കൊച്ചി: സ്ഫടികം രണ്ടാം ഭാഗം ഒരുക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്‍ മനീഷ് നാരായണനും. കിലുക്കത്തിലെ ജോജിയോടും, സാമ്രാജ്യത്തിലെ അലക്സാണ്ടറിനോടും ചെയ്ത ചതി ആട് തോമയോട് കാണിക്കരുത്, തോമാ ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഫടികം 2 എന്ന പേരില്‍ രണ്ടാം ഭാഗം സിനിമ നിര്‍മ്മിക്കുമെന്ന് ചിലര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം സിനിമാ പ്രേമികള്‍ക്കിടയില്‍ നിന്ന് ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിഷേധവുമായി മനീഷ് നാരായണനും എത്തിയത്.
ചാക്കോ മാഷിന് കണക്കിലും കണക്കുകൂട്ടലിലും ഒരു പോലെ പിഴച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ. ഭൂഗോളത്തിന്റെ സ്പന്ദനമാണ് മാത്തമാറ്റിക്‌സ് എന്ന് വിശ്വസിക്കുകയും അത് തല്ലിപ്പഠിപ്പിക്കുകയും ചെയ്ത ചാക്കോ മാഷിനെ ഒടുവില്‍ ജീവിതത്തിന്റെ ഗണിതശാസ്ത്രം പഠിപ്പിച്ചെടുത്ത ഒന്നരച്ചക്രത്തിന്റെ ഗുണ്ട അതുപോലെ നിലനില്‍ക്കട്ടെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സ്ഫടികത്തിന് രണ്ടാം ഭാഗം വരില്ലെന്ന് തന്നെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
കിലുക്കത്തിലെ ജോജിയോടും, സാമ്രാജ്യത്തിലെ അലക്സാണ്ടറിനോടും ചെയ്ത ചതി ആട് തോമയോട് കാണിക്കരുത്, തോമാ ക്ഷമിക്കില്ല.
ചാക്കോ മാഷിന് കണക്കിലും കണക്കുകൂട്ടലിലും ഒരു പോലെ പിഴച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ. ഭൂഗോളത്തിന്റെ സ്പന്ദനമാണ് മാത്തമാറ്റിക്‌സ് എന്ന് വിശ്വസിക്കുകയും അത് തല്ലിപ്പഠിപ്പിക്കുകയും ചെയ്ത ചാക്കോ മാഷിനെ ഒടുവില്‍ ജീവിതത്തിന്റെ ഗണിതശാസ്ത്രം പഠിപ്പിച്ചെടുത്ത ഒന്നരച്ചക്രത്തിന്റെ ഗുണ്ട അതുപോലെ നിലനില്‍ക്കട്ടെ.
എന്ത് കൊണ്ട് ആട് തോമയ്ക്ക് രണ്ടാം ഭാഗമില്ല എന്ന ചോദ്യത്തിന് ഭദ്രന്‍ തന്നെ നല്ല മറുപടി നല്‍കിയിട്ടുണ്ട്. നിര്‍മ്മല്‍ സുധാകരന്‍ നടത്തിയ അഭിമുഖത്തില്‍
സ്ഫടികം” ഇറങ്ങി ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഗുഡിനൈറ്റ് മോഹന്‍ ഒരു ഓഫറുമായി വന്നു. എനിക്ക് ഒരു മെര്‍സിഡിസ് ബെന്‍സ് നല്‍കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെറും ബെന്‍സല്ല, ഇന്ത്യാ മഹാരാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ബെന്‍സ്..അത് എനിക്ക് തരാന്‍ പോവുകയാണെന്ന് പറഞ്ഞു. നല്ല കാര്യമെന്ന് ഞാനും പറഞ്ഞു. എന്നിട്ടദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ സ്ഫടികം രണ്ടാം ഭാഗം എടുക്കുന്നു” എന്ന്. അദ്ദേഹത്തിന് രണ്ട് ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് മോഹന്‍ലാലിനെ റെയ്ബാന്‍ ഗ്ലാസ് വെപ്പിക്കണം. ചുവപ്പും കറുപ്പും വസ്ത്രം ധരിപ്പിക്കണം. രണ്ടാമത് തുണി പറിച്ച് അടിക്കണം. ഞാന്‍ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് ചിരിച്ചു. അദ്ദേഹം ചോദിച്ചു എന്തിനാണ് ചിരിക്കുന്നതെന്ന്. “you have not understood” എന്ന് ഞാന്‍ പറഞ്ഞു. അതെന്താണ് അങ്ങനെയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, തോമ ഉടുത്തിരുന്ന ചുവപ്പ് അവനിലെ പരാക്രമിയുടെ രക്തമായിരുന്നു. മങ്ങിപ്പോയ അവന്റെ ജീവിതമാണ് കറുപ്പ്. പിന്നെ അടിച്ച് തുണിപറിക്കുന്നത്. അത് ഞങ്ങള്‍ കിഴക്കന്മാര്‍ അങ്ങനെയാ. പക്ഷേ അവസാനം ആട് തോമ ഇതെല്ലാം എന്നെന്നേക്കും ഉപേക്ഷിക്കുകയല്ലേ? രാവുണ്ണി മാസ്റ്റര്‍ തന്റെ മകളെ കൈപിടിച്ചേല്‍പ്പിച്ച് ഇനി നീ ആ വഴിക്ക് പോകരുത് എന്നല്ലേ പറയുന്നത്? അവന്റെ ലോറിയുടെ നെറ്റിയില്‍ “ചെകുത്താന്*” എന്ന് എഴുതിവെച്ച ചാക്കോ മാഷ് അത് തിരുത്തി മകന് “സ്ഫടിക”മായിരുന്നു എന്ന് തിരിച്ചറിയുന്നില്ലേ?. അയാള് ജയിലില് നിന്നിറങ്ങും. പക്ഷേ പുറത്തിറങ്ങുമ്പോള് അയാള്‍ക്കൊരു പെണ്ണുണ്ട്. അയാളെ പൂര്‍ണമായി മനസിലാക്കിയ ഒരുവള്‍.. “വെടിവെച്ചാല് പൊട്ടുന്ന കരിമ്പാറയെ നീ ഒന്ന് കുലുക്കിയെടീ” എന്നാണ് തോമ അവളോട് പറഞ്ഞത്. അങ്ങനെ മനുഷ്യബന്ധങ്ങളുടെ എത്രയെത്ര തലങ്ങളുണ്ട് അതില്.. നിങ്ങള് അത് മനസിലാക്കിയിട്ടില്ല എന്ന് മോഹനോട് ഞാന് പറഞ്ഞു. ഒരു റൗഡിയെക്കുറിച്ചുള്ള സിനിമയല്ലല്ലോ അത്. ബെന്‌സൊന്നും എനിക്ക് എക്‌സൈറ്റ്‌മെന്റ് അല്ലെന്നും ഞാന് പറഞ്ഞു. കുട്ടിക്കാലം തൊട്ടേ ബെന്‌സിലും കാഡിലാക്കിലും ഡ്യൂക്കിലുമൊക്കെ നമ്മള് കയറിയിട്ടുണ്ട്. ബെന്‌സിലൊന്നുമല്ല കാര്യം.
സ്ഫടികത്തിന് രണ്ടാം ഭാഗം വരില്ലെന്ന് തന്നെ പ്രതീക്ഷ.
ഒരിക്കല്‍ നിങ്ങളവന് വേണ്ടി കരയും .. ബെഞ്ച് തുടപ്പിച്ച തൂവാല കൊണ്ട് കണ്ണീരൊപ്പും
