ഒരൊറ്റ റിലീസില്‍ ഒരു ഇന്റസ്ട്രിയുടെ തലവര തന്നെ മാറ്റിമറിച്ച ചിത്രമാണ് കെ.ജി.എഫ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായെത്തിയ ചിത്രം ഭാഷകളുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ബോക്‌സ് ഓഫീസിനെയാകെ ഇളക്കിമറിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗവും 2022 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗവും വലിയ ആരാധക പിന്തുണയാണ് യഷ് എന്ന നടന് സമ്മാനിച്ചത്. കന്നട സിനിമയില്‍ നിന്നും ലോകോത്തര നിലവാരത്തിലേക്ക് യഷിന് റീച്ച് നല്‍കാനും ചിത്രത്തിനായിരുന്നു.
വി ഹാ യൂണ്‍. Photo: Screen grab/ India Today/ Youtube.com
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സ്‌ക്വിഡ് ഗെയിം എന്ന ലോകപ്രശസ്ത വെബ് സിരീസിലൂടെ ശ്രദ്ധിക്കപ്പെട്ട വി ഹാ യൂണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിരീസില്‍ തന്റെ കാണാതായ സഹോദരനെ കുറിച്ചറിയാന്‍ വേണ്ടി വേഷം മാറിയെത്തുന്ന ഡിക്ടറ്റീവ് ഓഫീസറായ ഹ്വാങ് ജുണ്‍ ഹോ ആയാണ് വി ഹാ യൂണ്‍ വേഷമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കെ.ജി.എഫിനോടുള്ള തന്റെ ഇഷ്ടം താരം വെളിപ്പെടുത്തിയത്.
‘കെ.ജി.എഫ് എന്ന ഒരു ഇന്ത്യന്‍ ചിത്രം ഞാന്‍ കണ്ടിരുന്നു. തീവ്രമായ ആക്ഷന്‍ സീക്വന്‍സുകള്‍ അടങ്ങിയ ചിത്രമായിരുന്നു അത്. വളരെ ഇന്റന്‍സായ ചിത്രത്തില്‍ വില്ലന്മാരെയെല്ലാം ഓരോന്നായി വേട്ടയാടുന്നുണ്ട്. വളരെ വലിയ സ്‌കെയിലില്‍ വളരെ ഫ്‌ളാഷി ആയിട്ടുള്ള ചിത്രമാണത്. കരിയറില്‍ ഇനി എപ്പോഴെങ്കിലും അതുപോലെ ആക്ഷനുകളുള്ള ഇന്റന്‍സായ തിരക്കഥ വരികയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും,’ വി ഹാ യൂണ്‍ പറഞ്ഞു.
കന്നട സീരിയലുകളിലൂടെ സിനിമയിലെത്തിയ യഷിനെ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലേക്കെത്തിച്ച ചിത്രമായിരുന്നു കെ.ജി.എഫ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് താരത്തിന്റെതായി പുറത്ത് വന്നിരിക്കുന്നത്. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക്ക് മാര്‍ച്ച് 19 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മിഡില്‍ ഈസ്റ്റിലുണ്ടായ യുദ്ധം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ യഷിന് വലിയ പിന്തുണയുള്ള സാഹചര്യത്തിലാണ് നിര്‍മാതാക്കാളുടെ റിലീസില്‍ നിന്നുള്ള പിന്മാറ്റം.
അതേസമയം ജൂനിയര്‍ എന്‍.ടി ആറിനെ നായകനാക്കി ഒരുക്കുന്ന ഡ്രഗണുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പ്രശാന്ത് നീല്‍. ചിത്രത്തിന് ശേഷം പ്രഭാസിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സലാറിന്റെ രണ്ടാം ഭാഗവും സംവിധായകന്റെ ലൈനപ്പിലുണ്ട്. കെ.ജി.എഫിന് മൂന്നാം ഭാഗമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ ചിത്രങ്ങളുടെ തിരക്കുകള്‍ക്ക് ശേഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Content Highlight: Squid Game Actor Wan hi Yoon talks about his love for KGF movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.