള്‍ പറയുന്നത് സുവ്യക്തമായി അക്കമിട്ട് നിരത്തുന്നുണ്ട്. എന്നാല്‍, എഫ്.ഐ.ആര്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയ ഒരു കാര്യം ലൈംഗികാധിക്ഷേപവുമായി ബന്ധപ്പെട്ട ഒരു വകുപ്പുകളും അതിനുള്ളില്‍ ചേര്‍ത്തിട്ടില്ല എന്നുള്ളതാണ്.’
അവരോക്കെ ബലാത്സംഗം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് എന്ന് പറയുമ്പോള്‍ അത് ഒരു വ്യക്തിയെ മാത്രമല്ല, സ്ത്രീ സമൂഹത്തെ മൊത്തമായിട്ടാണ് അധിക്ഷേപിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്രയും തെളിവുകളോടെ ഒരു പരാതി മുന്നിലെത്തുമ്പോള്‍ എഫ്.ഐ.ആറില്‍ ആ വിഷയത്തെ പരാമര്‍ശിച്ചിട്ടുപോലുമില്ല.
സ്ത്രീത്വത്തെ അപമാനിച്ചതും ലൈംഗികാധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട ശക്തമായ വകുപ്പുകളൊന്നും ആദ്യ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസ് വലിയ പ്രതിഷേധത്തിന് കാരണമായതിന് ശേഷവും, 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാരതീയ ന്യായ സംഹിതയിലെ 79ാം വകുപ്പ് (സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍) റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത്. അതേസമയം, ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട ബി.എന്‍.എസ് 75 പോലുള്ള ശക്തമായ വകുപ്പുകള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു’
11 ദിവസത്തോളം ഒളിവിലല്ലാതിരുന്നിട്ടും പ്രതിയെ ചോദ്യം ചെയ്യാനോ ഹാജരാകാന്‍ നോട്ടീസ് നല്‍കാനോ പൊലീസ് തയ്യാറായില്ല. ബി.എന്‍.എസ്.എസ് 35(3) അനുസരിച്ച് ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യണമെന്ന പ്രാഥമിക നടപടിക്രമം പോലും പോലീസ് പാലിച്ചില്ല.
ടി.ജി. മോഹന്‍ദാസ്
നോട്ടീസ് നല്‍കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ പെട്ടെന്ന് അറസ്റ്റ് രേഖപ്പെടുത്തിയത് പ്രതിഭാഗത്തിന് കോടതിയില്‍ ജാമ്യം നേടാനുള്ള കൃത്യമായ പിടിവള്ളിയായി മാറിയെന്നും ശ്രീജ ഡൂള്‍ന്യൂസ് പ്രതിനിധിയോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ടി.ജി. മോഹന്‍ദാസിന് പൊലീസ് തന്നെ കോടതയില്‍ നിന്നും ജാമ്യം വാങ്ങി നല്‍കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
’11 ദിവസമാണ് പോലീസ് ഈ എഫ്.ഐ.ആറില്‍ നടപടിയെടുക്കാതെ അടയിരുന്നത്. ആ സമയത്താണ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്ന വിഷയം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ലൈവാകുന്നത്. ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പോലീസ് വളരെ ശക്തമായ ശ്രമങ്ങള്‍ നടത്തി.
എന്നാല്‍, ഒളിവില്‍ പോകാതെ കണ്‍മുന്നില്‍ തന്നെയുണ്ടായിരുന്ന, വീഡിയോകളിറക്കി സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരുന്ന ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇത്രയും പ്രതിഷേധം സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നു വന്നപ്പോള്‍ അവസാനം പേരിന് വേണ്ടി മാത്രം അറസ്റ്റ് നടത്തുകയായിരുന്നു,’
സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാധിക്ഷേപത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ശ്രീജ വിമര്‍ശിച്ചു. നേരത്തെ മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ അധിക്ഷേപം നടത്തിയവര്‍ക്ക് സ്വീകരണം നല്‍കിയതുപോലെ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മോഹന്‍ദാസിനും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആര്‍പ്പുവിളികളോടെ സ്വീകരണം നല്‍കിയത് ഇതിന് തെളിവാണ്.
പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും വിവാദമായ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലും പോലീസ് നടപടിയെടുത്തിട്ടില്ല. ഒരു സംഘപരിവാര്‍ നേതാവിനെ സംരക്ഷിക്കാന്‍ കേരള പോലീസും ആഭ്യന്തര വകുപ്പും ബോധപൂര്‍വം നടത്തിയ ഇടപെടലാണ് ഇതെന്ന് വ്യക്തമാണെന്നും, പോലീസിന്റെ ഈ നിലപാട് ഗുരുതരമായ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കി.
Content Highlight: Sreeja Neyyattinkara stated that T.G. Mohandas secured bail due to the police’s deliberate negligence.