ഈ വര്‍ഷത്തെ സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിക്കുമെന്ന് കരുതുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ. മാര്‍വലിന്റെ ഫേസ് സിക്‌സിലെ രണ്ടാമത്തെ ചിത്രമായ ബ്രാന്‍ഡ് ന്യൂ ഡേ തിയേറ്ററുകളിലെത്തുകയാണ്. നോ വേ ഹോമിന് ശേഷം എല്ലാവരും മറന്ന പീറ്റര്‍ പാര്‍ക്കര്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ കഥ.
റെക്കോഡ് പ്രീ സെയിലാണ് ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് ലഭിക്കുന്നത്. വേള്‍ഡ്‌വൈഡായി 120 മില്യണ്‍ (1000 കോടി) ഇതിനോടകം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ വീക്കെന്‍ഡില്‍ തന്നെ 472 മില്യണ്‍ ഓപ്പണിങ്ങാണ് ബ്രാന്‍ഡ് ന്യൂ ഡേ ലക്ഷ്യമിടുന്നത്. എല്ലാം ഒത്തുവന്നാല്‍ തുടര്‍ച്ചയായി രണ്ട് വണ്‍ ബില്യണ്‍ ക്ലബ്ബ് സ്‌പൈഡര്‍മാന്‍ സ്വന്തമാക്കും.
കേരളത്തിലും ഗംഭീര വരവേല്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം 2.9 കോടിയോളമാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്‌പൈഡര്‍മാന് ലഭിക്കുന്നത്. മിനിമം 3.5 കോടിയുടെ ആദ്യദിന കളക്ഷന്‍ സ്‌പൈഡര്‍മാന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. ഒരു ഹോളിവുഡ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനായിരിക്കും ഇത്.
മോഹന്‍ലാല്‍, വിജയ് എന്നീ സൂപ്പര്‍താരങ്ങളുടെ സിനിമക്ക് ലഭിക്കുന്ന അതേ ഹൈപ്പും സ്വീകാര്യതയുമാണ് ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് ലഭിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ ബ്രാന്‍ഡായി സ്‌പൈഡര്‍മാന്‍ മാറിയെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. മുന്‍ ചിത്രമായ നോ വേ ഹോമും ആദ്യദിനം രണ്ട് കോടിക്കടുത്ത് നേടിയിരുന്നു.
ഇന്ത്യയില്‍ ഇതുവരെ 65 കോടിയിലേറെയാണ് ചിത്രം പ്രീ സെയിലിലൂടെ നേടിയത്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുദിവസം മുന്നേ ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുന്നത് ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. പല നഗരങ്ങളിലും സ്‌പൈഡര്‍മാന്റെ യും പ്രൊമോ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയ്ക്ക് മുമ്പ് മാര്‍വലിന്റെ സാമ്പിള്‍ വെടിക്കെട്ടായാണ് പലരും ബ്രാന്‍ഡ് ന്യൂ ഡേയെ കണക്കാക്കുന്നത്. ഡെയര്‍ഡെവിള്‍, പിനഷര്‍, ഹള്‍ക്ക്, ഡിഫന്‍ഡേഴ്‌സ്, സ്‌കോര്‍പിയോണ്‍ തുടങ്ങി പല കഥാപാത്രങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഇതിനൊപ്പം മാര്‍വല്‍ എന്തെങ്കിലും സര്‍പ്രൈസ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്നറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്.
Content Highlight: Spiderman Brand New day got nearly 3 crore from pre sales in Kerala