ഡിസംബറില്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഉറപ്പുള്ള ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ ഡൂംസ്‌ഡേ ഇതിനോടകം ഹൈപ്പിന്റെ കൊടുമുടി കയറിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പ് സാമ്പിള്‍ വെടിക്കെട്ടെന്ന നിലക്ക് എന്‍ഡ്‌ഗെയിമിനെ ഡൂംസ്‌ഡേയുമായി കണക്ട് ചെയ്തുകൊണ്ട് റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് മാര്‍വല്‍.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം; എന്‍കോര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വേര്‍ഷനില്‍ നാല് മിനിറ്റോളം വരുന്ന എക്‌സ്ട്രാ ഫൂട്ടേജ് മാര്‍വല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നാളെ (സെപ്റ്റംബര്‍ 25ന്) എന്‍ഡ്‌ഗെയിം എന്‍കോര്‍ തിയേറ്ററുകളിലെത്തും. എന്നാല്‍ ഈ വേര്‍ഷനില്‍ ഡൂംസ്‌ഡേയുമായി കണക്ട് ചെയ്യിക്കുന്ന രംഗങ്ങള്‍ ഇതിനോടകം ലീക്കായിരിക്കുകയാണ്.

ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ്, മിഡ് ക്രെഡിറ്റ്, എന്‍ഡ് ക്രെഡിറ്റ് എന്നിവിടങ്ങളിലായാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗങ്ങളുള്ളത്. എന്‍ഡ് ഗെയിം പോസ്റ്റ് ക്രെഡിറ്റിന്റെ തുടര്‍ച്ചയായി വരുന്ന ഒരു രംഗവും മള്‍ട്ടിവേഴ്‌സ് സാഗയുമായി ബന്ധപ്പെട്ട ഒരു രംഗവുമാണ് ഇതില്‍ പ്രധാനം. എന്നാല്‍ അതിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒന്നാണ് എന്‍ഡ് ക്രെഡിറ്റിലുള്ളത്.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ ഉള്‍പ്പെടുത്താനിരുന്ന ഒരു രംഗമാണ് എന്‍ഡ് ക്രെഡിറ്റിലുള്ളത്. ഡൂംസ്‌ഡേയുമായി കണക്ട് ചെയ്യുന്ന പ്രധാന സീനായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ അവസാനനിമിഷം അത് പിന്‍വലിക്കുകയായിരുന്നു. ഈ സീന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ വരേണ്ടതായിരുന്നു എന്നാണ് ലീക്കായ വീഡിയോ കണ്ടവരുടെ അഭിപ്രായം.

കഴിഞ്ഞദിവസം നടന്ന പ്രീമിയറിന് പിന്നാലെയാണ് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ലീക്കായത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഈ രംഗങ്ങള്‍ കണ്ടുകഴിഞ്ഞു. സാധാരണസ്‌ക്രീനിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ ഉയര്‍ന്ന പൈസ കൊടുത്ത് പ്രീമിയം സ്‌ക്രീനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇതിനോടകം നിരാശരായിരിക്കുകയാണ്.

എന്നാല്‍ നാല് മിനിറ്റ് എക്‌സ്ട്രാ ഫൂട്ടേജിനെക്കാള്‍ ലൈഫില്‍ ഒരുതവണ മാത്രം ആഘോഷിച്ച തിയേറ്റര്‍ മൊമന്റ് ഒരിക്കല്‍ കൂടി അനുഭവിക്കാനാണ് എന്‍ഡ് ഗെയിം റീ റിലീസിന് ടിക്കറ്റെടുത്തതെന്ന് പലരും അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റന്‍ vs ക്യാപ്റ്റന്‍ ഫൈറ്റും അയണ്‍മാന്റെ ഐക്കോണിക് ഹീറോയിസവുമെല്ലാം ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനില്‍ എക്‌സ്പീരിയന്‍സ് ചെയ്യാനായി പലരും കാത്തിരിക്കുകയാണ്.

Content Highlight: Endgame Encore post credit scenes connecting with Doomsday leaked