ഏഴ് വര്‍ഷം മുമ്പ് ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് പോയ ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. മൂന്ന് ഫെയ്‌സുകളിലായി 22 സിനിമകളിലൂടെ കെട്ടിപൊക്കിയ ഇന്‍ഫിനിറ്റി സാഗയുടെ മനോഹരമായ അവസാനമായിരുന്നു എന്‍ഡ് ഗെയിം. ആവേശവും, രോമാഞ്ചവും കണ്ണീരും സമ്മാനിച്ച ചിത്രം ലൈഫ്‌ടൈം എക്‌സ്പീരിയന്‍സായി മാറി.

ഏഴ് വര്‍ഷത്തിന് ശേഷം എന്‍ഡ് ഗെയിം ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനിലെത്തിയിരിക്കുകയാണ്. പഴയ സിനിമയില്‍ നാല് മിനിറ്റ് എക്‌സ്ട്രാ ഫൂട്ടേജും കൂടി ചേര്‍ത്താണ് എന്‍ഡ് ഗെയിം: എന്‍കോര്‍ എന്ന പേരില്‍ ചിത്രം തിയേറ്ററിലെത്തിയത്. ഡൂംസ്‌ഡേയുമായി കണക്ട് ചെയ്യുന്ന നാല് പോസ്റ്റ് ക്രെഡിറ്റ് സീനുകളാണ് എന്‍കോറിലുള്ളത്.

ഈ നാല് മിനിറ്റ് കാണാന്‍ വേണ്ടി ആരെങ്കിലും വീണ്ടും എന്‍ഡ് ഗെയിമിന് ടിക്കറ്റെടുക്കുമോ എന്ന് റീ റിലീസിന് മുമ്പ് പലരും ചോദിച്ചിരുന്നു. എന്നാല്‍ അത്തരം ചോദ്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ എന്‍ഡ് ഗെയിം: എന്‍കോര്‍ കുതിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഗംഭീര കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്ന് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നു.

ഇന്ത്യയില്‍ നിന്ന് മാത്രം 22 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ബാഹുബലി എപ്പികിനെ മറികടക്കാന്‍ എന്‍ഡ്‌ഗെയിം എന്‍കോറിന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 48 കോടിയായിരുന്നു ബാഹുബലി എപ്പിക് ഇന്ത്യയില്‍ നിന്ന് നേടിയത്. ഇത് മറികടന്നാല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രമാകുമെന്ന് ഉറപ്പാണ്.

നാല് മിനിറ്റ് എക്‌സ്ട്രാ ഫൂട്ടേജ് എന്നതിനെക്കാള്‍ ഒരിക്കല്‍ എക്‌സ്പീരിയന്‍സ് ചെയ്ത സിനിമ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശമാണ് പലര്‍ക്കും. സൂപ്പര്‍ഹീറോ സിനിമക്ക് വേണ്ട എല്ലാ എലമെന്റുകളും കൃത്യമായി ബ്ലെന്‍ഡ് ചെയ്ത സിനിമയാണ് എന്‍ഡ്‌ഗെയിം. ഓരോ സൂപ്പര്‍ഹീറോകള്‍ക്കും കൃത്യമായി സ്‌പേസ് നല്‍കാനും അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.

ഒ.ടി.ടിയില്‍ നൂറ് തവണയിലേറെ കണ്ടിട്ടുള്ള സിനിമയാണെങ്കിലും റീ റിലീസില്‍ പല രംഗങ്ങള്‍ക്കും കൈയടിയുടെ പൂരമായിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക മിയോനിര്‍ പൊക്കുന്ന സീനും, അവഞ്ചേഴ്‌സ് അസംബിള്‍ സീനുമെല്ലാം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. ഏറ്റവുമൊടുവില്‍ ഡൂംസ്‌ഡേയിലേക്ക് കണക്ട് ചെയ്യുന്ന മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീന്‍ കൂടിയായപ്പോള്‍ ആരാധകര്‍ ഡബിള്‍ ഹാപ്പിയായി.

ഡിസംബറില്‍ തിയേറ്ററുകളിലെത്തുന്ന ഡൂംസ്‌ഡേയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ സര്‍പ്രൈസുകളുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. എല്ലാം ഒത്തുവന്നാല്‍ ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 100 കോടി നേടുന്ന ചിത്രമായി ഡൂംസ്‌ഡേ മാറുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight; Avengers Endgame Encore collected more than 20 crores from India