ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ സിനിമാപ്രേമിയെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റേത്. 2008 മുതല്‍ 2019 വരെ മൂന്ന് ഫെയ്‌സുകളിലായി 21 സിനിമകളിലൂടെ കെട്ടിപ്പടുത്ത ഇന്‍ഫിനിറ്റി സാഗയുടെ പെര്‍ഫക്ട് എന്‍ഡിങ്ങായിരുന്നു എന്‍ഡ് ഗെയിമില്‍ കാണാന്‍ സാധിച്ചത്.

ഓരോ മാര്‍വല്‍ ഫാനിനും പീക്ക് നൊസ്റ്റാള്‍ജിയും അതിനൊപ്പം രോമാഞ്ചവും സമ്മാനിച്ച എന്‍ഡ് ഗെയിം ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയ്ക്ക് മുമ്പ് എന്‍ഡ് ഗെയിം പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ആവേശം വാനോളമാണ്. ഡൂംസ്‌ഡേയുമായി കണക്ട് ചെയ്യുന്ന നാല് മിനിറ്റ് സീനും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം: എന്‍കോര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തും. ഇന്ത്യയില്‍ വമ്പന്‍ സ്വീകരണം തന്നെയാകും എന്‍ഡ് ഗെയിമിന്റെ റീ റിലീസിന് ലഭിക്കുക എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബുക്കിങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം പലയിടത്തം ടിക്കറ്റുകളെല്ലാം സോള്‍ഡ് ഔട്ടായിരിക്കുകയാണ്.

ചെന്നൈ, മുംബൈ പോലുള്ള വലിയ നഗരങ്ങളിലെ ഐമാക്‌സ് സ്‌ക്രീനുകളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇന്ത്യയിലെ റീ റിലീസുകളിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം എന്‍ഡ് ഗെയിമിന് മുന്നില്‍ വീഴുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളില്‍ എന്‍ഡ് ഗെയിം എന്‍കോര്‍ നേടുമെന്നാണ് പ്രവചനങ്ങള്‍.

ഇന്ത്യയിലെ റീ റിലീസുകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ എന്‍ഡ് ഗെയിമും ഇടംപിടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് ഒരുക്കിയ ബാഹുബലി എപിക്കാണ് ലിസ്റ്റിലെ ഒന്നാമന്‍. 51 കോടിയാണ് ചിത്രം നേടിയത്. ഹിന്ദി ചിത്രം സനം തേരി കസം, വിജയ് നായകനായ ഗില്ലി, ഹോളിവുഡ് ക്ലാസിക് ടൈറ്റാനിക് എന്നീ സിനിമകളെ മറികടന്ന് എന്‍ഡ് ഗെയിം ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

എന്‍ഡ് ഗെയിമിന്റെ റീ റിലീസ് ഡൂംസ്‌ഡേയ്ക്ക് ഗുണം ചെയ്‌തേക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 100 കോടി നേടാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ഡൂംസ്‌ഡേയെ വിശേഷിപ്പിക്കുന്നത്. സമീപകാലത്ത് നിരാശപ്പെടുത്തിയ മാര്‍വലിനെ പഴയ പീക്ക് ഫോമില്‍ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Endgame re release is set to break the collection records