വിരമിച്ച ഇതിഹാസം ബാഴ്സയിലേക്ക് തിരിച്ചെത്തി; ഇനി പുതിയ കളികൾ മാത്രം
Football
വിരമിച്ച ഇതിഹാസം ബാഴ്സയിലേക്ക് തിരിച്ചെത്തി; ഇനി പുതിയ കളികൾ മാത്രം
സുദേവ് എ
Tuesday, 18th August 2026, 11:47 am

സ്പാനിഷ് ഇതിഹാസം സെര്‍ജിയോ ബുസ്‌ക്വറ്റ്സ് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തി. ഇത്തവണ കളിക്കാരനായല്ല, പരിശീലകന്റെ റോളിലാണ് ബുസ്‌ക്വറ്റ്സ് എത്തുന്നത്. ബാഴ്‌സലോണയുടെ റിസര്‍വ് ടീമായ ബാഴ്‌സ അത്ലറ്റികിന്റെ അസിസ്റ്റന്റ് കോച്ചായാണ് സ്പാനിഷ് ഇതിഹാസം ചുമതലയേറ്റത്.

തന്റെ മാനേജിങ് കരിയറിലെ ആദ്യ ചുവടുവെപ്പാണ് സെര്‍ജിയോ ബുസ്‌ക്വറ്റ്സ് നടത്തുന്നത്. ടീമിന്റെ മുഖ്യ പരിശീലകനും ബാഴ്‌സയിലെ തന്റെ മുന്‍ സഹതാരവുമായി ജൂലിയാനോ ബെല്ലെറ്റിയുടെ കോച്ചിങ് സ്റ്റാഫിനൊപ്പമായിരിക്കും ബുസ്‌ക്വറ്റ്സ് പ്രവര്‍ത്തിക്കുക.

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ബുസ്‌ക്വറ്റ്സ്. 2008ലാണ് ബുസ്‌കെറ്റ്‌സ് ബഴ്സലോണയിലെത്തിയത്. 15 വര്‍ഷത്തെ ബാഴ്സ ജീവിതത്തിനിടെ 722 മത്സരങ്ങളില്‍ കളിക്കാനും 18 ഗോളും 45 അസിസ്റ്റുകളും അക്കൗണ്ടിലാക്കാനും താരത്തിന് സാധിച്ചു.

2023ലാണ് താരം ബാഴ്‌സ വിട്ട് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയത്. മയാമിയില്‍ ഇതിഹാസതാരം ലയണല്‍ മെസിയുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച ബുസ്‌ക്വറ്റ്‌സ് 2025ലാണ് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിയ ബുസ്‌ക്വറ്റ്‌സ് ഇപ്പോള്‍ പുതിയ റോളിലും എത്തിയിരിക്കുകയാണ്. പരിശീലികനായി ഇതിഹാസത്തിന്റെ മടങ്ങിവരവ് ബാഴ്‌സലോണ ആരാധകരിലും ആവേശമുണ്ടാക്കിയിരിക്കുകയാണ്.

അതേസമയം പുതിയ ലാ ലിഗ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 20നാണ് കറ്റാലന്മാര്‍ ലീഗിലെ ആദ്യ മത്സരത്തിറങ്ങുന്നത്. എല്‍ച്ചെയാണ് ടീമിന്റെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തവണ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ ഇത്തവണ ഹാട്രിക് കിരീടമായിരിക്കും ലക്ഷ്യം വെക്കുക.

 

Content Highlight: Spanish legend Sergio Busquets returns to Barcelona as coach

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.