ലോകം ചുവന്നു...മെസിയുടെ കണ്ണീരില്‍ ചവിട്ടി സ്പാനിഷ് പടക്ക് കിരീടം
FIFA World Cup 2026
ലോകം ചുവന്നു...മെസിയുടെ കണ്ണീരില്‍ ചവിട്ടി സ്പാനിഷ് പടക്ക് കിരീടം
സുദേവ് എ
Monday, 20th July 2026, 6:58 am

2026 ഫിഫ ലോകകപ്പ് സ്വന്തമാക്കി സ്‌പെയ്ന്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ന്‍ അര്‍ജന്റീനയെ വീഴ്ത്തി നേടിയത്.

2010ലായിരുന്നു സ്പെയ്ന്‍ ആദ്യമായി ലോക കിരീടം ചൂടിയത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് സ്‌പെയ്ന്‍ ലോകത്തിലെ രാജാക്കന്മാരായി മാറിയത്.

ഈ കിരീട നേട്ടത്തിന് പിന്നാലെ ഒന്നിലധികം ലോക കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിലും സ്പാനിഷ് പട ഇടം നേടി. ബ്രസീല്‍, ജര്‍മനി, അര്‍ജന്റീന, ഇറ്റലി, ഫ്രാന്‍സ് എന്നീ ടീമുകളാണ് ഒന്നിലധികം ലോകകപ്പ് നേടിയിട്ടുള്ളത്.

മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അര്‍ജന്റീനക്കെതിരെ തുടക്കം മുതല്‍ സര്‍വാധിപത്യം പുലര്‍ത്തിയ സ്‌പെയിനിന് ഫിനിഷിങ്ങിലെ പിഴവുകളായിരുന്നു തിരിച്ചടിയായിരുന്നത്.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്നും നിക്കോ വില്യംസ് നല്‍കിയ ഒരു തകര്‍പ്പന്‍ ഹെഡര്‍ പാസില്‍ നിന്നും ടോറസ് ലക്ഷ്യം കാണുകയായിരുന്നു.

2010 ലോകകപ്പിലെ സ്‌പെയിനിന്റെ വിജയ ഗോള്‍ പിറന്നിരുന്നതും എക്‌സ്ട്രാ ടൈമിലൂടെ ആയിരുന്നു. ആന്ദ്രേ ഇനിയെസ്റ്റയാണ് സ്‌പെയിനിന് വേണ്ടി ലക്ഷ്യം കണ്ടത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു എക്‌സ്ട്രാ ടൈം ഗോളിലൂടെ സ്‌പെയ്ന്‍ വീണ്ടും ലോകം കീഴടക്കുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ 10 ആളുകളുമായാണ് ലയണല്‍ മെസിയും സംഘവും പന്തുതട്ടിയത്.

ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്‌പെയ്‌നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.

മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും സ്പാനിഷ് പടയുടെ സര്‍വ്വാധിപത്യമായിരുന്നു. 20 ഷോട്ടുകളാണ് സ്‌പെയിന്‍ അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.

ഇതില്‍ 11 ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് അര്‍ജന്റീനയുടെ മുന്നേറ്റനിര മത്സരത്തില്‍ നിരാശപ്പെടുത്തി. ഒറ്റ ഷോട്ട് പോലും സ്‌പെയ്‌നിന്റെ പോസ്റ്റിലേക്ക് എത്തിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചില്ല. മൂന്ന് ഷോട്ടുകള്‍ മാത്രമാണ് സ്പാനിഷ് പോസ്റ്റിലേക്ക് ഉന്നം വെക്കാനായത്.

 

Content Highlight: Spain defeats Argentina and win 2026 FIFA World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.