തിരുവനന്തപുരം: സ്പ്രിംക്ലറില്‍ ബി.ജെ.പിക്കുള്ളിലും ഭിന്നത. സ്പ്രിംക്ലറില്‍ വിജിലന്‍സ് അന്വേഷണം മാത്രം ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാടിനെതിരെ മറുപക്ഷം രംഗത്തെത്തി. സ്പ്രിംക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബി.ജെ.പി നേതാവ് എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചത്.

കെ. സുരേന്ദ്രന്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം കരാര്‍ റദ്ദാക്കണമെന്നും ഇടപാടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമായിരുന്നു.

എന്നാല്‍ സുരേന്ദ്രന്റെ ഈ നിലപാടിനെതിരെയാണ് എം.ടി രമേശ് പക്ഷം അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. സ്പ്രിംക്ലര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ചോദിച്ചുകൊണ്ടാണ് സുരേന്ദ്രന്റെ നിലപാടിനെതിരെ എം.ടി രമേശ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐയ്ക്കും എന്‍.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളതെന്നും അതിനാലാണ് ഈ ഇടപാടിനെ പറ്റി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതെന്നും എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സ്പ്രിംക്ലറിലെ സാമ്പത്തിക ഇടപാടിനെ കുറിച്ചും ക്രമക്കേടിനെ കുറിച്ചുമാണ് നിലവില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത് കോടതിയില്‍ അത് നിലനില്‍ക്കില്ലെന്നതുകൊണ്ടാണെന്നുമാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ വാദം.

എന്നാല്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന സുരേന്ദ്രന്റെ ആവശ്യം പാര്‍ട്ടിക്കുള്ളില്‍ പുതിയ തര്‍ക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.